|    Jan 22 Sun, 2017 5:18 am
FLASH NEWS

ചാര്‍ലി തോമസിനു വേണ്ടി പ്രത്യേക പ്രാര്‍ഥനയുമായി ആകാശപ്പറവകള്‍

Published : 17th September 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സൗമ്യയെ ബലാല്‍സംഗം ചെയ്ത് കൊന്ന ചാര്‍ലി തോമസെന്ന ഗോവിന്ദച്ചാമി തൂക്കുമരത്തില്‍നിന്നു രക്ഷപ്പെട്ടതിന്റെ ഉപകാര സ്മരണയ്ക്കായി നാളെ ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ മിഷനറി സംഘടന ശാഖകളില്‍ പ്രത്യേക പ്രാര്‍ഥന നടത്തും. സംസ്ഥാനത്തെ രണ്ടായിരത്തോളം വരുന്ന ശാഖകളിലാണ് പ്രാര്‍ഥനകള്‍ നടത്തുക. വിധി അനുകൂലമാവുന്നതിനുവേണ്ടി കഴിഞ്ഞ ഞായറാഴ്ചയും ശാഖകളില്‍ പ്രാര്‍ഥനകള്‍ നടന്നിരുന്നു.
1983ല്‍ ജോണ്‍പോള്‍ മാര്‍പ്പാപ്പ പ്രത്യേകം അനുഗ്രഹിച്ച ആഗോള സംഘടനയാണ് ആകാശപ്പറവകള്‍. തുടക്കത്തില്‍ ഫ്രന്റസ് ഓഫ് ബേഡ് ഓഫ് ഫ്‌ളൈ (എഫ്ബിഎഫ്) എന്നാണ് അറിയപ്പെട്ടിരുന്നത്. കേരളത്തില്‍ ഇതിന്റെ ചുമതലയുണ്ടായിരുന്ന പാതിരി ബംഗളൂരുവിലെ പ്രകൃതി രമണീയമായ പക്ഷിസങ്കേതം സന്ദര്‍ശിച്ചതോടെയാണ് ഇതുപോലെ മനുഷ്യരെയും കെട്ടിടത്തിനകത്ത് സുരക്ഷിതമായി സംരക്ഷിക്കാമെന്ന ആശയം ഉടലെടുത്തത്. അങ്ങനെയാണ് പ്രവര്‍ത്തനരീതി കണ്ടത്തിയത്. അലസരും അഗതികളുമായ ആളുകളെ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യമായിരുന്നു ഇതിനുപിന്നില്‍. സംഘത്തിലെ അംഗമായിരുന്നു ഗോവിന്ദച്ചാമിയെന്ന ചാര്‍ലി തോമസ്. തങ്ങളിലാരെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുകയോ ജീവിതപ്രതിസന്ധിയില്‍ അകപ്പെടുകയോ ചെയ്താല്‍ പ്രത്യേക പ്രാര്‍ഥന ഇവരുടെ രീതിയാണ്. ആകാശപ്പറവകള്‍ കേരളത്തില്‍ സംരക്ഷിക്കാനാളില്ലാത്തവര്‍ക്കുവേണ്ടി ഇതേ പേരില്‍  എട്ടോളം അഗതി മന്ദിരങ്ങള്‍ നടത്തുന്നുണ്ട്. അവിടങ്ങളിലും നാളെ പ്രാര്‍ഥനയുണ്ടാവും. തൃശൂര്‍ ജില്ലയിലെ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ കുന്നംകുളത്തെ ശാഖയില്‍ ഒരുമിച്ചുകൂടും.
ഭിക്ഷാടകരും കുറ്റവാളികളുമായവരെ കണ്ടെത്തി മതം മാറ്റുന്നതിനാണ് ഈ മിഷനറി പ്രവര്‍ത്തിക്കുന്നത്. ചാര്‍ലി തോമസ് തമിഴ്‌നാട്ടില്‍ കേസുകളില്‍ പെട്ടപ്പോഴും ഇവരാണ് സഹായിച്ചിരുന്നത്. തീവണ്ടിയിലെ കുറ്റകൃത്യങ്ങളുടെ പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആകാശപ്പറവയില്‍പ്പെട്ട 20 പേര്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്കെല്ലാം നിയമസഹായം നല്‍കുന്നത് കൊച്ചി ആസ്ഥാനമായുള്ള സംസ്ഥാന ഘടകമാണ്. നിഗൂഢമായാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. ജയിലുകളില്‍ ഞായറാഴ്ച ദിവസം അന്നദാനം നടത്തിയാണ് ഇവര്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഉറ്റവരും ഉടയവരുമില്ലാത്ത തടവുകാരെ സന്ദര്‍ശിച്ചും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തും ഇവര്‍ കുറ്റവാളികളെ ആകര്‍ഷിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുമുണ്ട്. കോഴിക്കോട് കുതിരവട്ടം ആശുപത്രിയിലും ഇവര്‍ സ്ഥിരമായി എത്താറുണ്ട്. കോഴിക്കോട്ട് പുല്ലൂരാമ്പാറയില്‍ വലിയ സംവിധാങ്ങളുള്ള ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്.
ചില സഭകളുടെ രഹസ്യ പിന്തുണയും ആകാശപ്പറവകള്‍ക്കുണ്ട്. ചാര്‍ലി തോമസ് വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട വിധി അറിഞ്ഞയുടനെ ശാഖയില്‍ ഒത്തുകൂടി ഇവര്‍ മധുരം വിതരണം ചെയ്ത് സന്തോഷം പങ്കിട്ടിരുന്നു. ചാര്‍ലി തോമസിനുവേണ്ടി ഹൈക്കോടതിയിലും സുപ്രിം കോടതിയിലും വാദിച്ച ബിജു ആന്റണിയെന്ന ബി എ ആളൂര്‍ മറ്റു ചില പ്രമാദമായ കേസുകളില്‍കൂടി ഹാജരാവുന്നുണ്ട്. പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടിയും നാനോ എക്‌സല്‍ നെറ്റ്‌വര്‍ക്ക് തട്ടിപ്പ് കേസിലെ പ്രതി ഡോ. ഹരീഷ് മദിനേനിക്ക് വേണ്ടിയും ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിന് വേണ്ടിയുമാണ് ഇദ്ദേഹം  കോടതിയിലെത്തുന്നത്. ബി എ ആളൂര്‍ ആകാശുപ്പറവകളുടെ ദക്ഷിണേന്ത്യയിലെ നിയമകാര്യ വക്താവാണെന്നാണ് സൂചന. എന്നാല്‍, കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തുന്ന സംഘടനയാണ് തങ്ങളുടെതെന്നാണ് ഔദ്യോഗിക വക്താക്കളുട ഭാഷ്യം. അതുതന്നെ പരസ്യമായി പറയാന്‍ അവര്‍ തയ്യാറില്ലതാനും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 523 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക