|    Oct 15 Mon, 2018 4:58 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചാണ്ടി പരുങ്ങലില്‍ ; സര്‍ക്കാര്‍ പ്രതിരോധത്തില്‍

Published : 24th September 2017 | Posted By: fsq

 

എ  എം  ഷമീര്‍  അഹ്മദ്

തിരുവനന്തപുരം: കായല്‍ കൈയേറ്റം ആരോപണത്തില്‍പ്പെട്ട ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ നടപടിക്ക് സര്‍ക്കാരില്‍ കനത്ത സമ്മര്‍ദം. ചാണ്ടിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്നു ചൂണ്ടിക്കാട്ടി എല്‍ഡിഎഫിനുള്ളിലും മന്ത്രിക്കെതിരേ പടയൊരുങ്ങി. മന്ത്രിയെ പരസ്യമായി വിമര്‍ശിച്ച് വി എസ് അച്യുതാനന്ദനും രംഗത്തുവന്നു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുമ്പോള്‍ ആലപ്പുഴ കലക്ടറുടെ അന്തിമ റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ മതിയെന്നു സിപിഎം നേതൃത്വം ധാരണയിലെത്തി. കൈയേറ്റങ്ങളെ കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ റിപോര്‍ട്ട് ആലപ്പുഴ കലക്ടര്‍ ടി വി അനുപമ സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതിനായി മാര്‍ത്താണ്ഡം കായലിലെ ഭൂമിയിലും ലേക് പാലസിലും വിശദ പരിശോധന നടത്താന്‍ റവന്യൂ ഉദ്യോഗസ്ഥരെ കലക്ടര്‍ നിയോഗിച്ചു. രേഖകള്‍ ഹാജരാക്കാന്‍ മന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.അതേസമയം, രാജിവയ്ക്കില്ലെന്ന നിലപാടിലാണ് മന്ത്രി തോമസ് ചാണ്ടി. താന്‍ ഒരു സെന്റ് ഭൂമി പോലും കൈയേറിയില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. കൈയേറ്റം തെളിയിച്ചാല്‍ രാജിയാവാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മാര്‍ത്താണ്ഡം കായലിലെ ഭൂമി മണ്ണിട്ടു നികത്തിയെന്ന പരാതി ശരിയാണെന്നു ചാണ്ടി തന്നെ സമ്മതിച്ചത് സര്‍ക്കാരിനു തിരിച്ചടിയായി. കുറ്റക്കാരനെങ്കില്‍ നടപടി ഉണ്ടാവണമെന്ന നിലപാടാണ് സിപിഐയുടേത്. വിവാദത്തില്‍ ആദ്യം തണുപ്പന്‍ മട്ടിലായിരുന്ന പ്രതിപക്ഷം കൂടി രാജിയാവശ്യവുമായി രംഗത്തെത്തിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി. മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കുമെന്ന് തോമസ് ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ പന്ത് പിണറായി വിജയന്റെ കോര്‍ട്ടിലാണ്. പക്ഷേ, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം നടപടി വേണ്ടെന്നാണ് സിപിഎം നേതൃത്വത്തിലെ പൊതുധാരണ. കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായിരുന്നു. കൈയേറ്റം തെളിഞ്ഞാല്‍ ചാണ്ടിയെ സംരക്ഷിക്കേണ്ടെന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങളൊന്നും വേണ്ടെന്ന നിര്‍ദേശവും നേതാക്കള്‍ക്ക് നല്‍കി. നിലവില്‍ തോമസ് ചാണ്ടിയുടെ കൈയേറ്റം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ കൈവശമില്ല. അന്തിമ റിപോര്‍ട്ട് വരുമ്പോള്‍ മാത്രം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടാല്‍ മതിയെന്നാണ് സെക്രട്ടേറിയറ്റ് നിര്‍ദേശം. അതിനിടെ, ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വിഷയത്തില്‍, ഇ പി ജയരാജന്റെയും എ കെ ശശീന്ദ്രന്റെയും കാര്യത്തില്‍ ഉണ്ടായതുപോലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന അഭിപ്രായത്തിനാണ് എല്‍ഡിഎഫില്‍ മുന്‍തൂക്കം. പക്ഷേ, മൂന്നാമതൊരു മന്ത്രിയുടെ രാജി സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുമെന്ന നിലപാടുള്ളവരുമുണ്ട്. വിഷയം അടിയന്തരമായി എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍, ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാവും അന്തിമ തീരുമാനമുണ്ടാവുക. മന്ത്രിക്കെതിരേ പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. സ്വമേധയാ രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസ്ഥാനത്ത് തുടരാന്‍ ചാണ്ടിക്ക് അര്‍ഹതയില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss