|    Oct 20 Sat, 2018 1:49 pm
FLASH NEWS

ചാലിയാറില്‍ കക്കൂസ് മാലിന്യം തള്ളി കുടിവെള്ളം മലിനപ്പെടുത്തുന്നതായി കണ്ടെത്തി

Published : 19th September 2017 | Posted By: fsq

 

കൃഷ്ണന്‍ ‘എരഞ്ഞിക്കല്‍

അരീക്കോട്:   അരീക്കോട് പഞ്ചായത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ പുഴയില്‍ തള്ളി കുടിവെള്ളം മലിനപ്പെടുത്തുന്നതായി സര്‍വ്വേയില്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അരീക്കോട് പഞ്ചായത്ത് നടത്തിയ സര്‍വ്വേയിലാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായ വിധത്തില്‍ പൊതുയിടങ്ങളില്‍ തള്ളുന്നതായി കണ്ടെത്തിയത്. അരീക്കോട് കിളികല്ലിങ്ങല്‍ ഭാഗത്ത് നിന്നാണ് കാവനൂര്‍ പഞ്ചായത്ത്, മഞ്ചേരി മുനിസിപ്പാലിറ്റി ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തുന്നത്. അരീക്കോട് ചീക്കോട് കുടിവെള്ള പദ്ധതി, കിഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, വാഴക്കാട്, എടവണ്ണപ്പാറ ഭാഗങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികള്‍ ചാലിയാറില്‍ നിന്നുള്ളതാണ്. സ്വജല്‍ധാര, ജലനിധി പദ്ധതികളും ചാലിയാറിനെ ആശ്രയിച്ചാണ്. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ള ജലമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നതെന്നും മുന്‍പ ്ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കോളി ഫോം ബാക്ടീരിയയുടെ അമിതമായ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചാലിയാറിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴായിരത്തി അഞ്ഞൂറോളം വീടുകളുള്ള അരീക്കോട് പഞ്ചായത്തില്‍ 6986 വീടുകളിലാണ് കുടുംബശ്രീ എന്‍എസ്എസ് സന്നദ്ധ സംഘങ്ങള്‍ സര്‍വ്വേ നടത്തിയത്. 394 വീടുകളിലെ കക്കൂസ് മാലിന്യങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുകയും രാത്രിയില്‍ സെപ്ടിക് ടാങ്ക് ശുചികരിച്ച് തൊട്ടടുത്ത ചാലിയാറിലാണ് തള്ളുന്നത്. ടാങ്കര്‍ ലോറികളില്‍ കക്കൂസ്മാലിന്യം കയറ്റി ചെറുവാഹനങ്ങളിലാക്കി മണല്‍ വാരിയിരുന്ന കടവുകളില്‍ എത്തിച്ച് പുഴയില്‍ തള്ളുന്നതായാണ് വിവരം.  ചാലിയാര്‍ പുഴയില്‍ നിന്ന് കുളിക്കാനും മറ്റുമായി ആശ്രയിക്കുന്നവര്‍ നിരവധിയാണ്. കക്കൂസ് മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുകുന്നത് രോഗങ്ങള്‍ പടരാന്‍ സാധ്യതക്ക് കാരണമാണ്. അരീക്കോട് വ്യാപാര സ്ഥാപനങ്ങള്‍, പൊതു മാര്‍ക്കറ്റ് അരീക്കോട് കംഫര്‍ട്ട് സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് മലിനജലം പഞ്ചായത്ത് അറിവോടെ ഓടകളിലുടെ ചാലിയാറിലേക്കാണ് ഒഴുക്കുന്നത്. അരീക്കോട് സ്വകാര്യ വ്യക്തിയുടെ കിണറില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ നേരത്തെ തേജസ് വാര്‍ത്ത വന്നിരുന്നതിന് ശേഷം പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു. അരീക്കോട് പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണ് കക്കൂസ് മാലിന്യം തള്ളുന്നതെന്നും ചാലിയാറിനെ മലിനപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര ഉത്തരവാദികളാണെന്നും കുടിവെള്ളം മലിനപ്പെടുത്താന്‍ കൂട്ട് നിന്ന  ബന്ധപ്പെട്ടവര്‍ക്കെതിരെപരാതി സമര്‍പ്പിക്കുമെന്ന് അരീക്കോട് മേഖലാ ജല സുരക്ഷാസമിതി കണ്‍വീനര്‍ കെ എം സലിം അറിയിച്ചു.പഞ്ചായത്തിന്റെ ശ്രദ്ധ കുറവ് മൂലം ജനവാസ മേഖലയും പുഴയും മലിനപ്പെടുത്തുന്നത് ആരോഗ്യ മേഖലയെ തകര്‍ച്ചക്ക് കാരണമാകുന്നതു കൊണ്ട് അടിയന്തിര നടപ്പടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിക്കും പരാതി സമര്‍പ്പിച്ചതായി അരീക്കോട് മേഖലാ ജലസുരക്ഷാസമിതി ഭാരവാഹികള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss