|    Aug 17 Thu, 2017 1:16 pm
FLASH NEWS

ചാക്കയിലെ അടിപ്പാതയും മേല്‍പ്പാതയും ഒഴിവാക്കി

Published : 4th August 2017 | Posted By: fsq

 

തിരുവന്തപുരം: ചാക്കയിലെ അടിപ്പാതയുടെയും മേല്‍പാതയുടെയും നിര്‍മാണങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കിയതായി ദേശീയപാത അധികൃതര്‍.  വിമാനത്താവളത്തിലേക്കുള്ള പാതയൊരുക്കുന്നതിനായാണ് ചാക്ക ജങ്ഷനില്‍ അടിപ്പാതയും മേല്‍പ്പാതയും നിര്‍മിക്കാനായി ആദ്യം രൂപരേഖ തയ്യാറാക്കിയത്. എന്നാല്‍, സാങ്കേതികതടസ്സങ്ങളുടെ കാര്യം ചൂണ്ടിക്കാട്ടി ആ നിര്‍മാണം മരവിപ്പിച്ചു.  തുടര്‍ന്നു ചാക്കയില്‍ നിന്ന് ഈഞ്ചക്കലിലേക്ക് മേല്‍പ്പാത നിര്‍മിക്കാനും തീരുമാനമായി. ഇതിനായുള്ള രൂപരേഖ തയ്യാറാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു. ചാക്ക ഭാഗത്ത് നിന്നു കോവളത്തേക്കുള്ള നാലുവരിപാതയുടെ നിര്‍മാണങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഈഞ്ചക്കലില്‍ നിന്ന് പരുത്തിക്കുഴിഭാഗത്തേക്കു പോകുന്നിടത്ത് അടിപ്പാത പണിയും. മുട്ടത്തറ കല്ലുമ്മൂട് ജികെ ജങ്ഷനിലാണ് അടിപ്പാത പണിയുക.  മണക്കാട് -മുക്കോലയ്ക്കല്‍ വഴിയുള്ള റോഡ് അവസാനിക്കുന്നത് കല്ലുമ്മൂട്ടിലാണ്. ആഭ്യന്തര വിമാനത്താവളത്തിലേക്കു പോകുന്ന പാതയാണ് കല്ലുമ്മൂട് -വലിയതുറ റോഡ്. കല്ലുമ്മൂട് ജങ്ഷനില്‍ നിലവിലുള്ള റൗണ്ട് എബോട്ട് അടുത്തമാസത്തോടെ പൊളിച്ചുനീക്കും. ഇവിടത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളു. അമ്പലത്തറയെയും പൂന്തുറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കുമരിച്ചന്ത റോഡിന് കുറുകെ മേല്‍പ്പാലം നിര്‍മിക്കും. മതസ്ഥാപനങ്ങളും പള്ളികളും സ്‌കൂളുകളും ഉള്ളതിനാല്‍ ജനങ്ങളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് റോഡിന് കുറുകെ മേല്‍പ്പാലം സ്ഥാപിക്കുമെന്ന് അറിയിച്ചത്. എന്നാല്‍, ഇതിനെക്കുറിച്ചും അന്തിമ തീരുമാനമായിട്ടില്ല. കുമരിച്ചന്തറോഡില്‍ നിന്നു തിരുവല്ലത്തേക്ക് പോകുന്ന റോഡിനു കുറുകെയായി ഓട നിര്‍മിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് രണ്ടുറോഡുകളില്‍ ഒരു റോഡ് മാത്രമേ ഇപ്പോള്‍ തുറന്നുകൊടുത്തിട്ടുള്ളു. തിരുവല്ലം പാലത്തിനു താഴെ പരശുരാമസ്വാമി ക്ഷേത്രത്തിന് മുന്‍പിലുള്ള പെട്ടിക്കടകള്‍ എടുത്തുമാറ്റാന്‍ നെയ്യാറ്റിന്‍കര റോഡ്സ് സബ്ഡിവിഷന്‍അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കി. പാലവുമായി ബന്ധപ്പെട്ടുള്ള റോഡിന്റെ പണി തുടങ്ങണമെങ്കില്‍ ഇവിടെയുള്ള കടകള്‍ ഒഴിപ്പിച്ചാലെ മതിയാകു. ഇവിടെ കുറച്ചു പെട്ടിക്കടകളുണ്ട്. നാലുവരിപ്പാത കടന്നുപോകുന്ന തിരുവല്ലത്ത് പുതിയപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. 120 മീറ്റര്‍ നീളത്തിലും 12.5 മീറ്റര്‍ വീതിയിലുമുള്ള പാലം എട്ടുകോടി രൂപ ചെലവാക്കിയാണ് നിര്‍മിക്കുന്നത്. പാലം കടന്നുപോകുന്നിടത്ത് സര്‍വീസ് റോഡ് ഉണ്ടാവില്ല. നിലവിലെ പാലത്തിനോട് ചേര്‍ന്നാണ് പുതിയ പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ ബീമുകളെല്ലാം പൂര്‍ത്തിയായി. പാലത്തിനോട് ചേര്‍ന്നുള്ള റോഡിന്റെ നിര്‍മാണം തുടങ്ങാനുണ്ട്. ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡാണ് ഇവിടെ നിര്‍മിക്കുക. തിരുവല്ലം ജങ്ഷനില്‍ നിന്ന് വാഴമുട്ടം ഭാഗം വരെയുള്ള നാലുവരി പാത പൂര്‍ത്തിയായി. എന്നാല്‍, മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള ഈ റൂട്ടില്‍ റോഡിന്റെ ഇരുവശവുമുള്ള സര്‍വീസ് റോഡ് പൂര്‍ത്തിയാകാനുണ്ട്. കൂടാതെ ഓടകളെ ബന്ധിപ്പിക്കണം. നിര്‍മാണത്തിന് മുമ്പ് ഇവിടെയുള്ള കേബിള്‍ പണികളും പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ പറഞ്ഞു. തിരുവല്ലം മുതല്‍ കോവളം വരെയുള്ള നാലുവരി പാതയില്‍ മേല്‍പ്പാലങ്ങളോ അടിപ്പാതകളോ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക