|    Apr 22 Sun, 2018 4:23 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ചാംപ്യന്‍മാര്‍ കുതിപ്പ് തുടങ്ങി

Published : 10th January 2016 | Posted By: SMR

കൊല്‍ക്കത്ത: നിലവിലെ ജേതാക്കളും ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരുമായ മോഹന്‍ ബഗാന്‍ ഐ ലീഗിന്റെ പു തിയ സീസണ്‍ ജയത്തോടെ ഗംഭീരമാക്കി. ഇന്നലെ വൈകീട്ട് ഹോംഗ്രൗണ്ടായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ലീഗിലെ പുതുമുഖങ്ങളായ ഐസ്വാള്‍ എഫ്‌സിയെ ബഹാന്‍ 3-1നു തുരത്തുകയായിരുന്നു.
ഇരട്ടഗോളുകള്‍ നേടിയ ട്രിനിഡാഡ് ആന്റ് ടൊബാഗോ താരം കോര്‍നല്‍ ഗ്ലെന്നാണ് ബഗാന്റെ വിജയശില്‍പ്പി. കഴിഞ്ഞ സീസണില്‍ ലജോങ് ഷില്ലോങിന്റെ താരമായിരുന്ന ഗ്ലെന്നിന് ബഗാന്‍ ജഴ്‌സിയില്‍ കന്നി മല്‍സരം കൂടിയായിരുന്നു ഇത്. ബഗാ ന്റെ മറ്റൊരു ഗോള്‍ ഇന്ത്യന്‍ താരം ബല്‍വന്ത് സിങിന്റെ വകയായിരുന്നു. ബഗാന്റെ സംഭാവനയായിരുന്നു ഐസ്വാളിന്റെ ആശ്വാസഗോള്‍. പ്രീതം കോട്ടലാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. മല്‍സരത്തിലെ നാലു ഗോളും പിറന്നത് ആദ്യപകുതിയില്‍ത്തന്നെയാണെന്നതാണ് ശ്രദ്ധേയം.
4-2-3-1 എന്ന ഫോര്‍മാറ്റിലുള്ള ടീം ലൈനപ്പാണ് ബഗാന്‍ കോച്ച് സഞ്ജയ് സെന്‍ മല്‍സരത്തില്‍ പരീക്ഷിച്ചത്. ഗ്ലെന്നാണ് ടീമിന്റെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. പരിക്കുപറ്റിയ സോണി നോര്‍ഡെയ്ക്കു പകരം കത്‌സുമി യുസ പ്ലെയിങ് ഇലവനിലെത്തി. എന്നാല്‍ കോച്ച് മാന്വല്‍ റെറ്റാമെറോ ശക്തമായ ടീമിനെയാണ് ഐസ്വാളിനായി അണിനിരത്തിയത്.
ഇരുടീമും മല്‍സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. ആറാം മിനിറ്റില്‍ത്തന്നെ ഈ സീസണിലെ ഐ ലീഗിലെ ആദ്യ ഗോള്‍ പിറന്നു. ഇടതുമൂലയില്‍ നിന്നു സഹതാരം നല്‍കിയ പാസ് ഐസ്വാള്‍ ഗോളിയെ കാഴ്ചക്കാരനാക്കി ഗ്ലെന്‍ വലയിലേക്ക് പായിക്കുകയായിരുന്നു.
10 മിനിറ്റിനകം സെല്‍ഫ് ഗോളില്‍ ഐസ്വാള്‍ ഒപ്പമെത്തി. ആ ല്‍ഫ്രഡ് ജയറാമിന്റെ ഷോട്ട് ക്ലിയര്‍ ചെയ്യാനുള്ള പ്രീതത്തിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു.
എന്നാല്‍ ആറു മിനിറ്റിനകം ബഗാന്‍ ലീഡ് തിരിച്ചുപിടിച്ചു. കൗണ്ടര്‍അറ്റാക്കിനൊടുവില്‍ ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു ഗ്ലെന്നിന്റെ രണ്ടാം ഗോള്‍. ഇടതുമൂലയിലൂടെ പറന്നെത്തി ബല്‍വന്ത് കൈമാറിയ പാസ് ബോക്‌സിനു പുറത്തു വച്ച് ബുള്ളറ്റ് ഷോട്ടിലൂടെ ഗ്ലെന്‍ വലയിലേക്ക് അടിച്ചുകയറ്റി.
29ാം മിനിറ്റില്‍ ബഗാന്റെ വിജയമുറപ്പാക്കി ബല്‍വന്ത് മൂന്നാം ഗോള്‍ നിക്ഷേപിച്ചു. പന്തുമായി പറന്നെത്തിയ ബല്‍വന്ത് രണ്ട് ഐസ്വാള്‍ പ്രതിരോധ ഭടന്‍മാരെയും ഗോളിയെയും കബളിപ്പിച്ചാണ് നിറയൊഴിച്ചത്.
അതേസമയം, ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ നിലവിലെ റണ്ണേഴ്‌സപ്പായ ബംഗളൂരു എഫ്‌സി 2-1ന് സാല്‍ഗോക്കറിനെ പരാജയപ്പെടുത്തി. മലയാളി താരം സികെ വിനീതും (അഞ്ചാം മിനിറ്റ്) ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുമാണ് (61) ബംഗളൂരുവിന്റെ സ്‌കോറര്‍മാര്‍. ഡാരി ഡുഫി (41ാംമിനിറ്റ്) സാല്‍ഗോക്കറിനായി ലക്ഷ്യംകണ്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss