|    Feb 22 Wed, 2017 3:20 am
FLASH NEWS

ചാവക്കാട്ടെ ഗതാഗത പരിഷ്‌കാരം; വണ്‍വേ സംവിധാനം തുടരുമെന്ന് നഗരസഭാ ചെയര്‍മാന്‍

Published : 28th October 2016 | Posted By: SMR

ചാവക്കാട്: ടൗണില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരത്തിലെ വണ്‍വേ സംവിധാനം തുടരുമെന്ന് നഗരസഭാ ചെയര്‍മാന്‍. എന്നാല്‍ കാറുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങളെ വണ്‍വേയില്‍ നിന്നും ഒഴിവാക്കണമെന്ന് ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഗതാഗതപരിഷ്‌കാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഗതാഗത പരിഷ്‌കാരത്തെ അനുകൂലിച്ചും എതിര്‍ത്തും വിവിധ സംഘടനാ നേതാക്കള്‍ രംഗത്തെത്തി.  യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാമെന്നും നാറ്റ്പാക്കിനെ ഏല്‍പ്പിച്ച് ശാസ്ത്രീയ ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്നത് ആലോചിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അറിയിച്ചു. തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന നീക്കത്തില്‍ നിന്നു നഗരസഭാധ്യക്ഷന്‍ പിന്മാറണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമീദ് പറഞ്ഞു. കൊടുങ്ങല്ലൂര്‍, പൊന്നാനി ഭാഗത്തു നിന്നു വരുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്നായിരുന്നു പ്രധാന പരാതി. കോടികള്‍ ചെലവാക്കി നിര്‍മിച്ച ബസ് സ്റ്റാന്‍ഡ് നോക്കുകുത്തിയാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഗതാഗത പരിഷ്‌കാരം മൂലം ഗതാഗത കുരുക്ക് ഒഴിവായെന്ന് പല അംഗങ്ങളും പറഞ്ഞപ്പോള്‍ വാഹനങ്ങളുടെ അമിതവേഗം മൂലം വഴിയാത്രികര്‍ക്ക് റോഡ് മുറിച്ച് കടക്കാനാകില്ലെന്ന ആക്ഷേപം മറുപക്ഷം ഉയര്‍ത്തി. ഗതാഗത പരിഷ്‌കാരത്തെ വ്യാപാരി വ്യവസായി സമിതി സ്വാഗതം ചെയ്തു. വണ്‍വേ മാറ്റരുതെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വരും ദിവസം നടക്കുന്ന ട്രാഫിക് ക്രമീകരണ സമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. സിഐ കെ ജി സുരേഷ്, എസ്‌ഐ എം കെ രമേഷ്, എംവിഐ ഇബ്രാഹിംകുട്ടി, ഡപ്യൂട്ടി തഹസില്‍ദാര്‍ പ്രേംചന്ദ്, നഗരസഭ സെക്രട്ടറി എം കെ ഗിരീഷ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ വി അബ്ദുല്‍ ഹമീദ്, ജോജി തോമസ്, കെ കെ സേതുമാധവന്‍, കെ എ ജയതിലകന്‍, കെ വി മുഹമ്മദ്, ചന്ദ്രന്‍ ചുളളിപറമ്പില്‍, ഷജീര്‍ പുന്ന, ടി എസ് ദാസന്‍, പി വി ബിജു, ഷംസുദ്ദീന്‍, ജയപ്രകാശ്, സെയ്താലി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക