|    Jan 19 Thu, 2017 8:41 pm
FLASH NEWS

ചാലയില്‍ മാലിന്യം തള്ളാനെത്തിയ പട്ടാളക്കാരെ തടഞ്ഞു; പാചകവാതക സിലിണ്ടര്‍ അടങ്ങിയ ലോറി പിടികൂടി

Published : 2nd July 2016 | Posted By: SMR

കണ്ണൂര്‍: ചാലക്കുന്നില്‍ ബൈപാസിലെ റോഡരികില്‍ മാലിന്യം തള്ളാനെത്തിയ പട്ടാളക്കാരുടെ ലോറി നാട്ടുകാര്‍ തടഞ്ഞു.
കണ്ണൂരില്‍ നിന്നു വടകര മിലിറ്ററി ക്യാംപിലേക്ക് പാചകവാതക സിലിണ്ടറുമായി പോയ ലോറി മടങ്ങിവരുന്നതിനിടയിലാണ് മാലിന്യവുമായി എത്തിയത്. ചാല ബൈപാസിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഹാര്‍ഡ്‌ബോര്‍ഡ് ഉള്‍പ്പെടെയുള്ള മാലിന്യക്കെട്ടുകള്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്നതിനിടെ പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി തടയുകയായിരുന്നു. എന്നാല്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തി ലോറിയുമായി കടന്നുകളയാന്‍ പട്ടാളം അധികൃതര്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ പേരെത്തി വാഹനം തടഞ്ഞുവയ്ക്കുകയായിരുന്നു. ലോറിയില്‍ പത്തോളം പാചകവാതക സിലിണ്ടറുകള്‍ ഉണ്ടായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് കോര്‍പറേഷന്‍ അധികൃതര്‍ സ്ഥലത്തെ മാലിന്യം കയറ്റിയ ലോറി കോര്‍പറേഷന്‍ ഓഫിസിലേക്ക് മാറ്റി. ലോറി ഇപ്പോള്‍ കോര്‍പറേഷന്‍ കോംപൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പട്ടാളം അധികൃതര്‍ ശ്രമം തുടരുകയാണ്. പട്ടാള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കോര്‍പറേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തി. ലോറി വിട്ടുനല്‍കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് അറിയിച്ചു. നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ കോര്‍പറേഷനെ സമീപിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി മേയര്‍ ഇ പി ലത പറഞ്ഞു. വടകരയില്‍ നിന്നു വരികയായിരുന്ന ലോറിയില്‍ ഇതരസംസ്ഥാന തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്നും ജില്ലാ ആശുപത്രിക്കടുത്തുള്ള മിലിട്ടറി ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളേണ്ട മാലിന്യം അബദ്ധത്തില്‍ ചാലക്കുന്നില്‍ തള്ളാന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നുമാണ് മിലിറ്ററി അധികൃതരുടെ വാദം. നേരത്തെ ചാലക്കുന്നില്‍ മാലിന്യം തള്ളിയവര്‍ക്കെതിരേ കോര്‍പറേഷന്‍ അധികൃതര്‍ വന്‍പിഴ ചുമത്തിയിരുന്നു. ഇതേ സ്ഥലത്താണ് വീണ്ടും മാലിന്യം തള്ളാന്‍ ശ്രമിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക