|    Jul 26 Wed, 2017 8:24 pm
FLASH NEWS

ചാലിയാര്‍ റിവര്‍ ചലഞ്ചിന് ആവേശത്തുടക്കം

Published : 24th September 2016 | Posted By: SMR

നിലമ്പൂര്‍: ‘ചാലിയാര്‍ റിവര്‍ ചലഞ്ച്-16ന് നിലമ്പൂരില്‍ ഉജ്ജ്വല തുടക്കം. സംസ്ഥാനത്തെ നദികളുടെ സംരക്ഷണ ആവശ്യകത ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെയും കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെ കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ‘ചാലിയാര്‍ റിവര്‍ ചലഞ്ച്-16’ എന്ന പേരില്‍ ദീര്‍ഘദൂര കയാക്കിങ് യാത്ര സംഘടിപ്പിച്ചത്. യാത്ര മാനവേഥന്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്തുള്ള കടവില്‍ വൈകീട്ട് 3ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉദ്ഘാടനം ചെയ്തു.
ചാലിയാര്‍ ക്ലീന്‍ റിവേഴ്‌സ് പദ്ധതിയുടെ ഉദ്ഘാടനം പി വി അബ്ദുള്‍ വഹാബ് എംപി നിര്‍വഹിച്ചു. ആര്യാടന്‍ ഷൗക്കത്ത്, ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗശിക്ക് കോടിത്തോടി പങ്കെടുത്തു. ഇന്നലെ ചാലിയാര്‍ നദിയിലൂടെ നടത്തിയ എട്ട് കിലോ മീറ്റര്‍ യാത്രയില്‍ 500 കിലോ മാലിന്യമാണ് സംഘം ശേഖരിച്ചത്. കയാക്കിങ്ങില്‍ ചാലിയാര്‍ പുഴയില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം വേര്‍തിരിച്ച് റീസൈക്ലിങ്ങിന് അയക്കാന്‍ വേണ്ട നടപടികളെടുക്കുമെന്ന് ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് ചെയര്‍മാന്‍ ബ്രിജേഷ് ഷൈജല്‍ പറഞ്ഞു. ഇന്നലെ നിലമ്പൂര്‍ മാനവേഥന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പീവീസ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി നദീ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും നടത്തി. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പ്രമുഖ കയാക്കിങ് താരം കൗസ്തുബ് കാഡെയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അമ്പതോളമാളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്.
ഇതില്‍ ആറ് കുട്ടികളും അഞ്ച് സ്ത്രീകളുമുണ്ട്. ഇന്ന് മമ്പാട് നിന്ന് മുപ്പത് കിലോ മീറ്റര്‍ ചാലിയാറിലൂടെ യാത്ര നടത്തുന്ന സംഘം നദിയിലെ മാലിന്യം ശേഖരിക്കും. പിന്നീട് അതിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തും. നദിയുടെ സമീപ പ്രദേശങ്ങളിലുള്ള പത്തോളം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നദീ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് എടവണ്ണപ്പാറയ്ക്ക് സമീപം മുറിഞ്ഞമാട് സംഗീത വിരുന്നും അരങ്ങേറും. രാവിലെ 5 മുതല്‍ 12 വരെയും വൈകീട്ട് 3 മുതല്‍ 6 വരെയുമാണ് കയാക്കിങ് ഉണ്ടാവുക. പല തരം കയാക്കുകളിലൂടെ സാഹസികമായി നടത്തുന്ന ബോധവല്‍ക്കരണ യാത്ര 25ന് വൈകീട്ട് 5.30ന് ബേപ്പൂരില്‍ സമാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക