|    Feb 18 Sun, 2018 3:03 am
FLASH NEWS

ചാലക്കുടിയാറില്‍ ഉപ്പ്: കുടിവെള്ള പമ്പിങ് നിര്‍ത്തി

Published : 24th January 2017 | Posted By: fsq

 

പറവൂര്‍: ചാലക്കുടിയാറില്‍ ഉപ്പിന്റെ അംശം വര്‍ധിച്ചതിനെത്തുടര്‍ന്നു കുടിവെള്ള പമ്പിങ് നിര്‍ത്തി. ജനങ്ങളുടെ പ്രതിഷേധം ശക്തം. സ്ഥലത്തെത്തിയ മേജര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതരെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ തടഞ്ഞുവെച്ചു.കണക്കന്‍കടവ് റഗുലേറ്റര്‍ കം ബ്രിഡ്്ജിലെ ഷട്ടറുകളിലെ ചോര്‍ച്ചയെത്തുടര്‍ന്നാണു ചാലക്കുടിയാറിലെ ജലത്തില്‍ ഉപ്പുകലര്‍ന്നത്. ലവണാംശം 800 പിപിഎം ആയപ്പോള്‍ ഇന്നലെ രണ്ടുമണിയോടെ പമ്പിങ് നിര്‍ത്തി. പുത്തന്‍വേലിക്കര നിവാസികള്‍ക്കു കുടിവെള്ളം കിട്ടാതായി.സ്ഥലത്തെത്തിയ മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഉപരോധിച്ചതിനെത്തുടര്‍ന്നു തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, പൊലിസ് എന്നിവര്‍ സ്ഥലത്തെത്തി. ഇന്നു മുതല്‍ ജനങ്ങള്‍ക്കു ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടിയെടുക്കണം, ചാലക്കുടിയാറില്‍ കയറിയ ഉപ്പു കളയുന്നതിനു നടപടിയെടുക്കണം, കോഴിത്തുരുത്ത് – ഇളന്തിക്കര മണല്‍ ബണ്ടു കെട്ടണം എന്നീ ആവശ്യങ്ങള്‍ പഞ്ചായത്ത് അധികാരികള്‍ ഉന്നയിച്ചു.കണക്കന്‍കടവ് റഗുലേറ്റര്‍ കം ബ്രിജിന്റെ നിര്‍മാണത്തിലെ തകരാറു കാരണം എല്ലാ വേനല്‍ക്കാലത്തും പെരിയാറില്‍ നിന്നു ചാലക്കുടിയാറിലേക്ക് ഓരുവെള്ളം കയറുന്നതു പതിവാണ്. കഴിഞ്ഞവര്‍ഷം പത്തുദിവസത്തിലേറെ കുടിവെള്ളം കിട്ടാത്ത അവസ്ഥയുണ്ടായി. ശാശ്വതമായി പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. എല്ലാ വര്‍ഷവും താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തി അധികാരികള്‍ തടിതപ്പുകയാണെന്നാണു നാട്ടുകാരുടെ ആക്ഷേപം.കൂടുതല്‍ ചോര്‍ച്ചയുള്ള രണ്ടാം ഷട്ടറിന്റെ ഇരുവശങ്ങളില്‍ ഏതാനും ദിവസം മുന്‍പു മണല്‍ചാക്കുകള്‍ ഇട്ടെങ്കിലും ഉപ്പുവെള്ളം കയറുന്നതു തടയാനായിട്ടില്ല. മറ്റു ഷട്ടറുകളിലും ചേര്‍ച്ചയുണ്ട്. ദ്രവിച്ചതും തുരുമ്പിച്ചതുമായ ഷട്ടറുകള്‍ മാറ്റി മികച്ച നിലവാരമുള്ള ഷട്ടര്‍ ഇടുകയും അതു കൃത്യമായി പുഴയുടെ അടിത്തട്ടില്‍ ഉറപ്പിക്കുകയും ചെയ്താല്‍ മാത്രമേ ഭീമമായ തുക ചിലവാക്കി റഗുലേറ്റര്‍ കം ബ്രിജ് പണിതതിന്റെ ഗുണമുണ്ടാകൂ. ഉപ്പുവെള്ളം കയറിയതു പുത്തന്‍വേലിക്കര പഞ്ചായത്തിലെ കുടിവെള്ള വിതരണ സംവിധാനം തകിടംമറിക്കുകയാണ്. പുത്തന്‍വേലിക്കരയിലെ ഭൂരിഭാഗം പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയും വെള്ളംകുടി മുട്ടിയിരിക്കുകയാണിപ്പോള്‍. പലരും മറ്റു സ്ഥലങ്ങളില്‍ പോയി വെള്ളം ശേഖരിച്ചു കൊണ്ടുവരേണ്ട അവസ്ഥയുണ്ട്. കുന്നുകര, പൊയ്യ, കുഴൂര്‍, അന്നമനട, മാള പഞ്ചായത്തുകളിലെ കുടിവെള്ള, ജലസേചന പദ്ധതികളെയും ചാലക്കുടിയാറിലെ ഉപ്പു പ്രതിസന്ധിയിലാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss