|    Aug 21 Mon, 2017 10:16 am

ചാവക്കാടിന്റെ രാവുകള്‍ക്ക് ഇനി കാല്‍പന്ത് കളിയുടെ ആരവം

Published : 22nd November 2016 | Posted By: SMR

ചാവക്കാട്: ചരിത്രമുറങ്ങുന്ന ചാവക്കാടിന്റെ രാവുകള്‍ക്ക് ഇനി കാല്‍പന്ത് കളിയുടെ ആരവം. ഫുട്‌ബോളിന്റെ ആവേശവും ആരവവും ആരാധകരില്‍ നിറച്ച് പ്രചര കള്‍ച്ചറല്‍ ട്രസ്റ്റ് ചാവക്കാട് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. ഇടക്കാലത്ത് നഷ്ടപ്പെട്ട ഫുട്‌ബോള്‍ ആവേശം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രചര കള്‍ച്ചറല്‍ ട്രസ്റ്റ് മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് ടൂര്‍ണമെന്റൊരുക്കിയിട്ടുള്ളത്. ഏതാണ്ട് ഒരു പതിറ്റാണ്ടിന് ശേഷമാണ് ചാവക്കാട്ട് ഇത്രവിപുലമായി കാല്‍പന്തുകളി മല്‍സരം സംഘടിപ്പിക്കുന്നത്. പേരെടുത്ത വിവിധ ടീമുകള്‍ക്കായി വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കളത്തിലിറങ്ങുന്ന മല്‍സരം കാണാന്‍ നിരവധി പേരാണ് ആദ്യദിനം തന്നെ എത്തിയത്. ദിവസം മൂവ്വായിരത്തിലധികം പേരെങ്കിലും കളികാണാന്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കാല്‍പന്തുകളിയുടെ സമ്പന്ന ഭൂതകാലം ചാവക്കാടിന് അവകാശപ്പെടാനുണ്ട്. എന്നാല്‍, കളിക്കളം കിട്ടാതായതോടെ ഇത് ഇല്ലാതാകുകയായിരുന്നു. ആ ഭൂതകാലം തിരിച്ച് പിടിക്കാനുള്ള ആഗ്രഹത്തോടെയാണ് ഇപ്പോള്‍ ഫുട്ബോള്‍ മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. അപ്പോഴും കളിക്കളം തന്നെയായിരുന്നു പ്രശ്‌നം. എന്നാല്‍ ചാവക്കാട് നഗരസഭ സഹകരിച്ചതോടെ നഗരസഭ ഗ്രൗണ്ടില്‍ തന്നെ മല്‍സരം ആരംഭിക്കുകയായിരുന്നു. ഫിഫ മഞ്ചേരി, എഫ്‌സി ആലുക്കാസ് തൃശൂര്‍, പവര്‍ ഡിപ്പോ തൃശൂര്‍, എഫ് സി മുംബൈ, ഹണ്ടേഴ്‌സ് കൂത്തുപറമ്പ്, ശാസ്ത മെഡിക്കല്‍സ് തൃശൂര്‍, മെഡിഗാര്‍ഡ് അരിക്കോട്, അല്‍ മദീന ചെര്‍പ്പുളശേരി, സ്്‌കൈ ബ്ലൂ എടപ്പാള്‍, ജിംഖാന തൃശൂര്‍, ഫിറ്റ് വെല്‍ കോഴിക്കോട്, ജയ ബേക്കേഴ്‌സ് തൃശൂര്‍, അല്‍ മിന്‍ഹാല്‍ വശാഞ്ചേരി, സൂപ്പര്‍ സ്റ്റൂഡിയോ മലപ്പുറം, എഫ് സി ഗോവ തുടങ്ങി ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്. വിപുലമായ ഒരുക്കങ്ങളാണ് ടൂര്‍ണമെന്റിനായി നടത്തിയിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക