|    Jan 24 Tue, 2017 7:04 pm
FLASH NEWS

ചാലക്കുടി ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു; പരിഹാരം തേടി അഡൈ്വസറി കമ്മിറ്റിയോഗം ഇന്ന്

Published : 6th September 2016 | Posted By: SMR

ചാലക്കുടി: നഗരത്തില്‍ രൂക്ഷമായികൊണ്ടിരിക്കുന്ന ഗതാഗതകുരുക്ക് പരിഹരിക്കാനായി ഇന്ന് ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം ചേരും. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ വിവിധ വകുപ്പുകളേയും സംഘടനകളേയും പ്രതിനിധീകരിച്ച് പ്രതിനിധികള്‍ പങ്കെടുക്കും.
ഗതാഗതകുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നഗരസഭ ഭരണസമിതി ട്രാഫിക് കമ്മിറ്റി യോഗം വിളിച്ച് കൂട്ടുന്നത്. മുന്‍ കൗണ്‍സില്‍ ഭരണസമിതി നാല് തവണ ട്രാഫിക് കമ്മിറ്റി വിളിച്ച് കൂട്ടിയ യോഗങ്ങളില്‍ ഗതാഗത തടസ്സം പരിഹരിക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ വന്നെങ്കിലും ഒന്നു പോലും പാലിക്കപ്പെട്ടില്ല.
അതുകൊണ്ടു തന്നെ ഇന്ന് നടക്കുന്ന യോഗവും ഇതിന്റെ തുടര്‍ച്ചയാവുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
എന്നാല്‍ ആശങ്കവേണ്ടയെന്നും യോഗത്തിലെടുക്കുന്ന നല്ല നിര്‍ദേശങ്ങള്‍ നടപ്പിലാക്കി നഗരത്തെ പൂര്‍ണമായും ഗതാഗതകുരുക്കില്‍ നിന്ന് ഒഴിവാക്കുമെന്നാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പന്‍ എന്നിവര്‍ ഉറപ്പ് നല്‍കുന്നത്. ഗതാഗത തടസ്സം ഒഴിവാക്കാന്‍ കഴിഞ്ഞ കൗണ്‍സില്‍ നിര്‍ദേശിച്ച പലകാര്യങ്ങളും പാലിക്കപ്പെടാത്തതാണ് ഇപ്പോഴത്തെ ഗതാഗതകുരുക്കിന് കാരണമായിട്ടുള്ളത്.
നോര്‍ത്ത് ജങ്ഷന്‍ മുതല്‍ കോ-ഓപ്‌ടെക്‌സ് വരെയുള്ള ഭാഗത്തെ റോഡിന്റെ ഇരുഭാഗത്തെയും അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ കഴിഞ്ഞ കാലത്ത് തീരുമാനമെടുത്തിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. പോലിസ് സ്റ്റേഷന്‍ റോഡില്‍ ഒരു ഭാഗത്താണ് വാഹനപാര്‍ക്കിങ് അനുവദിച്ചിരുന്നത്.
എന്നാല്‍ ഇരുഭാഗത്തും ഇപ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിന് കാരണമാവുകയാണ്. മാര്‍ക്കറ്റ് റോഡില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വാഹനങ്ങള്‍ ഇപ്പോഴും തലങ്ങും വിലങ്ങും ഈ റോഡിലൂടെ ചീറിപായുകയാണ്. ഓട്ടോറിക്ഷകള്‍ക്കും ടാക്‌സികള്‍ക്കും ടെമ്പോകള്‍ക്കും പ്രത്യേക സ്റ്റാന്റുകള്‍ അനുവദിക്കാന്‍ തീരുമാനമെടുത്തെങ്കിലും നടപ്പിലാക്കാനായില്ല.
രണ്ടര കോടിരൂയോളം ചിലവിട്ട് നവീകരിച്ച കെഎസ്ആര്‍ടിസി റോഡ് അനധികൃത പാര്‍ക്കിംഗിനെ തുടര്‍ന്ന് ഗതാഗതകുരുക്കിലാണ്. ഇരുഭാഗത്തേയും കയേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡിന് വീതി കൂട്ടിയെങ്കിലും ഈ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥ ാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ റോഡിനിരുവശത്തും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിലാണ് പാര്‍ക്ക് ചെയ്യുന്നത്.
ഇത്തരം പാര്‍ക്കിങ് നിയന്ത്രിക്കാന്‍ പോലിസിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. സൗത്ത് ജങ്ഷനില്‍ സുരഭി തിയ്യറ്ററിന് മുന്നിലെ അശാസ്ത്രീയമായ ട്രാഫിക് സംവിധാനവും ഇവിടെ രാവിലെ മുതല്‍ വാഹനഗതാഗത തടസ്സത്തിന് കാരണമാവുകയാണ്.
ഗതാഗത കുരുക്കിന് പരിഹാരം കാണാനായില്ലെങ്കില്‍ ടൗണ്‍ ഒഴിവാക്കി സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസ്സ് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനും ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക