|    Dec 19 Wed, 2018 6:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചാറ്റിങിലൂടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പീഡനം: യുവാവ് അറസ്റ്റില്‍

Published : 6th December 2018 | Posted By: kasim kzm

കോട്ടയം: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിവന്ന യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു. കോട്ടയം കല്ലറ ജിത്തുഭവനില്‍ സജിയുടെ മകന്‍ ജിന്‍സു(24)വാണ് പിടിയിലായത്. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെ 27 വിദ്യാര്‍ഥിനികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പോലിസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഓപറേഷന്‍ ഗുരുകുലം ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ഞെട്ടിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് വിദ്യാര്‍ഥിനിയില്‍ നിന്ന് പോലിസിനു ലഭിച്ചത്. അവിചാരിതമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിന്‍സുവുമായി പ്രണയത്തിലായ കുട്ടി ഒരിക്കല്‍ ഇയാളോടൊന്നിച്ച് മൊബൈലില്‍ സെല്‍ഫിയെടുത്തു. ഇത് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ജിന്‍സു മൊബൈല്‍ ചാറ്റിങിലൂടെ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പ്രതി ബ്ലാക്‌മെയ്‌ലിങ് തുടങ്ങിയതോടെ പെണ്‍കുട്ടി ക്ലാസില്‍ ശ്രദ്ധിക്കാതെ മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ ജില്ലാ പോലിസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ജിന്‍സുവിനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പ്രത്യേകമായി വിവിധ ഫോള്‍ഡറുകളിലാക്കിയാണ് പ്രതി മൊബൈലില്‍ സൂക്ഷിച്ചിരുന്നത്.
ജില്ലയിലെ ഒരു സ്‌കൂളിലെ പ്രധാനാധ്യാപികയുടെ ടെലിഫോണ്‍ കോള്‍ ഓപറേഷന്‍ പോലിസിന്റെ ഗുരുകുലം ജില്ലാ കോ-ഓഡിനേറ്ററായ കെ ആര്‍ അരുണ്‍കുമാറിനു ലഭിച്ചതോടെയാണ് പീഡനത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. തന്റെ സ്‌കൂളിലെ ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍—യൂനിഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ പലയിടത്തും കണ്ടതായ വിവരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ പിടികൂടി. പെണ്‍കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിളിച്ചുവരുത്തി യുവാവിന്റെ മൊബൈലില്‍ മറ്റ് പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റുകള്‍ കാണിച്ചുകൊടുത്തതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറി.
ഒപ്പം തന്റെ കൂട്ടുകാരിയും ഇത്തരം ഒരു കെണിയില്‍ പെട്ടിട്ടുണ്ടെന്നും പിന്നില്‍ ആരെന്നു വ്യക്തമല്ലെന്നും അവള്‍ ആത്മഹത്യയുടെ വക്കിലാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ അന്വേഷണം ആ വഴിക്കായി. വൈക്കം ഡിവൈഎസ്പി മുഖേന കടുത്തുരുത്തി പോലിസിനു കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss