|    Jan 22 Sun, 2017 3:48 pm
FLASH NEWS

ചായക്കോപ്പയിലെ കൊടുങ്കാറ്റ്: ചില സെല്‍ഫി കാഴ്ചകള്‍

Published : 3rd October 2015 | Posted By: G.A.G

78327657-1.jpg

ഉച്ചഭാഷണം/സിതാര


തോട്ടംതൊഴിലാളികള്‍ നടത്തിയ ചരിത്രപരമായ സമരമായിരുന്നു കഴിഞ്ഞ ആഴ്ചകളിലെ ഏറ്റവും ചൂടേറിയ വാര്‍ത്ത. വാദങ്ങളും വിവാദങ്ങളുമായി ഈ സമരവും ചിലതെല്ലാം ഓര്‍മിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്.

അനവസരത്തില്‍ ഔചിത്യമില്ലാതെ പെരുമാറുന്ന മലയാളികള്‍ പെരുകുകയാണ്. പണ്ടൊക്കെ എന്തും നാം കാണുകയായിരുന്നു പതിവ്. എന്നാല്‍, ഇപ്പോള്‍ നാം ആ കാഴ്ചയുടെ ഭാഗമാണ്. അതു കാണുന്നതുകൊണ്ടല്ല, മറിച്ച് ആ കാഴ്ച തന്നെ നാമായി മാറുകയാണ്. മൂന്നാര്‍ സമരത്തില്‍ തങ്ങളെ തന്നെ അടയാളപ്പെടുത്താന്‍ തത്രപ്പെടുന്ന നിരവധി പേരെ നാം കണ്ടു. സമരക്കാരോടൊത്തുള്ള സെല്‍ഫികള്‍ അതിനു സാക്ഷി പറഞ്ഞു. ഇനി കാര്യത്തിലേക്ക് കടക്കാം.

സംഘടനകളുടെയും നേതാക്കളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനല്ല, ജീവിതത്തിനും മരണത്തിനും ഇടയില്‍ നിന്ന് വല്ലാത്തൊരു വിഹ്വലതയോടെ മനുഷ്യര്‍ നടത്തുന്ന സമരങ്ങളാണ് എന്നും ലോകത്തെ ഇളക്കി മറിച്ചിട്ടുള്ളത്. ‘തങ്ങളെക്കൂടി കൂട്ടണേയെന്ന് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയനേതൃത്വങ്ങള്‍ പാവപ്പെട്ട തമിഴ്‌തൊഴിലാളി സ്ത്രീകളോട് യാചിക്കേണ്ടി വരുന്നത് വര്‍ത്തമാനകാലത്തെ പ്രസക്തമായ കാഴ്ചയാണ്. കാരണം തങ്ങള്‍ ആരുടെ നേതാക്കളാണെന്ന ചോദ്യം സ്വയം ചോദിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഈ കൂട്ടര്‍ക്ക് കിട്ടുന്നത് എന്നാണ് രാഹുല്‍ പശുപാലന്‍ കുറിക്കുന്നത്.


എന്നാല്‍, സമരരംഗത്തേക്ക് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ വരവിനെ സോഷ്യല്‍ മീഡിയ കണ്ടത് മറ്റൊരു തലത്തിലാണ്. രൂപേഷ് പറയുന്നു: ‘മൂന്നാറിന്റെ ഉയരം കൂടും തോറും ‘സമര നായകന്റെ’ വീര്യം കൂടി. ഇനി കാസറ്റ് ഒരു കൊല്ലം പിന്നിലേക്ക് റീവൈന്റ് ചെയ്യാം. തൊട്ടടുത്ത്, സെക്രട്ടേറിയറ്റ് പടിക്കല്‍ ആദിവാസികള്‍ 162 ദിവസം നില്‍പ്പു സമരം നടത്തിയപ്പോള്‍ കേരളം മുഴുവനും കൂടെ നിന്നപ്പോഴും ഈ ‘സമരനായകന്റെ’ പൊടി പോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാന്‍.’ രഘു ഇരവിപുരവും ഇതുതന്നെയാണ് പറയുന്നത്: ‘ചൂഷിതരും പീഡിതരും നിസ്സഹായരും സര്‍വോപരി കീഴാള ജാതികളില്‍പ്പെട്ടവരുമായ പണിയെടുക്കുന്നവര്‍ നടത്തിയ സമരത്തില്‍ അവരോടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട്, കേരളത്തിലെ കക്ഷിരാഷ്ട്രീയ സമുദായക്കാര്‍ കൈയൊഴിഞ്ഞ പ്രതിബദ്ധതയെ ഒറ്റയാള്‍ പടയാളി ആയി നിന്നുകൊണ്ട് പുനരാവിഷ്‌കരിച്ചും മാര്‍ക്ക് സ്‌കോര്‍ ചെയ്യുകയായിരുന്നു അദ്ദേഹം.


എന്നാല്‍, ചെങ്ങറ സമരത്തിന്റെ നാള്‍വഴികള്‍ ഓര്‍ത്തു വച്ചിട്ടുള്ളവര്‍ക്കറിയാം ഈ ഐക്യദാര്‍ഢ്യ നാടകത്തിന്റെ ആഴവും പരപ്പും. ‘റബര്‍ ഷീറ്റ് മോഷ്ടിച്ച് വിറ്റ് ജീവിക്കാന്‍ കേറിയ കള്ളക്കൂട്ടങ്ങള്‍ ആണിവര്‍, പെട്ടെന്ന് ഇറങ്ങിക്കൊള്ളണം, അല്ലെങ്കില്‍ കൊമ്പും കൊഴലുമുള്ള പോലിസ് വന്നു ഇറക്കും…’ അന്ന് മുഖ്യ മന്ത്രിയായിരുന്ന അച്യുതാനന്ദന്‍ ചെങ്ങറ സമരക്കാരെ സംബന്ധിച്ച് നടത്തിയ പ്രസ്താവനയിലെ ചില വാക്കുകളാണിത്. കീഴാള സമൂഹങ്ങള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍, ഒരു ജനാധിപത്യ സമൂഹത്തില്‍ സമരത്തിലേര്‍പ്പെടുന്ന മനുഷ്യരോട് ഒരു ഭരണാധികാരി കാണിക്കേണ്ട മിനിമം ജനാധിപത്യ മര്യാദ അച്യുതാനന്ദന്‍ ചെങ്ങറക്കാരോട് പുലര്‍ത്തിയില്ല.’മൂന്നാറിലെ തൊഴിലാളി സമരത്തെക്കുറിച്ച് നാമെല്ലാവരും വാചാലരാവുകയാണ്. പക്ഷേ, ഈ സമരം കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങളുടെ ഒരു വിജയമായോ അവരുടെ അവകാശങ്ങളുടെ പിടിച്ചുവാങ്ങലിന്റെ തുടക്കമായോ ആരും പറഞ്ഞുകണ്ടിട്ടില്ല.മൂന്നാറില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്ക് തമിഴിന്റെ മധുരമുണ്ടായിരുന്നു എന്നതുപോലും എന്തുകൊണ്ടോ ശ്രദ്ധയില്‍പ്പെടാതെ പോയി എന്നാണ് എ.എസ്. അജിത്കുമാര്‍ പറയുന്നത്.

ഒരു കുട്ടി, തീവ്രവാദിആവുന്നവിധം

അഹ്മദ് മുഹമ്മദ് ഒരു പ്രതീകമാണ്. പാശ്ചാത്യരാഷ്ട്രങ്ങളുടെ ഇസ്‌ലാമോഫോബിയയുടെ അവസാനത്തെ ഇരായായിരുന്നു 14കാരനായ അഹ്മദ് എന്ന കുട്ടിജീനിയസ്. അമേരിക്കയിലെ ടെക്‌സാസിലെ മാക് ആര്‍തര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു അഹ്മദ്. ഒരു ഡിജിറ്റല്‍ ക്ലോക്ക് ഉണ്ടാക്കിയതാണ് അവനെ തീവ്രവാദിയാക്കിയത്. തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ആ ക്ലാസ് ടീച്ചറെ പ്രേരിപ്പിച്ച ചേതോവികാരം എന്തായാലും ശരി അവരുടെ പ്രവൃത്തി ഒരു അധ്യാപികയ്ക്ക് ചേര്‍ന്നതായില്ല.

2C6E1D0C00000578-3238709-image-a-18_1442507735334

കുട്ടികളെ വളര്‍ത്താനും തളര്‍ത്താനും ഒരാധ്യാപികയ്ക്ക് എളുപ്പം സാധിക്കുന്ന കാര്യമാണ്. താനുണ്ടാക്കിയ ക്ലോക്കാണെന്ന് എത്രയാവര്‍ത്തിച്ചിട്ടും അധ്യാപകരോ പോലിസോ ചെവികൊണ്ടില്ല. പ്രശ്‌നം വൈറലായതോടെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സുക്കര്‍ബര്‍ഗും അഹമദിനു പിന്തുണയുമായി വന്നു.അമേരിക്കയില്‍ ഒരു ക്ലോക്കുണ്ടാക്കിയതിന് അറസ്റ്റും അഭിനന്ദനവും ഒരേപോലെ അഹ്മദിനെതേടിയെത്തയപ്പോള്‍ ഇന്ത്യയില്‍ ഒരുബാറ്ററി വാങ്ങിയതിന് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും തടവറയില്‍        കഴിച്ചുകൂട്ടേണ്ടി വന്ന പേരറിവാളനെപോലെയുള്ളവരെയാണ് സോഷ്യല്‍ മീഡിയ ഏറെ ഓര്‍ത്തത്. ഇസ്‌ലാമോഫോബിയയെ തിരിച്ചറിയാന്‍ ഇനി ഒരു ഡിജിറ്റല്‍ ക്ലോക്ക് നല്‍കിയാല്‍ മതിയെന്നാണ് നാട്ടുകാരുടെ അടക്കംപറച്ചില്‍. ഇന്ത്യയില്‍ ഈ യന്ത്രം നേരത്തേ കണ്ടുപിടിച്ചുവെന്ന് ഇതുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തുകൊണ്ട് അനീപ് പി.എ. എഴുതി.

എന്താണ് തമ്പ്രാ താന്‍ നന്നാവാത്തത്?

എന്നും പക്ഷം പിടിക്കാന്‍ മല്‍സരിക്കുന്ന മുഖ്യധാരാപത്രങ്ങളുടെ ദലിത്‌വിരോധം വമിക്കുന്ന ഭാഷാഭീകരതയായിരുന്നു പോയവാരത്തെ മറ്റൊരു ചര്‍ച്ച.വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിനുശേഷം ആദ്യമായി ഗര്‍ഭം ധരിച്ച ആദിവാസിയുവതിക്ക് താലൂക്കാശുപത്രിയില്‍ ഡോക്ടറില്ലെന്ന  കാരണത്താല്‍ മറ്റൊരു ആശുപത്രിയിലേക്കുള്ള വഴിമധ്യേ തന്റെ മൂന്നു കുഞ്ഞുങ്ങളെയും പ്രസവിക്കേണ്ടിവന്ന ഗതികേടിനെയാണ് മാതൃഭൂമി ‘വഴിനീളെ പ്രസവം’ എന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചത്. പിറ്റേന്നുതന്നെ മലയാളമനോരമയും  പതിവുതെറ്റിച്ചില്ല, നമുക്ക് കഴിക്കാന്‍ ‘ചാത്തന്‍ മരുന്നകള്‍’ എന്ന തലക്കെട്ടോടെയാണ് മലയാളത്തിന്റെ സുപ്രഭാതം ഇറങ്ങിയത്.

‘എത്ര ഒതുക്കിപ്പിടിച്ചാലും അറിയാതെ പുളിച്ചു തികട്ടുന്ന ജാതി തലകെട്ടുകള്‍,  വംശവെറി, മെറിറ്റോക്രസിയോടുള്ള ബ്രാഹ്മണിക്കള്‍ ഒബ്‌സെഷന്‍ എല്ലാം ചേര്‍ന്നു ‘സ്വാഭാവികം’ ആയി ഇത്തരം തലക്കെട്ടുകള്‍ അവതരിപ്പിക്കുന്നു! ചാത്തന്‍ ആയിരക്കണക്കിന് ദലിതരുടെ പേരുമാത്രമല്ല, പ      ലരുടെയും ദൈവം തന്നെയാണ്! ‘മനോരമ, കേരളത്തിലെ ദലിതരോട് മാപ്പ് പറയണം’ എന്നാണ് വിഷയത്തോട് പ്രതികരിച്ചുകൊണ്ട് ദലിത് ആക്ടിവിസ്റ്റ് അജയ്കുമാര്‍  പ്രതികരിച്ചത്.നിലവാരം കുറഞ്ഞ എന്തു സാധനത്തെയും ചാത്തന്‍ എന്നു വിളിക്കുന്നത് മലയാളിയുടെ പൊതുബോധത്തിന്റെ ഭാഗമാണ്. ദലിതരുള്‍പ്പെടെ അങ്ങനെ പറയുന്നതു കേള്‍ക്കാം. മനോരമ ഇതിനു മുമ്പും ഇങ്ങനെ എഴുതിയിട്ടുണ്ട്. ഭാഷയിലുള്‍പ്പെടെ നിലനില്‍ക്കുന്ന നിരവധി ദലിത്‌സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെയും പ്രയോഗങ്ങളെയും നിശിതമായി ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യേണ്ട വലിയൊരു പ്രക്രിയയ്ക്ക് ഇതൊരു തുടക്കമാവട്ടെ എന്നായിരുന്നു സുദേഷ് എം. രഘുവിന്റെ പ്രതികരണം.

  ‘1890ല്‍ പുലയനു വഴി നടക്കാന്‍ ഉള്ള മനുഷ്യാവകാശത്തിനു വേണ്ടി എഡിറ്റോറിയല്‍ എഴുതി എന്ന് വീമ്പിളക്കുന്ന മലയാള മനോരമയുടെ ഇന്നത്തെ (സപ്തംബര്‍-7) ഉളുപ്പില്ലാത്ത ഒരു തലക്കെട്ടാണ് ‘നമുക്ക് കഴിക്കാന്‍ ചാത്തന്‍ മരുന്നുകള്‍’ എന്നു വെണ്ടയ്ക്ക. എത്ര പെട്ടെന്നാണ് മനോരമ ‘നമ്മളെയും’ ‘ചാത്തനെയും വേറെ വേറെ’ രാജ്യങ്ങളില്‍ കൊണ്ടു പോയി സ്ഥാപിച്ചത്. എത്ര പെട്ടെന്നാണ് മനോരമ ‘നമ്മളെ’ നല്ലവരായും ‘ചാത്തനെ’ കള്ളത്തരത്തിന്റെ പര്യായമായും അച്ചടിച്ചുവച്ചത്? ഇതല്ലേ പുതിയ കാലത്തെ അയിത്തം?’ -അദ്ദേഹം തുടരുന്നു. ‘എന്നാ മലയാളിയുടെ മനോരമ കേട്ടോ… ഞങ്ങളെ പോലുള്ള പലരുടെയും അപ്പനപ്പൂപ്പന്മാരുടെയും പേര് ചാത്തന്‍ എന്നായിരുന്നു/ആണ്. പിന്നെ മലയാളത്തിന്റെ ഓഞ്ഞ സുപ്രഭാതത്തിന്റെ പുരോഗമനം വിളിച്ചുപറയാന്‍ വെറും മൂന്നു വാക്കു മതി. ‘കുറുക്കന്റെ പുറത്തെ നീലച്ചായം.’ ജഗതി സ്‌റ്റൈലില്‍ ഒരു ചോദ്യം കൂടി: ‘ഇന്ന് എഡിറ്റോറിയല്‍ ഒന്നുമില്ലേ?’- പുച്ഛത്തോടെ ചോദിക്കുകയാണ് ഡോക്യുമെന്ററി നിര്‍മാതാവും സംവിധായകനുമായ രൂപേഷ്‌കുമാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 129 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക