|    Jun 25 Mon, 2018 7:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചാരവൃത്തി ആരോപണം: മൂന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി

Published : 9th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യക്കുവേണ്ടി ചാരപ്പണി നടത്തുകയാണെന്ന് പാകിസ്താന്‍ ആരോപിച്ച എട്ടു നയതന്ത്ര ഉദ്യോഗസ്ഥരില്‍ മൂന്നുപേര്‍ പാകിസ്താനില്‍നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തി. ഇന്ത്യ തിരിച്ചുവിളിച്ചതിനെത്തുടര്‍ന്നാണിത്. ഫസ്റ്റ് സെക്രട്ടറി അനുരാഗ് സിങ്, വിസ വിഭാഗത്തിലെ വിജയകുമാര്‍ വര്‍മ, മാധവന്‍ നന്ദകുമാര്‍ എന്നിവരാണ് ഇന്നലെ മടങ്ങിയെത്തിയത്. അവശേഷിക്കുന്ന അഞ്ചുപേരും ഉടന്‍ വാഗാ അതിര്‍ത്തി വഴി ഡല്‍ഹിയിലെത്തും.
ഇന്നലെ രാവിലെ ഇസ്‌ലാമാബാദില്‍നിന്ന് ദുബയിലേക്ക് പോയ ഇവര്‍ അവിടുന്ന് ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ചെയ്തു. എന്നാല്‍, നയതന്ത്ര ഉദ്യോഗസ്ഥരുടെ മടക്കം സംബന്ധിച്ചു പാക് വിദേശകാര്യമന്ത്രാലയം ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനിടെ പിടിയിലായ പാക് ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ മഹമൂദ് അക്തറിനെ കഴിഞ്ഞമാസം ഇന്ത്യ പുറത്താക്കിയതിന് പിന്നാലെ ഡല്‍ഹിയിലെ നാലു നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന്‍ പിന്‍വലിച്ചിരുന്നു.
അക്തറിനെ പുറത്താക്കിയതിനു പ്രതികാരമായി ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ അസിസ്റ്റന്റ് പേഴ്‌സണല്‍ വെല്‍ഫെയര്‍ ഓഫിസര്‍ സുര്‍ജിത് സിങിനെ പാകിസ്താനും പുറത്താക്കി. ഈ സംഭവങ്ങള്‍ക്കു പിന്നാലെയാണ് ചാരപ്രവര്‍ത്തനം നടത്തുകയാണെന്നാരോപിച്ച് എട്ടുപേരുടെ പേരുകള്‍ പാക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇന്നലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയവര്‍ക്കു പുറമെ കൊമേഴ്‌സ്യല്‍ കൗണ്‍സിലര്‍ രാജേഷ് കുമാര്‍ അഗ്‌നിഹോത്രി, ഫസ്റ്റ് സെക്രട്ടറി ബല്‍ബീര്‍ സിങ്, അനുരാഗ് സിങ്, വിസ വിഭാഗത്തിലെ അമര്‍ദീപ് സിങ് ഭാട്ടി, ധര്‍മേന്ദ്ര, വ്യക്തിക്ഷേമ ഓഫിസിലെ അസിസ്റ്റന്റ് ജയബാലന്‍ സെന്തില്‍ എന്നിവരുടെ പേരുകളാണ് പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ബല്‍ബീറും ജയബാലനും ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോക്കുവേണ്ടിയും ബാക്കിയുള്ളവര്‍ ഇന്ത്യന്‍ വിദേശ രഹസ്യാന്വേഷണ വിഭാഗമായ റോക്കു വേണ്ടിയും ചാരപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.
പാകിസ്താനും ചൈനയും തമ്മിലുള്ള സാമ്പത്തിക ഇടനാഴി അട്ടിമറിക്കുന്നതിനും സിന്ധ്, ബലൂചിസ്താന്‍, ഗില്‍ജിത് ബലിസ്താന്‍ എന്നിവിടങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ഇവര്‍ ശ്രമിക്കുകയാണെന്നും പാക് വിദേശകാര്യമന്ത്രലയ വക്താവ് പറഞ്ഞിരുന്നു. അതിനിടെ, ഭീകരാക്രമണങ്ങളാലും ചാരപ്രവര്‍ത്തനംമൂലവും അയല്‍രാഷ്ട്രങ്ങള്‍ക്കിടയിലെ നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെ ഇസ്‌ലാമാബാദിലെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങിനെ പാകിസ്താന്‍ വിളിപ്പിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ അഞ്ചുവയസ്സുകാരനടക്കം മൂന്നു പാകിസ്താനികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിക്കാനാണ് ജെ പി സിങിനെ പാക് വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇത് അഞ്ചാംതവണയാണ് ഇദ്ദേഹത്തെ പാകിസ്താന്‍ വിളിപ്പിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss