|    Jan 17 Wed, 2018 1:01 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ചാനല്‍ പരിപാടികള്‍ എന്ന വഷളത്തരങ്ങള്‍

Published : 9th February 2016 | Posted By: SMR

slug-vettum-thiruthumഇത്തിരിയെങ്കിലും സാമൂഹികബോധവും നീതിബോധവുമുള്ളവെര ആശങ്കയിലാക്കുന്ന ഒരൊറ്റ പ്രശ്‌നമേ മുഖ്യസ്ഥാനത്തുള്ളൂ. ടിവി ചാനലുകള്‍ പ്രസരിപ്പിക്കുന്ന വിവിധ ബ്രാന്‍ഡുകളിലുള്ള കലാപരിപാടികളും അവാര്‍ഡ് നിശകളും വാര്‍ത്താവേളകളിലെ ചര്‍ച്ചകളും അവ പ്രസരിപ്പിക്കുന്ന വിഷമയ വിഷയങ്ങളും.
”ഇന്നത്തെ ഞങ്ങളുടെ പ്രധാന ചര്‍ച്ച ഒരു മാതാവ് മകനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട സാമൂഹിക ജീര്‍ണതയാണ്. ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഡോ. നാരങ്ങാശ്ശേരി, സാമൂഹികശാസ്ത്രജ്ഞന്‍ എന്‍ കെ മംഗലൂര്‍, രാഷ്ട്രീയനിരീക്ഷകന്‍ കറുത്ത വൈദ്യര്‍ എന്നിവര്‍ വിവിധ സ്റ്റുഡിയോകളിലും ജസ്റ്റിസ് ഒതളങ്ങാ നാരായണന്‍ നേരിട്ടും സംവദിക്കുന്നതാണ്. ആദ്യമായി ഡോ. നാരങ്ങാശ്ശേരി. മാതാവ് മകനെ പീഡിപ്പിച്ചു എന്നത് കേരള ചരിത്രത്തില്‍ ഇതാദ്യമായിട്ടായിരിക്കാം. എന്താണ് താങ്കളുടെ പ്രതികരണം?
ഡോ. നാരങ്ങാശ്ശേരി: അമ്മ മകനെ പീഡിപ്പിച്ചു എന്നത് ആദ്യമാണെന്നൊക്കെ പറയുന്നത് അതിശയോക്തിയാണ്. ഫീസടയ്ക്കാന്‍ തന്ന പണം സിനിമ കാണാന്‍ ഉപയോഗിച്ചതിന് എന്റെ മാതാവ് ചട്ടുകം വച്ച് എന്നെ പൊള്ളിച്ചിട്ടുണ്ട്.
ഉടന്‍ അവതാരകന്‍ ഇടപെടുന്നു.
”ശരി, മിസ്റ്റര്‍ നാരങ്ങാശ്ശേരി. ഉടനെ താങ്കളിലേക്കു വരാം. എന്‍ കെ മംഗലൂര്‍, നാരങ്ങാശ്ശേരി പറയുന്നത് അദ്ദേഹത്തെ സ്വന്തം മാതാവ് പീഡിപ്പിച്ചിട്ടുണ്ട് എന്നാണ്.
എന്‍ കെ മംഗലൂര്‍ ഫ്രൊയിഡ്, യുങ് തുടങ്ങിയവരെയൊക്കെ ഉദ്ധരിച്ച് പ്രേക്ഷകരെ വശംകെടുത്തുന്നു. ഒടുവില്‍ ഉള്ളി തൊലിച്ചപോലെ കോളജില്‍ നിന്ന് വരാന്‍ വൈകിയ മകനെ മാതാവ് ശിക്ഷിച്ചതും മകന്‍ അക്രമാസക്തനായതും പോലിസ് ഇടപെട്ടതുമൊക്കെയാണ് ചര്‍ച്ചയ്ക്കാധാരമായ വസ്തുത എന്നു വെളിവാകുന്നു. മേല്‍പറഞ്ഞ ചിത്രീകരണം അതിശയോക്തിയുടേതാണെങ്കിലും ഇതൊക്കെതന്നെയല്ലേ മിക്ക ചാനലുകളിലെയും ചര്‍ച്ചകളുടെ സ്ഥിതി എന്ന് ചിന്തിച്ചാല്‍ ബോധ്യമാവും.
മറ്റൊന്ന്, സീരിയലുകള്‍ എന്ന ‘മണ്ണെണ്ണ’ പരിപാടികളാണ്. ദൂരദര്‍ശന്‍ ആരംഭകാലത്തൊക്കെ ഡല്‍ഹി നെറ്റ്‌വര്‍ക്കില്‍ ചില നല്ല ഹിന്ദി സീരിയലുകള്‍ കണ്ടത് ഓര്‍ക്കുന്നു. എന്നാല്‍, മലയാളത്തില്‍ 35 വര്‍ഷത്തിനിടെ ഒരൊറ്റ പരമ്പരപോലും ശരാശരി നിലവാരം പുലര്‍ത്തിയതായി ഓര്‍മകളിലില്ല. തികഞ്ഞ ബുദ്ധിശൂന്യന്മാര്‍ സംവിധായകരായോ എന്നു തോന്നിപ്പിക്കുമാറ് വഷളത്തരങ്ങളുടെ കുത്തൊഴുക്കാണ് മിക്ക സീരിയലുകളും. ഗായകന്‍ യേശുദാസ് അടക്കം പല പ്രഗല്ഭരും സീരിയല്‍ വഷളത്തരങ്ങള്‍ക്കെതിരേ പ്രതികരിച്ചുകഴിഞ്ഞു. സ്വന്തം കുടുംബത്തിലെ ചിലരെങ്കിലും ചാനലുകളുടെ ചില വഷളന്‍ പരിപാടികള്‍ക്കു നിന്നുകൊടുക്കാറുണ്ട് എന്ന പരമാര്‍ഥം യേശുദാസ് മനസ്സിലാക്കിയിട്ടുണ്ടോ എന്നതാണു ചിന്തിക്കാനുള്ളത്. കാശുകിട്ടുമെങ്കില്‍ ആര്‍ക്കും എന്തുമാവാം എന്നിടത്തേ യേശുദാസും എത്തുകയുള്ളൂ!
വിടവാങ്ങിയ നടി കല്‍പനയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഒരു ചാനല്‍ ആഭാസം പുനസംപ്രേഷണം ചെയ്ത പരിപാടിയില്‍ മൂന്നുവയസ്സുള്ള കുഞ്ഞ് അമ്മയെ കുരങ്ങെന്നും അച്ഛനെ കരടിയെന്നും വിളിച്ചത് വളിച്ച മുഖത്തോടെ ആസ്വദിച്ച് മാതാപിതാക്കള്‍ കാമറയെ അഭിമുഖീകരിക്കുന്നു. അശ്ലീല കാഴ്ചകളുടെ ഓട്ടക്കൂടാരങ്ങളാണ് ചാനലുകള്‍ മുക്കാലേ മുണ്ടാണിയും.
നൈതികബോധം ശിരസ്സില്‍ കയറി പരിസരബോധം തന്നെ ഇല്ലാതെയാണ് ചില ചാനലുകള്‍ ഹാസ്യം എന്ന പേരിലും ആത്മീയം എന്ന പേരിലും പുളിച്ചുനാറിയ ചില വിചാരങ്ങള്‍ ഇളക്കിമറിക്കുന്നത്. വീട്ടില്‍ ഇടാന്‍ പറ്റാത്ത പത്ര-മാസികകള്‍ എന്നൊരു വിഭാഗം പണ്ട് നാട്ടിലുടനീളം ഉണ്ടായിരുന്നു. ഇന്ന് അത് കുടുംബങ്ങളില്‍ സ്വിച്ചിടാന്‍ പറ്റാത്ത വൃത്തികേടുകള്‍ ആയി മാറി.
എന്താണിതിനൊരു പ്രതിവിധി?
പത്ര-മാസിക നടത്താന്‍ അഡീഷനല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കുമ്പോള്‍ പത്രാധിപര്‍, പ്രിന്റര്‍, പബ്ലിഷര്‍, അച്ചടിശാല എന്നിവ സംബന്ധിച്ച് വിശദവിവരങ്ങള്‍ നല്‍കണം. പോലിസ് വെരിഫിക്കേഷനു ശേഷമാണ് അടുത്ത നടപടികള്‍. എന്നാല്‍, ചാനലുകള്‍ക്ക് അത്തരം ‘വെരിഫിക്കേഷനുകള്‍’ ഇല്ല. കോടികള്‍ ചാക്കിലാക്കി ഇന്ദ്രപ്രസ്ഥത്തിലേക്ക് വിമാനം കയറിയാല്‍ ഏതു തോന്ന്യാസിക്കും ലൈസന്‍സ് എന്നിടത്തേക്കാണ് ഇന്നു കാര്യങ്ങള്‍. ഇതിനൊരു പ്രതിവിധിയുണ്ടായാല്‍ ഒരുപരിധിവരെ ചാനലുകളെ നിയന്ത്രിക്കാം.
**********

കോഴിക്കോട് കടപ്പുറത്ത് ഡി സി രവിയുടെ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍മൂലം നാലുദിവസം മല്‍സ്യബന്ധനം മുടങ്ങിയതായി മല്‍സ്യത്തൊഴിലാളികള്‍. അയലമല്‍സ്യം വേണ്ടത്ര കിട്ടിയില്ലേ എന്ന് ഡെലിഗേറ്റുകളോട് എഴുത്തുകാര്‍. സംഭവം ഒരുതരം കരമല്‍സ്യമായി എന്നു വിമര്‍ശക പ്രതിഭകള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day