|    Feb 23 Thu, 2017 6:10 am
FLASH NEWS

ചാണക കുണ്ടില്‍ നിന്നു കാലെടുത്തിട്ട് പോരെ, ഡിജിറ്റലാവല്‍ ?

Published : 30th November 2016 | Posted By: G.A.G

imthihan-SMALLന്ത്യ ആദ്യമായി കൃതിമ ഉപഗ്രഹ വിക്ഷേപണ ശ്രമങ്ങള്‍ നടത്തുന്ന വേളയില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ അതിനെ അതി രൂക്ഷമായി പരിഹസിച്ചിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ഒരു കാളവണ്ടിയില്‍ വിക്ഷേപണത്തിനുളള റോക്കറ്റുകളുമായി പോകുന്ന കര്‍ഷക വേഷം ധരിച്ച ഇന്ത്യക്കാരന്റെ കാര്‍ട്ടൂണാണ് ഇവയില്‍ പ്രസിദ്ധം. മുന്തിയ നോട്ട് നിരോധം സൃഷ്ടിച്ച പ്രതിസന്ധി സാമ്പത്തിക മേഖലയില്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കെ കറന്‍സി രഹിത ഇന്ത്യ എന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതാണ് ആ പഴയ കാര്‍ട്ടൂണിനെ സ്മൃതി പഥത്തില്‍ വീണ്ടുമെത്തിച്ചത്.

ബഹിരാകാശ പര്യവേഷണ രംഗത്ത് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഉയരങ്ങളിലേക്ക് നമ്മുടെ രാജ്യം വളര്‍ന്നെങ്കിലും  അതുപോലെ എളുപ്പമല്ല ബഹുഭൂരിപക്ഷം നിരക്ഷരരും പട്ടിണിക്കാരുമായ ഒരു ജനതയെ ഡിജിറ്റല്‍ സാമ്പത്തിക ക്രമത്തിലേക്കു പറിച്ചു നടുക എന്നത് എന്ന്  സാമാന്യബുദ്ധി നാഗ്പൂരില്‍ പണയം വെക്കാത്തവരൊക്കെ അംഗീകരിക്കും. വിപണിയില്‍ വിനിമയം ചെയ്യപ്പെട്ടു കൊണ്ടിരുന്ന ആകെ കറന്‍സിയുടെ എണ്‍പത്തഞ്ചു ശതമാനം യാതൊരു മുന്നൊരുക്കവും കൂടാതെ  ഒരു പാതിരാത്രി പിന്‍വലിച്ച് ജനങ്ങളെ പെരുവഴിയിലാക്കിയതിന് പരിഹാരമായി ആവശ്യമായ പുതിയ നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്ന പ്രവൃത്തി അടുത്ത കാലത്തൊന്നും തീരാന്‍ പോകുന്നില്ലെന്ന തിരിച്ചറിവാണ്  പ്രധാനമന്ത്രിയുടെ പുതിയ വെളിപാടിനു പിന്നില്ലെന്നു കരുതേണ്ടതില്ല.

കറന്‍സി പിന്‍വലിക്കല്‍ പേട്ടിഎം, ഡെബിറ്റ് കാര്‍ഡ്,മൊബൈല്‍ ആപ്‌സ് തുടങ്ങിയ വഴിയുളള സാമ്പത്തിക ഇടപാടുകള്‍ക്ക് വന്‍ സാധ്യതകളാണ് സൃഷ്ടിച്ചിരിക്കുന്നത്. കറന്‍സി സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി ഒരേസമയം കളളപ്പണക്കാര്‍ക്കെതിരെ നിലകൊളളുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും അതോടൊപ്പം കളളപ്പണം കൊണ്ട് കൊഴുത്തു വീര്‍ക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി നിലകൊളളുകയും ചെയ്യുകയാണ് മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് ഓരോ ദിവസം കഴിയും തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

ഉദാഹരണത്തിന് ഇന്ത്യയിലെ അറിയപ്പെടുന്ന മൊബൈല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആയ പേട്ടിഎമ്മിന്റെ പ്രതിദിന ഇടപാട് അമ്പത് ലക്ഷം കണ്ട് വളര്‍ന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ  കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് കറന്‍സി പിന്‍വലിക്കല്‍ നടപടിയിലൂടെ രാജ്യം മുഴുവന്‍ വലയുകയും ജനകോടികള്‍ അത്താഴപട്ടിണിക്കാരായി മാറുകയും ചെയ്തപ്പോള്‍ പേടിഎമ്മിന്റെ ഉടമ വിജയ് ശേഖര്‍ ശര്‍മ്മ എന്ന വ്യക്തിക്ക് അനേക കോടികളുടെ ആസ്തി വര്‍ധിച്ചിരിക്കുന്നു.

ദിവസവേതനത്തിന് ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന അനേക കോടികള്‍ നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ അരപ്പട്ടിണിക്കാരോ മുഴുപട്ടിണിക്കാരോ ആയി മാറികൊണ്ടിരിക്കുമ്പോഴാണിതെന്ന് ഓര്‍ക്കണം. ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് 24000 കോടിയുടെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ജനസംഖ്യയുടെ മുപ്പതു കോടിയോളം ദലിത്-ആദിവാസി വിഭാഗങ്ങളാണ്. ആദിവാസി വിഭാഗങ്ങളില്‍ കൃത്യമാസവരുമാനമുളളവര്‍ വെറും അഞ്ചു ശതമാനത്തിനടുത്തു മാത്രമാണ്. ദലിത് വിഭാഗങ്ങളില്‍ കവിഞ്ഞാല്‍ എട്ടു ശതമാനത്തിനും. അക്ഷരാഭ്യാസമില്ലാത്ത അന്നന്നത്തെ അന്നത്തിനു വേണ്ടി പകലന്തിയോളം വയലേലകളിലും മറ്റു തൊഴിലിടങ്ങളിലും പണിയെടുക്കുന്ന ഈ വിഭാഗങ്ങളടക്കമുളളവരോടാണ് മോദി പറയുന്നത് ഡിജിറ്റലാകൂ എന്ന്.

ആകെ ജനസംഖ്യയുടെ തൊണ്ണൂറു ശതമാനം പേരും ഡെബിറ്റ് /ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് യാതൊരു സ്ഥാനവുമില്ലാത്ത അസംഘടിത മേഖലയില്‍ ഉപജീവനം നടത്തുന്ന ഒരു രാജ്യത്തോടാണ് അതിന്റെ പ്രധാനമന്ത്രി ഇതു പറയുന്നത്. ഞങ്ങള്‍ അധികാരത്തിലേറിയതിനു ശേഷം പ്രധാനമന്ത്രി ധന്‍ യോജനയിലൂടെ ഇരുപതു കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്ന സംഘ്പരിവാര്‍ ബഡായി കേള്‍ക്കാഞ്ഞിട്ടല്ല, അവയില്‍ അന്‍പത്തെട്ടു ശതമാനത്തിനും സീറോ ബാലന്‍സ് അക്കൗണ്ട് മാത്രമേയുളളൂ എന്നും ഈ അക്കൗണ്ട് ഉടമകളില്‍ തൊണ്ണൂറ്റഞ്ചു ശതമാനത്തിനും മോദി സര്‍ക്കാര്‍ കളളപ്പണത്തിന്റെ നിക്ഷേപകേന്ദ്രമെന്ന് മുദ്രകുത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്ന  സഹകരണ ബാങ്കുകളില്‍ കൂടിയായിരുന്നു തങ്ങളുടെ ബാങ്കിങ് ആവശ്യങ്ങള്‍ നിവര്‍ത്തിച്ചിരുന്നത് എന്നു കൂടി അറിയുന്നതു കൊണ്ടാണ് സംഘ ഭാഷണം അപ്പടി വിഴുങ്ങാന്‍ സാധിക്കാത്തത്.

ഇനി വാദത്തിനു വേണ്ടി മുഴുവന്‍ പൗരന്‍മാര്‍ക്കും അക്കൗണ്ട് ലഭിച്ചു എന്നു തന്നെ വെക്കുക. പക്ഷേ ഗ്രാമീണ ബാങ്കിങ് മേഖലയുടെ നട്ടെല്ലായ സഹകരണബാങ്കുകളുടെ കഴുത്തു പിടിച്ച് ഞെരിച്ചു കൊല്ലുന്ന മോദിസര്‍ക്കാരിന്റെ നയം ആരെ പ്രീതിപ്പെടുത്താനാണ് ? ഗ്രാമീണ മേഖലയില്‍ അതിവിശാലമായ നെറ്റവര്‍ക്കുളള സഹകരണ ബാങ്കുകളുടെ സാന്നിധ്യമുണ്ടായിരുന്നിട്ട് കൂടി പല ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കും അഞ്ചും പത്തും കിലോമീറ്റര്‍ അകലെയാണ് എടിഎം അടക്കമുളള ബാങ്കിങ് സൗകര്യങ്ങള്‍ . അവിടങ്ങളിലെ റോഡ് വാഹന ഗതാഗത സൗകര്യങ്ങളാവട്ടെ ഇപ്പോഴും നാമമാത്രവും. ദലിതരും ആദിവാസികളും താമസിക്കുന്ന പല ഗ്രാമങ്ങളിലും വൈദ്യുതിയും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഇന്നും കേട്ടുകേള്‍വി മാത്രമാണ്.

ഇതിനെല്ലാം പുറമേ  ദിനം പ്രതി ഇലക്ട്രോണിക് കൊളളകള്‍ പെരുകുന്ന ഇക്കാലത്ത് ഇലക്ട്രോണിക് സുരക്ഷയുടെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനതക്ക് ആരാണ് അവരുടെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കുക. അടുത്ത കാലം വരെ മോഡി സര്‍ക്കാരിന്റെ കാര്യമായ പ്രചാരണം തുറസായ സ്ഥലങ്ങളിലെ വിസര്‍ജനം ഇല്ലാതാക്കാന്‍ വേണ്ടിയായിരുന്നു. അതായത് രാജ്യത്തെ നല്ലൊരു വിഭാഗത്തിന് തങ്ങളുടെ അടിസ്ഥാന പ്രാഥമിക സൗകര്യം നിര്‍വഹിക്കാന്‍ സ്വാതന്ത്യത്തിന്റെ അറുപതാം ദശകത്തിലും രാത്രിയുടെ ഇരുള്‍ പരക്കുന്നതു വരെ കാത്തിരിക്കണമെന്ന്. അക്കൂട്ടരോടാണ് മോഡി കറന്‍സിരഹിത ഇന്ത്യയെക്കുറിച്ച് വാചാലനാകുന്നത്. ദിഗംബരനായ രാജാവിന്റെ വസ്ത്രത്തെക്കുറിച്ച് സ്തുതികീര്‍ത്തനങ്ങളാലപിക്കുന്ന വിദൂഷക കൂട്ടത്തില്‍ നിന്ന് മാറി ചാണക കുണ്ടില്‍ നിന്ന് കാലെടുത്തിട്ടു പോരെ ഡിജിറ്റലാവുന്നതെന്ന് ചോദിക്കാന്‍  ഒരു കുട്ടിയുമില്ലേ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3,182 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക