|    Jan 25 Wed, 2017 1:09 am
FLASH NEWS

ചാലക്കുടിയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം അവതാളത്തിലായി; തുടര്‍ച്ചയായി നാലു ദിവസം കുടിവെള്ളം ലഭിക്കാതെ ജനജീവിതം ദുരിതത്തില്‍

Published : 18th July 2016 | Posted By: SMR

ചാലക്കുടി: വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ സംവിധാനം അവതാളത്തിലായതോടെ ചാലക്കുടിയില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറി. തുടര്‍ച്ചായി നാല് ദിവസം ജലവിതരണം മുടങ്ങിയതോടെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്ന നൂറു കണക്കിന് വീട്ടുകാരാണ് ദുരിതത്തിലായത്.
ഹൗസിങ് ബോര്‍ഡ് കോളനി, കെകെ—റോഡ്, ഇറിഗേഷന്‍ ക്വോര്‍ട്ടേഴ്‌സ് പരിസരം എന്നിടങ്ങളിലാണ് കുടിവെള്ളം ലഭിക്കാതെ ജനജീവിതം ദുസ്സഹമായത്. കെകെ റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ബുധനാഴ്ച ജലവിതരണം നിലച്ചു.
തുടര്‍ന്ന് രാത്രിയോടെ കേടുപാടുകള്‍ തീര്‍ത്തെങ്കിലും പിറ്റേന്ന് അതോറിറ്റിയുടെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ കത്തിയതിനെ തുടര്‍ന്ന് വീണ്ടും കുടിവെള്ള വിതരണം നിര്‍ത്തി വച്ചു. അടുത്ത ദിവസം പുതിയൊരു മോട്ടോര്‍ വച്ച് ജലവിതരണ പുനസ്ഥാപിച്ചെങ്കിലും കെഎസ് ആര്‍ടിസി കനാല്‍ റോഡിന് സമീപം വീണ്ടും പൈപ്പ് പൊട്ടിയതോടെ ജലവിതരണം വീണ്ടും അവതാളത്തിലായി. ശനിയാഴ്ച ഇതിന്റെ തകരാര്‍ തീര്‍ത്തു.
എന്നാല്‍ പ്രധാന പൈപ്പിലെവിടെയോ ബ്ലോക്ക് രൂപപ്പെട്ടതിനാല്‍ ഞായറാഴ്ചയും കുടിവെള്ളം വിതരണം ഉണ്ടായില്ല.
തുടര്‍ച്ചായായി നാല് ദിവസം വെള്ള വിതരണം നിലച്ചത് വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണത്തെ മാത്രം ആശ്രയിക്കുന്ന ഹൗസിങ് ബോര്‍ഡ് കോളനിയിലും പോലിസ് ക്വോര്‍ട്ടേഴ്‌സിലും ജനജീവിതം ദുസ്സഹമാക്കി. വാര്‍ഡ് കൗണ്‍സിലര്‍ വി ജെ ജോജിയുടെ നേതൃത്വത്തില്‍ ലോറിയില്‍ കുടിവെള്ളമെത്തിച്ചത് ഇവിടത്തെ നിവാസികള്‍ക്ക് താല്‍കാലിക ആശ്വാസമായി.
പലരും കുളിക്കാനും മറ്റുമായി ബന്ധുവീടുകളെ ആശ്രയിച്ചു. കാലപ്പഴക്കത്തെ തുടര്‍ന്ന് ജലവിതരണ പൈപ്പുകള്‍ ജീര്‍ണ്ണിച്ചതാണ് പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടിപ്പോകാന്‍ കാരണമാകുന്നതെന്നാണ് അതോറിറ്റി അധികൃതരുടെ വിശദീകരണം.
പൈപ്പുകള്‍ മാറ്റുകയല്ലാതെ ഇതിനൊരു പരിഹാരമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പൈപ്പുകള്‍ മാറ്റണമെന്ന് പറയുന്നതല്ലാതെ മാറ്റി സ്ഥാപിക്കാന്‍ വേണ്ട നടപടികളൊന്നും എടുക്കുന്നുമില്ല. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഈ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണ നിലക്കുന്ന പതിവുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് നൂറ് കണക്കിന് കുടുംബങ്ങളെയാണ് ദുരിതത്തിലാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക