|    Aug 22 Wed, 2018 11:21 am
FLASH NEWS

ചാലിയാര്‍ കരകവിഞ്ഞു; മാവൂര്‍ ഒറ്റപ്പെട്ടു

Published : 10th August 2018 | Posted By: kasim kzm

മാവൂര്‍: ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ചാലിയാര്‍ കരകവിഞ്ഞു മാവൂരും പരിസരപ്രദേശങ്ങളും ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വിവിധ റോഡുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. വിവിധ പ്രദേശങ്ങളിലായി മൂന്നൂറോളം വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. പഞ്ചായത്തില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ഫയര്‍ഫോഴ്‌സ് -പോലിസ് സംവിധാനങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്. കച്ചേരിക്കുന്ന്, കുറ്റിക്കടവ്, വളയന്നൂര്‍, ചെട്ടിക്കടവ് മണന്തലക്കടവ്, ആയംകുളം, കല്പള്ളി, തെങ്ങിലക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയിട്ടുണ്ട്. വളയന്നൂര്‍ എല്‍പി സ്‌കൂള്‍, കച്ചേരിക്കുന്ന് സാംസ്‌കാരിക നിലയം എന്നിവിടങ്ങൡലാണ് ക്യാംപുകള്‍ തുറന്നത്. കൂടാതെ-മാവൂര്‍ ജിഎംയുപി സ്‌കൂള്‍ മണക്കടവ് സ്‌കൂള്‍ എന്നീ സ്ഥലങ്ങള്‍ ക്യാംപുകള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
മാവൂര്‍-മണന്തലക്കടവ്-മാവൂര്‍-കണ്ണിപ്പറമ്പ്, തെങ്ങിലക്കടവ്-കണ്ണിപ്പറമ്പ്, കല്‍പള്ളി-ആയംകുളം പൈപ്പ്‌ലൈന്‍ റോഡ്-പള്ളിയോള്‍ റോഡ് തുടങ്ങിയ റോഡുകള്‍ വെള്ളത്തിനടിയിലായത് ഏറെ യാത്രാ ക്ലേശം സൃഷ്ടിച്ചു. നാലു സ്ഥലങ്ങളില്‍ തോണി സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ചെറുവാടി-അരീക്കോട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ കൂളിമാട് വെള്ളം കയറിതിനെതുടര്‍ന്ന് മാവൂരില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. സിറ്റി പോലിസിന്റെ സ്‌ട്രൈക്കിങ് ഫോഴ്‌സ് മാവൂരിലെത്തി അപകടാവസ്ഥയിലുള്ള റോഡുകളിലെ ഗതാഗതം തടഞ്ഞിട്ടുണ്ട്. മാവൂര്‍-കോഴിക്കോട് പ്രധാന റോഡിലും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഇതേ അവസ്ഥ തുടര്‍ന്നാല്‍ രാത്രിയോടെ കോഴിക്കോട് ഭാഗത്തേക്കുള്ള ഗനതാഗതവും സ്തംഭിക്കും. വിവിധ ഭാഗങ്ങളിലായി നിരവധി കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss