|    Nov 16 Fri, 2018 12:53 pm
FLASH NEWS

ചാലിയാര്‍ കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളത്തിലായി

Published : 15th August 2018 | Posted By: kasim kzm

അരീക്കോട്: മഴ വീണ്ടും ശക്തമായി ചാലിയാര്‍ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളത്തിലായി. തിങ്കളാഴ്ച അര്‍ദ്ധ രാത്രി തുടങ്ങിയ മഴക്ക് ശമനം ഇല്ലാതെയായതോടെ ജനം പൊറുതിമുട്ടുകയാണ്. വിദ്യാലയങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി നല്‍കിയിരുന്നു.
ഇടക്കിടെയുണ്ടാകുന്ന ഒറ്റപെട്ട ഉരുള്‍പൊട്ടല്‍ കാരണം ചാലിയാറില്‍ വെള്ളം നിറയുകയാണ്. തിങ്കളാഴ്ച നിലമ്പൂര്‍ ആഡ്യന്‍പാറയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് വെള്ളം അധികരിക്കാന്‍ പ്രധാന കാരണം. കൂടാതെ വിവിധ മേഖലകളില്‍ നീരൊഴുക്ക് അധികരിച്ചിട്ടുണ്ട്.
ഏറനാട്, നിലമ്പൂര്‍ താലൂക്കുകള്‍ ഇന്നലെ ഉച്ചയോടെ പൂര്‍ണമായും ഓറ്റപെട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ വെള്ളപൊക്കത്തിന്റെ നാശം കണകാക്കുന്നതിനിടയിലാണ് വീണ്ടും പേമാരിയെത്തിയത്. നേരത്തെ വിവിധ ക്യാംപുകളില്‍ വസിച്ചവര്‍ ഞായറാഴ്ചയോടെ സ്വന്തം വീടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അവര്‍ ഇന്നലെ വീണ്ടും ക്യാംപുകളിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. മഴ ശക്തമാവുകയാണെങ്കില്‍ നിലവില്‍ ഒരുക്കിയ ക്യാംപുകള്‍ തികയില്ലന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ഊര്‍ങ്ങാട്ടീരി ഓടക്കയം സ്‌കൂളില്‍ ആദിവാസികള്‍ക്കായി ഒരുക്കിയിരുന്ന ക്യാംപിലെ ഏതാനും അംഗങ്ങള്‍ മടങ്ങിപോയിരുന്നുവെങ്കിലും മഴ ശക്തമായതിനെ തുടര്‍ന്ന് ഉരുള്‍ പൊട്ടല്‍ ഭീതിഭയന്ന് ഇവരെ വീണ്ടും ക്യാംപുകളിലേക്ക് എത്തിച്ചിരിക്കുയാണ്. ക്യാംപുകളിലെല്ലാം ഇന്നലെ മെഡിക്കല്‍, റവന്യൂ സംഘങ്ങള്‍ പരിശോധന നടത്തി. ഇവിടങ്ങളില്‍ വിവിധ സന്നദ്ധ സംഘടകളുടെ സഹായവും എത്തുന്നുണ്ട്. എസ്‌വൈഎസ് അരീക്കോട് സോണ്‍ സംഘം ക്യാംപില്‍ എത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കി. സെക്രട്ടറി പനോളി മൂസ നേതൃത്വം നല്‍കി.

അരീക്കോട്, കീഴുപറമ്പ്, ഊര്‍ങ്ങാട്ടീരി, ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിലെ കൃഷികളെല്ലാം വെള്ളത്തിലായിട്ടുണ്ട്. ചാലിയാറില്‍ വെള്ളം നിറഞ്ഞതിനാല്‍ കവണകല്ല് റഗുലേറ്റര്‍ കംബ്രിഡ്ജ് പൂര്‍ണമായും തുറന്നിരിക്കുകയാണ്. ബലിപെരുന്നാള്‍, ഓണം ആഘോഷങ്ങള്‍ അടുത്തതോടെ മഴകാരണം സാധനങ്ങള്‍ വില ഉയരുമെന്ന് വ്യാപാരികളും പറയുന്നു.

ചാലിയാര്‍ പഞ്ചായത്തിലേക്കുള്ള പ്രധാന പാതയില്‍ റോഡ് തകര്‍ന്നു
നിലമ്പൂര്‍ : നിലമ്പൂരില്‍ നിന്നും ചാലിയാര്‍ പഞ്ചായത്തിലേക്കുള്ള പ്രധാന പാതയില്‍ റോഡു തകര്‍ച്ച. മൈലാടി റോഡ് ജംഗ്ഷനു സമീപം പകുതിയോളം ഭാഗമാണ് വെള്ളം കയറി തകര്‍ച്ച നേരിട്ടത്. റോഡിലുള്ള ഓവുപാലത്തിനു സമീപമാണ് തകര്‍ച്ച. റോഡിന്റെ വിള്ളല്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടന്ന് വിദഗ്ധ പരിശോധന നടത്തി. റോഡ് പൂര്‍വസ്ഥിതിയിലാക്കുന്നതിന് പ്രവര്‍ത്തികളും കരാറുകാരന്റെ നേതൃത്വത്തില്‍ നടത്തുകയും ചെയ്തു. റോഡിനടിയിലേക്ക വെള്ളം കയറി തകര്‍ച്ച നേരിടുന്നത് ഒറ്റ നോട്ടത്തില്‍ ശ്രദ്ധയില്‍ പെടാത്ത വിധമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ സമയം ഇത്തരത്തില്‍ നിലനിന്നിരുന്നെങ്കില്‍ റോഡ് രണ്ടായി പിളരാനുള്ള സാധ്യതയാണുണ്ടാവുക. കാലവര്‍ഷക്കെടുതി മൂലം ദുരിതാശ്വാസ ക്യാംപുകള്‍ അടക്കം പ്രവര്‍ത്തിക്കുന്ന എരഞ്ഞിമങ്ങാട്, അകമ്പാടം പ്രദേശത്തേക്കും ദുരിതബാധിത മേഖലകളിലേക്ക് സുരക്ഷാ വാഹനങ്ങളും നാട്ടുകാരും അടക്കം നിരവധി വാഹനങ്ങള്‍ പോകുന്ന പാതയിലാണ് തകര്‍ച്ച ഉണ്ടായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss