|    Apr 23 Mon, 2018 9:38 am
Home   >  Editpage  >  Lead Article  >  

ചാനല്‍ മേലാവികള്‍ക്കുമുണ്ട് അജണ്ടകള്‍

Published : 24th November 2015 | Posted By: SMR

ഒ അബ്ദുല്ല

ഫാറൂഖ് കോളജിലെ ബെഞ്ച്മാര്‍ക്ക് സമരത്തോടനുബന്ധിച്ച് ചാനലുകള്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകളില്‍ ഇടപെട്ട് സംസാരിച്ച വ്യക്തി പിറ്റേദിവസം കാലത്തു വിളിച്ച്, ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ നല്ലപാതി താങ്കളുടെ പക്ഷത്താണെന്ന് അറിയിച്ചപ്പോള്‍ അദ്ഭുതമൊന്നും തോന്നിയില്ല. ചില നിഗൂഢ ലക്ഷ്യങ്ങളും നിക്ഷിപ്ത താല്‍പര്യങ്ങളും മുന്‍നിര്‍ത്തി വീണുകിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ചില നമ്പറുകള്‍ ഇറക്കുന്നു. ഫാറൂഖ് കോളജ് വിഷയത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. ചാനലുകളുടെ എഡിറ്റോറിയല്‍ റൂമില്‍ ഇരിക്കുന്നവരുടെ നിലപാടുകള്‍ ഇതുമായി ഒത്തുവരുമ്പോള്‍ പിന്നെയൊരു കലകലക്കലാണ്.
സംവാദങ്ങളില്‍ പങ്കെടുക്കുന്നവരില്‍ നിങ്ങളല്ലാത്ത എല്ലാവരും മറുപക്ഷത്തായാല്‍ പോലും ഒരല്‍പം സാവകാശം ലഭിക്കുകയാണെങ്കില്‍ ഏതു ഘടാഘടിയന്മാരുമായും ഒരുകൈ നോക്കാവുന്നതേയുള്ളൂ. ആങ്കര്‍മാര്‍ എന്നറിയപ്പെടുന്ന ജൂറികളാണ് പ്രശ്‌നം. തങ്ങള്‍ക്ക് ഹിതകരമായതു മാത്രം പറയുന്ന ഒരു പാനല്‍പ്പട മുന്‍കൂട്ടി തയ്യാറാക്കിവയ്ക്കും. ദുര്‍ബലനായ ഒരു മറുപക്ഷത്തെ ഇപ്പുറത്തും നിര്‍ത്തും. ഇരയ്ക്കു ജീവനുണ്ടെന്നു കണ്ടാല്‍ ആങ്കര്‍മാര്‍ പച്ചയായി പക്ഷംചേരും. അഹിതകരമായതു പറഞ്ഞ് എതിര്‍കക്ഷി പരാജയപ്പെടുന്നുവെന്നു കാണുന്ന മാത്രയില്‍ തിരിച്ചുവരാമെന്നും പറഞ്ഞ് ഒരൊറ്റ പോക്കാണ്. പിന്നീട് കാണുക നന്ദിപ്രകടനം നടത്തുമ്പോഴാണ്.
ആങ്കറുടെ ദയാവായ്പിനു വിധേയനായി അദ്ദേഹത്തിന്റെ ചോദ്യശരവര്‍ഷങ്ങള്‍ക്കു മറുപടി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഈയുള്ളവന്‍. ഫാറൂഖ് കോളജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചൊരു ബെഞ്ചിലിരുന്നു പഠിച്ചാല്‍ ആകാശം വീഴുമോ എന്നായിരുന്നു ചോദ്യം. ആകാശം വീഴില്ലെങ്കിലും ഭൂമി പിളരും എന്നായിരുന്നു ഉത്തരം.
വിശദീകരണം: നൈതികതയെയും മൂല്യങ്ങളെയും സംബന്ധിച്ച് തലമുറകളായി നാം മുറുകെപ്പിടിക്കുകയും കൈമാറുകയും ചെയ്യുന്ന ചില കാഴ്ചപ്പാടുകളുണ്ട്. അതനുസരിച്ച് ആണ്‍-പെണ്‍സൗഹൃദം പങ്കുവയ്ക്കാന്‍ ഒരേ ബെഞ്ചിലിരുന്നു തൊട്ടുരുമ്മി കൊക്കുകള്‍ പരസ്പരം ഉരസി പഠിച്ചുവളരണമെന്നില്ല. ഒരേ കാംപസില്‍ മേഞ്ഞുനടന്ന് ഒരേ കോളജില്‍ ഒരേ ക്ലാസിലിരുന്നു പഠിച്ചാലും ആരോഗ്യകരമായ സൗഹൃദം സാധ്യമാവും.
കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമുള്ള കോളജുകളുണ്ട്. അവയുടെ കവാടങ്ങള്‍ക്കു മുമ്പില്‍ ചെന്ന് ലിംഗസമത്വം പാലിക്കണം, പെണ്‍കുട്ടികളോടൊപ്പം ഇരുന്നു പഠിക്കാന്‍ അനുവദിക്കണം എന്ന് ഡിവൈഎഫ്‌ഐ അടക്കമുള്ള ഏതെങ്കിലും പ്രക്ഷുബ്ധ വിദ്യാര്‍ഥിപ്രസ്ഥാനക്കാര്‍ മുദ്രാവാക്യം മുഴക്കിയതായി അറിയില്ല. കോളജുകളിലും ബസ്‌സ്‌റ്റോപ്പുകളിലും മറ്റു പൊതുഇടങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ടോയ്‌ലറ്റുകളാണ്. ഒളികാമറകളുമായി ചില ഞരമ്പുരോഗികള്‍ സ്ത്രീടോയ്‌ലറ്റുകളുടെ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങി പിടിയിലായത് ഒഴിച്ചാല്‍, സ്ത്രീടോയ്‌ലറ്റുകളുടെ ഉപയോഗം പുരുഷന്മാരിലേക്കു വ്യാപിപ്പിക്കണമെന്ന് ഇന്നേവരെ ഒരാളും ആവശ്യപ്പെട്ടിട്ടില്ല.
ബസ്സില്‍ സ്ത്രീകള്‍ക്ക് സീറ്റ് വേറെ, പുരുഷന്മാര്‍ക്ക് വേറെ. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളില്‍ പോലും ഒഴിവുള്ള സ്ത്രീസീറ്റുകളില്‍ പുരുഷനിരിക്കാന്‍ പാടില്ല എന്നതാണ് കീഴ്‌വഴക്കം. തീവണ്ടികളില്‍ ലേഡീസ് ഓണ്‍ലി കംപാര്‍ട്ട്‌മെന്റുകളുണ്ട്. ഏതെങ്കിലും ഗോവിന്ദച്ചാമിമാര്‍ ഇതില്‍ വലിഞ്ഞുകയറിയാല്‍ ചങ്ങല വലിച്ചു വണ്ടി നിര്‍ത്തി സഹയാത്രികര്‍ വലിഞ്ഞുകയറിയവനെ പോലിസില്‍ ഏല്‍പിക്കും. സംഗതികള്‍ ഇതായിരിക്കെ, കോളജില്‍ അതും ഫാറൂഖ് കോളജില്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും മുട്ടിയുരുമ്മി ഇരിക്കണമെന്ന ശാഠ്യം അങ്ങേയറ്റം ദുരൂഹമാണ്.
ആരോഗ്യകരമായ സ്ത്രീ-പുരുഷസൗഹൃദം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഈ സൗഹൃദം സ്ത്രീയുടെ കാര്യത്തില്‍ എപ്പോഴാണ് ദുരന്തമായി കലാശിക്കുകയെന്നതു നാം മനസ്സിലാക്കുക, വിവാഹം കഴിച്ചുകൊള്ളാമെന്നു വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയെന്ന പരാതിയുമായി പെണ്‍കുട്ടി ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങളില്‍ കണ്ണീരുമായി കടന്നുവരുമ്പോഴാണ്. ഇവിടെ പുരുഷനു നഷ്ടപ്പെടാനൊന്നുമില്ല. സ്ത്രീയുടെ കാര്യത്തിലാവട്ടെ, അവര്‍ക്കൊരു ആശ്വാസമായിട്ടുള്ളത് റെയില്‍പ്പാളങ്ങളോ എന്‍ഡോസള്‍ഫാനോ ഫാനിന്റെ തലയ്ക്കല്‍ കെട്ടിയ സാരിത്തുമ്പുകളോ ഒക്കെയാണ്.
തൊഴിലിടങ്ങളില്‍ സ്ത്രീക്കും പുരുഷനും ഇടപഴകേണ്ടിവരും. അപ്പോള്‍ പോലും പക്ഷേ, സൂക്ഷ്മതയും കൃത്യമായ അകലം പാലിക്കലും അനിവാര്യമാണ്. സൗഹൃദത്തിന്റെ അഭാവത്തിലല്ല ബഹുമാന്യനും പക്വമതിയുമായ തെഹല്‍കയുടെ പ്രശസ്തനായ പത്രാധിപര്‍ക്കെതിരേ സഹപ്രവര്‍ത്തകയായ സബ് എഡിറ്റര്‍ പരാതി ഉന്നയിച്ചതും തുടര്‍ന്ന് തെഹല്‍ക എന്ന വേറിട്ട വായനാനുഭവം വായനക്കാരന് ഏറെക്കാലം ഒരോര്‍മ മാത്രമായി കലാശിച്ചതും.
എന്തിനും പടിഞ്ഞാറുള്ള നാഗരികതയുടെ അങ്ങാടിത്തെരുവുകളാണ് മാതൃക. അവിടെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചു ക്ലാസിലിരിക്കുന്നു. പത്തോ പന്ത്രണ്ടോ വയസ്സ് പ്രായമാവുമ്പോള്‍ ഡേറ്റിങ് തുടങ്ങുന്നു. ഹോസ്റ്റലുകളില്‍ ഒന്നിച്ചുറങ്ങുന്നു. ഗര്‍ഭിണിയാവുമ്പോള്‍ ഗര്‍ഭഛിദ്രം നടത്തുകയോ പ്രസവിക്കുകയോ ചെയ്യുന്നു. അതിന്റെ പേരിലൊന്നും കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ അവര്‍ക്ക് യാതൊരുതരത്തിലുള്ള പീഡനമോ വിവേചനമോ നേരിടേണ്ടിവരില്ല. ഇംഗ്ലണ്ടില്‍ ജാരസന്താനങ്ങളുടെ അംഗസംഖ്യ നിയമാനുസൃത വിവാഹത്തില്‍ പിറന്ന കുട്ടികളുടെ എണ്ണത്തെ ഇതിനകം കവച്ചുവച്ചിരിക്കുന്നു. സമൂഹത്തിനോ ഭരണകൂടത്തിനോ അതൊരു പ്രശ്‌നമല്ല.
ഇതാണോ കേരളത്തിലെ സ്ഥിതി? ഗര്‍ഭധാരണമിരിക്കട്ടെ, നിങ്ങളുടെ പെണ്‍കുട്ടിയെ അവളുടെ കോളജ് മേറ്റ് ലൈനാക്കിയിരിക്കുന്നു എന്നു മാതാപിതാക്കളോടു പറഞ്ഞാല്‍ ആ നിമിഷം അവര്‍ ബോധംകെട്ടുവീഴും. തങ്ങള്‍ അന്വേഷിക്കുന്ന വധുവിന് കോളജില്‍ ഒരു ലൗ അഫയര്‍ ഉണ്ടായിരുന്നുവെന്ന് ഏതെങ്കിലും വിവാഹംമുടക്കികള്‍ നുണപറഞ്ഞാല്‍ മതി, ആ പെണ്‍കുട്ടിക്ക് ഈ ജന്മം വരനെ ലഭിക്കില്ല. ഒരേ ബെഞ്ചില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒന്നിച്ചിരുത്തി ആരോഗ്യകരമായ സ്ത്രീപുരുഷ സൗഹൃദത്തിനു വേണ്ടി നാക്കിട്ടടിക്കുന്നവര്‍ സ്വന്തം പെണ്‍കുട്ടികളെ ഇത്തരമൊരു ഏര്‍പ്പാടിനു വിട്ടുകൊടുക്കുമോ?
ഫാറൂഖ് കോളജില്‍ ദിനു എന്ന പുരുഷ വിദ്യാര്‍ഥിയോടൊപ്പം സമരത്തിനിറങ്ങിയ മുഴുവന്‍ പെണ്‍കുട്ടികളും പെട്ടെന്നുതന്നെ തിരിച്ചുകയറി. ദിനുവിന്റെ സമരത്തില്‍ ദിനു മാത്രം. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ ദിനു ഒറ്റപ്പെടാന്‍ കാരണമെന്ത്? ദിനുവിന്റെ വിഷയത്തില്‍ കോളജും മാനേജ്‌മെന്റും മാത്രമല്ല കോളജ് രക്ഷാധികാര സമിതിയും ഒറ്റക്കെട്ടാണ്. എന്തുകൊണ്ടിതു സംഭവിക്കുന്നു?
ചര്‍ച്ചയ്ക്കിടെ ജാരസന്താനങ്ങളുടെ വിഷയം പരാമര്‍ശിച്ചപ്പോള്‍ നിലയവിദ്വാന്‍ ആങ്കര്‍ ഇടപെട്ട് ‘അപ്പോള്‍ ഒരേ ബെഞ്ചില്‍ ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ജാരസന്താനങ്ങളോ’ എന്നു ചോദിച്ച് ചര്‍ച്ച പെട്ടെന്ന് മറ്റൊരാളിലേക്കു മാറ്റിക്കളഞ്ഞു. തിരിച്ചെത്തിയപ്പോള്‍ തിരുത്താന്‍ ശ്രമിച്ചെങ്കിലും ആങ്കര്‍ വഴങ്ങിയില്ല. ഈയൊരു സംഭവത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ചാനല്‍ എഡിറ്റര്‍മാരുടെ റൂമുകളില്‍ നിന്നുള്ള ചെകുത്താനേറ്. വടക്കേ ഇന്ത്യയില്‍ അടിക്കടി ആവര്‍ത്തിക്കുന്ന കലാപങ്ങളില്‍ അകപ്പെട്ടവരുടെ പാവം പൈതങ്ങളെ ഓടകളില്‍ നിന്നും ചാളകളില്‍ നിന്നും പെറുക്കിക്കൊണ്ടുവന്ന് അവര്‍ക്ക് താമസവും ഭക്ഷണവും വിദ്യാഭ്യാസവും കൊടുക്കാന്‍ ശ്രമിച്ച അനാഥശാലാ അധികൃതരെ സിബിഐയെ വിട്ടു കടിപ്പിച്ചതിനു പിന്നില്‍ ഈ ചാനല്‍ കുറ്റാന്വേഷണവിഭാഗത്തിന്റെ പങ്ക് ചെറുതല്ല. എത്ര മണിക്കൂറുകളാണ്, ആഴ്ചകളാണ്, മാസങ്ങളാണ് അവരാ അനാഥകളെ വേട്ടയാടാന്‍ ചെലവഴിച്ചത്?
അവസാനം ആ കുരുന്നുകളെല്ലാം തങ്ങള്‍ പുറപ്പെട്ട ഓടകളിലും ചേരികളിലും തിരിച്ചെത്തി, സ്‌കൂളില്‍ പോവാതെയും അറിവിന്റെ അക്ഷരങ്ങള്‍ നുകരാതെയും തങ്ങളുടെ പൂര്‍വിക തെരുവുകളില്‍ അലഞ്ഞുനടക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ചാനലുകാര്‍ അവരുടെ എഡിറ്റേഴ്‌സ് റൂമിലെ ലൈറ്റ് ഓഫാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss