|    Jul 24 Mon, 2017 6:23 am
FLASH NEWS

ചാവക്കാട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു

Published : 1st September 2016 | Posted By: SMR

ചാവക്കാട്: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാവുന്നു. നഗരത്തില്‍ പുതുതായി ട്രാഫിക് ക്രമീകരണം നടത്താന്‍ തീരുമാനം. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ചേര്‍ന്ന ട്രാഫിക് ക്രമീകരണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. പൊന്നാനി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ട്രാഫിക് ഐലന്റില്‍ നിന്നും ചേറ്റുവ റോഡിലേക്ക് തിരിയുന്നതിനു പകരം വടക്കേ ബൈപ്പാസ് വഴി ബസ് സ്റ്റാന്റിനു മുന്നിലൂടെ തെക്കെ ബൈപ്പാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകണം.
ട്രാഫിക് ഐലന്റില്‍ നിന്നും ഏനാമാവ് റോഡിലേക്കും വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. പാവറട്ടി ഭാഗത്ത് നിന്നും ഗുരുവായൂര്‍, കുന്ദംകുളം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സ്റ്റാന്റില്‍ കയറി തെക്കെ ബൈപ്പാസ് വഴി ട്രാഫിക് ഐലന്റിലൂടേയാണ് പോകേണ്ടത്.
എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ബിആര്‍ഡി ജങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബസ് സ്റ്റാന്റില്‍ കയറാതെ നേരെ ടൗണില്‍ പ്രവേശിച്ച് യാത്രക്കാരെ ഇറക്കി മെയിന്‍ റോഡ് വഴി പോവണം. സപ്തംബര്‍ ഏഴു മുതല്‍ ട്രാഫിക് പുനര്‍ക്രമീകരണം നടപ്പില്‍ വരും.
നഗരത്തിലെഅനധികൃത പാര്‍ക്കിങ്, കച്ചവടം, കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിനും ഏനാമാവ് റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റി ഇറക്കുന്നത് മൂലം ഉണ്ടാവുന്ന ട്രാഫിക് തടസ്സം ഒഴിവാക്കുന്നതിനായി സമയ ക്രമീകരണം ഏര്‍പ്പെടുത്തുവാനും യോഗം തീരുമാനിച്ചു.
വഴിയോരകച്ചവടക്കാര്‍ക്ക് സ്ഥലം കണ്ടത്തി പുനരധിവസിപ്പിക്കും. കാല്‍നട യാത്രകാര്‍ക്ക് റോഡു മുറിച്ച് കടക്കാന്‍ സീബ്രലൈന്‍ വരക്കുന്നതിനും പാര്‍ക്കിങ് നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ബസ്ഉടമ, ബസ്‌തൊഴിലാളി, വ്യാപാര വ്യവസായി ഏകോപന സമിതി, വിവിധ ട്രേഡ് യൂണിയന്‍, ഹോട്ടല്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. നഗസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ചാവക്കാട് സിഐ കെ ജി സുരേഷ്, എസ് ഐ എം കെ രമേഷ്, ആര്‍ഡിഒ പ്രതിനിധീകരിച്ച് തോമസ്, പിഡബ്ല്യുഡി അസി. എന്‍ജിനിയര്‍ സംഗീത, നഗസഭ കൗണ്‍സിലര്‍മാരായ എ എച്ച് അക്ബര്‍, കെ എച്ച് സലാം, കെ എസ് ബാബുരാജ്, വ്യാപാര വ്യവസായി പ്രതിനിധി കെ വി അബ്ദുല്‍ഹമീദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക