|    Nov 15 Thu, 2018 11:35 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ചാംപ്യന്‍സ് ട്രോഫി : പാകിസ്താന് ഇന്ന് അഗ്നിപരീക്ഷ

Published : 14th June 2017 | Posted By: fsq

 

കാര്‍ഡിഫ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശകരമായ സെമിഫൈനലിലേക്ക് കടക്കുമ്പോള്‍ ഇംഗ്ലണ്ട്, പാകിസ്താന്‍ ടീമുകള്‍ക്ക് ഇന്ന് അഗ്നിപരീക്ഷ. ആദ്യ സെമിഫൈനലില്‍ ഇരുടീമുകളും ബാറ്റെടുക്കുമ്പോള്‍ മഴ വില്ലനായില്ലെങ്കില്‍ അത്യാവേശമുള്ള മല്‍സരമായിരിക്കും കാര്‍ഡിഫിലെ പുല്‍മൈതാനിയില്‍ അരങ്ങേറുക. വൈകീട്ട് മൂന്ന് മണി മുതലാണ് മല്‍സരം. ഐസിസി ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തുമെന്ന ആത്മവിശ്വാസത്തില്‍ സ്വന്തം മണ്ണില്‍ ബാറ്റെടുക്കുന്ന ഇംഗ്ലീഷുകാര്‍ക്ക് ഇന്ന് ആത്മവിശ്വാസം കൂടുതലാണ്. ഗ്രൂപ്പ് ഘട്ടങ്ങളില്‍ കൃത്യമായി വിജയിച്ച് സെമിയിലെത്തിയെന്ന കരുത്ത് തന്നെ ഇതിന് കാരണം. ഉദ്ഘാടന മല്‍സരത്തില്‍ 305 എന്ന ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്നാണ് ബ്ംഗ്ലാദേശിനെ തോല്‍പിച്ചത്. രണ്ടാം മല്‍സരത്തില്‍ ഇംഗ്ലണ്ട് 310 റണ്‍സ് കടന്നപ്പോള്‍ അതിന് അരികിലെത്താന്‍ പോലും ന്യൂസിലന്‍ഡിന് സാധിച്ചില്ല. മൂന്നാം മല്‍സരത്തില്‍ ആവട്ടെ, കരുത്തന്മാരായ ആസ്‌ത്രേലിയയാണ് ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ട് ചൂടറിഞ്ഞത്. മറ്റൊരു ടീമിനും ഈ സീസണില്‍ അപരാജിത കുതിപ്പ് അവകാശപ്പെടാനില്ല.  ഒരേ സമയം ബാറ്റിങിലും ബൗളിങിലും തിളങ്ങുന്ന ഇംഗ്ലണ്ടിന് തന്നെയാണ് ഇന്ന് ജയസാധ്യത. ടീം: ഒയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ബെയര്‍സ്‌റ്റോ, ജെയ്ക് ബോള്‍, സാം ബില്ലിങ്‌സ്, ബട്‌ലര്‍, സ്റ്റീവന്‍ ഫിന്‍, ഹെയ്ല്‍സ്, പ്ലങ്കറ്റ്, അദില്‍ റഷീദ്, ജോയ് റൂട്ട്, ജെയ്‌സണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, വില്ലി, മാര്‍ക് വുഡ്. പൊതുവേ സാധ്യത കുറവായിരുന്ന പാകിസ്താന് സെമി റൗണ്ടിലെത്തിയത് തന്നെ മഴയുടെയും ഭാഗ്യത്തിന്റെയും വിരുത് കൊണ്ടായിരുന്നു. ആദ്യ മല്‍സരത്തില്‍ ചിരവൈരികളായ ഇന്ത്യ 124 റണ്‍സ് എന്ന വമ്പന്‍ സ്‌കോറിന് പാകിസ്താനെ അടിയറവ് പറയിച്ചപ്പോള്‍ രണ്ടാം മല്‍സരത്തില്‍ മഴ അവരെ തുണച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 220 റണ്‍സിലേക്ക് ബാറ്റേന്തിയപ്പോള്‍ മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 119 റണ്‍സ് പിന്നിട്ട പാകിസ്താന്‍ വിജയം കണ്ടു. മൂന്നാം മല്‍സരത്തില്‍ ശ്രീലങ്കന്‍ ഫില്‍ഡിങ് തകരാറിലായപ്പോള്‍ തോല്‍വിയുടെ വക്കില്‍ നിന്ന് പാകിസ്താന്‍ പൊരുതി ജയിച്ചു. ഇത് മാത്രമാണ് ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന് അഭിമാനം നല്‍കുന്ന വിജയം. എന്നാല്‍, ഇന്ന് എത്രത്തോളം തിളങ്ങാന്‍ കഴിയുമെന്ന് കണ്ടറിയണം. പരിചയ സമ്പന്നരായ ഇംഗ്ലണ്ട് നിരയ്‌ക്കെതിരേ ബൗളര്‍മാരുടെ കരുത്ത് മാത്രമേ പാകിസ്താന് അവകാശപ്പെടാനാവൂ. എങ്കിലും ആത്മവിശ്വാസത്തിലാണ് പാക് പട. ടീം: സര്‍ഫ്രാസ് അഹമ്മദ്, അഹമ്മദ് ഷഹ്‌സാദ്, അസ്ഹര്‍ അളി, ബാബര്‍ അസം, ഫഹിം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് സുഹൈല്‍, ഹസ്സന്‍ അലി, ഇമാദ് വസിം, ജുനൈദ് ഖാന്‍, മൊഹമ്മദ് അമിര്‍, മൊഹമ്മദ് ഹഫീസ്, റുമ്മാന്‍ റയീസ്, ഷദാബ് ഖാന്‍, ഷുഐബ് മാലിക്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss