|    Jul 28 Fri, 2017 6:31 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ചാരിറ്റി സംഘടനകളുടെ വിദേശ പദ്ധതികള്‍ നിരീക്ഷിക്കാന്‍ കമ്പനി

Published : 10th October 2016 | Posted By: SMR

ദോഹ: ഖത്തര്‍ സന്നദ്ധ സംഘടനകള്‍ വിദേശ രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതികള്‍ നിരീക്ഷിക്കുന്നതിനു പ്രത്യേക കമ്പനിയെ ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ചാരിറ്റി ഓര്‍ഗനൈസിങ് ബോഡിയിലെ നിയമകാര്യ വിഭാഗം മേധാവി മുഹമ്മദ് ഗാനിം അല്‍മുഹന്നദി വ്യക്തമാക്കി. ജീവകാരുണ്യ സംഘാടക നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ കമ്പനിയുമായി കരാറിലെത്തിയിട്ടുണ്ട്. കമ്പനി അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായും കമ്പനിയുടെ ഭാഗത്തുനിന്നുള്ള വിവരങ്ങള്‍ക്കായി ചാരിറ്റി ഓര്‍ഗനൈസിങ് ബോഡി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജീവകാരുണ്യ സംഘടനാ നേതൃത്വത്തിന്റെ പങ്കാളിത്തത്തോടെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചാരിറ്റി ഓര്‍ഗനൈസിങ് ബോഡിയുടെ ഒന്നാമത് ബോധവല്‍ക്കരണ പരിപാടിയോടനുബന്ധിച്ച് പ്രാദേശിക അറബി പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാ ര്യം  ചൂണ്ടിക്കാട്ടിയത്.
ഏതെങ്കിലും സന്നദ്ധ സം ഘടന ജീവകാരുണ്യ സംഘടനാ നിയമം ലംഘിച്ചതായ ഒരു റിപോര്‍ട്ടും ചാരിറ്റി ഓര്‍ഗനൈസിങ് ബോഡിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സുതാര്യമായാണ് ജീവകാരുണ്യ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഓര്‍ഗനൈസിങ് ബോഡിയുടെ നേരിട്ടുള്ള മേ ല്‍നോട്ടത്തില്‍ 14 ജീവകാരുണ്യ സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, സംഭാവനകള്‍ ശേഖരിക്കുന്നതിലും ദരിദ്ര രാജ്യങ്ങളിലും ദുരന്ത- സംഘര്‍ഷ മേഖലകളിലും അത് വിനിയോഗിക്കുന്നതിലും വലിയ പങ്കാണ് ഖത്തര്‍ വഹിക്കുന്നതെന്ന് മുഹമ്മദ് ഗാനിം അഭിപ്രായപ്പെട്ടു. ചാരിറ്റി സംഘടനാ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സംഭാവനകള്‍ സ്വീകരിക്കേണ്ടതെന്നും എല്ലാ ചാരിറ്റി സംഘടനകളും ഓര്‍ഗനൈസിങ് ബോഡിയുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശത്തെ ജീവകാരുണ്യ പദ്ധതികളിലേക്കാണ് സംഭാവന എത്തിച്ചേരുന്നതെന്ന് ഉറപ്പുവരുത്തുന്നതിനു പണമയക്കല്‍ നടപടികള്‍ സുതാര്യമായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അന്താരാഷ്ട്ര-പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പണമയക്കല്‍ നിബന്ധനകളില്‍ ഖത്തര്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. പണം കൈകാര്യം ചെയ്യുന്നതിനു വ്യക്തമായ നയമോ സുതാര്യതയോ ഇല്ലാത്ത രാജ്യങ്ങളിലേക്ക് സംഭാവനകള്‍ അയക്കുന്നത് തടയാനുള്ള അധികാരം ചാരിറ്റി ഓര്‍ഗനൈസിങ് ബോഡിക്കുണ്ട്.
ഖത്തറിലെ വ്യത്യസ്ത ജീവകാരുണ്യ സംഘടനകളുടേതായി 70ഓളം ബ്രാഞ്ചുകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. ആറു മാസത്തിനിടെ വിദേശ ബ്രാഞ്ചുമായി മാതൃ സംഘടന യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെങ്കില്‍ ആ ബ്രാഞ്ച് നേരിട്ട് അടച്ചുപൂട്ടുന്നതാണ്. വിദേശത്ത് ഒരു ഓഫിസ് ആരംഭിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അതിനു അനിവാര്യമായ പല കടമ്പകളും മറി കടക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. വിദേശ ശാഖകളുടെ എണ്ണം കുറക്കുന്നതിനുള്ള നടപടികള്‍ ഓര്‍ഗനൈസിങ് ബോഡി ആരംഭിച്ചതായും ഗാനിം മുഹന്നദി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക