|    Aug 17 Thu, 2017 11:16 am
FLASH NEWS

ചാകരയില്ലെങ്കിലും ആശ്വാസത്തോടെ മല്‍സ്യത്തൊഴിലാളികള്‍

Published : 3rd August 2017 | Posted By: fsq

 

പൊന്നാനി: ട്രോളിങ് നിരോധനത്തിനുശേഷം കടലിലിറങ്ങിയ ബോട്ടുകള്‍ തീരമണഞ്ഞു. ഒന്നര മാസത്തെ ട്രോളിങ് നിരോധനത്തിനുശേഷം കടലിലിറങ്ങിയ ബോട്ടുകളാണ് ഇന്നലെ തീരത്തെത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ പൊന്നാനിയില്‍നിന്നുള്‍പ്പെടെയുള്ളവര്‍ ഒന്നര മാസത്തെ ഇടവേളയ്ക്കുശേഷം കടലിലിറങ്ങി. പുലര്‍ച്ചെയോടെയാണ് ബോട്ടുകള്‍ കരയിലെത്തിയത്. ഇതോടെ ഒന്നര മാസമായി ആനക്കമില്ലാതിരുന്ന കടല്‍തീരത്ത് ആരവങ്ങളുമുയര്‍ന്നു. ചെറുമല്‍സ്യങ്ങളും മത്തി, കോര തുടങ്ങിയവയുമാണ് വല നിറയെ ലഭിച്ചത്. ഇതിനുപുറമെ വലുതും ചെറുതുമായ കൂന്തളുകളും ലഭിച്ചിട്ടുണ്ട്. നല്ലൊരു ചാകര പ്രതീക്ഷിച്ച് കടലിലേക്കിറങ്ങിയവര്‍ക്ക് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും മുടക്കുമുതല്‍ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ്. അതേസമയം, വലിയ ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഇവര്‍ കൂടി തീരമണിയുന്നതോടെ മല്‍സ്യവില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ പ്രധാന മല്‍സ്യ ബന്ധന തുറമുഖമായ പൊന്നാനിയില്‍നിന്ന് നൂറോളം ബോട്ടുകള്‍ കടലിലിറങ്ങിയിരുന്നു. പ്രതീക്ഷയ്ക്കനുസരിച്ച് മീന്‍ കിട്ടിയില്ലെങ്കിലും നഷ്ടമില്ലെന്നാണ് തൊഴിലാളികളും, ബോട്ടുടമകളും പറയുന്നത്. വരും ദിനങ്ങളില്‍ വല നിറയെ മല്‍സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. അറ്റകുറ്റപ്പണി ഇനിയും അവസാനിക്കാത്തതിനാല്‍ അമ്പതോളം ബോട്ടുകള്‍ കടലിലിറങ്ങിയിട്ടില്ല. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്തതാണ് അറ്റകുറ്റപ്പണി നീളാന്‍ ഇടയാക്കിയത്. ദിവസങ്ങളായി ശാന്തമായ കടല്‍ ശുഭസൂചനയാണ് നല്‍കുന്നതെന്ന് തിരിച്ചെത്തിയ മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങളാണ് മല്‍സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്. ട്രോളിങ് നിരോധനം അവസാനിച്ചതോടെ മല്‍സ്യമേഖലയില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളും തിരിച്ചെത്തി. പൊന്നാനിയില്‍തന്നെ ബോട്ടില്‍ കടലില്‍ പോവുന്നവരില്‍ 90 ശതമാനവും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒന്നര മാസത്തെ കഷ്ടപാടിന് കടലമ്മ പരിഹാരം കാണുമെന്ന വിശ്വാസത്തിലാണ് ഈ കുടുംബങ്ങള്‍. അനുബന്ധ മല്‍സ്യത്തൊഴിലാളികളും ഏറെ പ്രതീക്ഷയിലാണ്. വലിയ മല്‍സ്യങ്ങള്‍ വല നിറയെ ലഭിച്ചാല്‍ നഷ്ടത്തിലോടുന്ന ഈ മേഖലയ്ക്ക് പുത്തനുണര്‍വുണ്ടാവുമെന്ന പ്രത്യാശയിലാണ് തീരവാസികള്‍. ഒരു ബോട്ടിന് കടലില്‍ പോവണമെങ്കില്‍ ശരാശരി മുവ്വായിരം ലിറ്റര്‍ ഡീസലും 200 ബ്ലോക്ക് ഐസും 12 തൊഴിലാളികളും വേണം. ഏകദേശം 2.5 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നത്. പലപ്പോഴും മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാതെയാണ് തൊഴിലാളികള്‍ കടലിലേക്കിറങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക