|    Aug 17 Fri, 2018 12:55 am
Home   >  Todays Paper  >  page 7  >  

ചാന്ദ്രയാന്‍ 2 വിക്ഷേപണം വീണ്ടും മാറ്റി: ഇന്ത്യക്ക് മുമ്പ് ഇസ്രായേല്‍ ചന്ദ്രനില്‍ എത്തും

Published : 7th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്രയാന്‍ 2ന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചതോടെ ഇന്ത്യക്ക് മുമ്പ് ഇസ്രായേല്‍ ചന്ദ്രനിലെത്തും. ചാന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍ 1ന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യ ദൗത്യം അടുത്ത വര്‍ഷത്തേക്കാണു മാറ്റിയത്. ഈ വര്‍ഷം ഏപ്രിലില്‍ വിക്ഷേപണം നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് ഒക്ടോബറിലേക്ക് നീട്ടി. എന്നാല്‍, വിക്ഷേപണം അടുത്ത വര്‍ഷമായിരിക്കുമെന്നാണു പുതിയ റിപോര്‍ട്ടുകള്‍. സാങ്കേതികത പ്രശ്‌നങ്ങളാണു വിക്ഷേപണം നീട്ടിവയ്ക്കാന്‍ ഇടയാക്കിയത്.
അതേസമയം, ചാന്ദ്രപര്യവേഷണ ദൗത്യവുമായി ഇസ്രായേലില്‍ നിന്നുള്ള പേടകം ഈ വര്‍ഷം ഡിസംബറില്‍ കുതിക്കും. യുഎസിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്. ഈ പേടകം അടുത്ത വര്‍ഷം ഫെബ്രുവരി 13ന് ചന്ദ്രനിലെത്തുമെന്നാണ് കണക്കുകൂട്ടലുകള്‍. ചന്ദ്രയാന്‍ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ചന്ദ്രോപരിതല പഠനത്തിനാണു 800 കോടി രൂപ ചെലവില്‍ നിരീക്ഷണ പേടകം അയയ്ക്കുന്നത്.
ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍ പഠിക്കുന്നതിനാണു രണ്ടാം ദൗത്യം ഊന്നല്‍ നല്‍കുക. ചന്ദ്രന്റെ ഉപരിതലത്തിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കൃത്യമായി പഠിക്കുക എന്ന ലക്ഷ്യത്തോടെ 2008 ലാണു ചന്ദ്രയാന്‍1 വിക്ഷേപിച്ചത്. പുതിയ വിക്ഷേപണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണു ചെറിയ സൂചനകള്‍ മാത്രമേ ഐഎസ്ആര്‍ഒ തന്നിട്ടുള്ളൂ. ഇന്ത്യയുടെ ചാന്ദ്രപേടകവും റഷ്യയുടെ ഒരു ലാന്ററും റോവറും അടങ്ങുന്നതാണ് ചാന്ദ്രയാന്‍ 2. ചന്ദ്രനു മുകളില്‍ സഞ്ചാരപഥത്തില്‍ പേടകം എത്തിയതിനു ശേഷം റോവര്‍ ഉള്‍ക്കൊള്ളുന്ന ലാന്റര്‍ പേടകത്തില്‍ നിന്ന് വേര്‍പ്പെടുകയും ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുകയും ചെയ്യും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss