|    Sep 19 Wed, 2018 7:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചവിട്ടുപടിയായി മുതുക് നല്‍കിയ ജൈസലിന് സഹായപ്രവാഹം

Published : 22nd August 2018 | Posted By: kasim kzm

പൊന്നാനി: പ്രളയത്തിലകപ്പെട്ടവെര രക്ഷിക്കുന്നതിനിടെ സ്ത്രീകളടക്കമുള്ളവരെ തന്റെ മുതുകില്‍ ചവിട്ടി ബോട്ടിലേക്കു കയറാന്‍ സഹായിച്ച മലപ്പുറം താനൂര്‍ സ്വദേശി കെ പി ജൈസലിന് സഹായ വാഗ്ദാനങ്ങള്‍ പ്രവഹിക്കുന്നു. താനൂരിലെ ഒറ്റമുറി ഷെഡില്‍ കഴിയുന്ന ജൈസലിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് എസ്‌വൈഎസ് വാഗ്ദാനം നല്‍കി. ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കുന്നവെന്നു സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. “ജീവന്‍ പണയം വച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാവട്ടെ’ എന്ന് വിനയന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.ജൈസലിനു വിവിധ സംഘടനകളും വ്യക്തികളും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. എസ്‌വൈഎസ്, കെഎംസിസി, വിവിധ പ്രവാസി സംഘടനകള്‍, പ്രവാസികള്‍ എന്നിവരാണു പണവും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്തത്. തനിക്കു ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണു ജൈസല്‍ പറയുന്നത്. താനൂരിലെ ഒറ്റമുറി വീട്ടിലാണു ജൈസലും മൂന്ന് മക്കളും ഉള്‍പ്പെടെയുള്ള കുടുംബവും താമസിക്കുന്നത്. പ്രളയദുരന്തം നാടിനെ നടുക്കിയ ദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജൈയ്‌സലും സംഘവും രാപകല്‍ സജീവമാണ്. പലപ്പോഴും കൈയില്‍ നിന്നും പണമെടുത്ത് വണ്ടിക്കും മറ്റും ചെലവാക്കും. എങ്കിലും ഇതെല്ലാം ഒരു സന്തോഷമാണെന്നു ജൈസല്‍ പറയുന്നു. ഒന്നും പ്രതീക്ഷിക്കുന്നില്ല. നമ്മള്‍ കാരണം ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അതാണ് ഏറ്റവും വലിയ പുണ്യമെന്ന് മല്‍സ്യത്തൊഴിലാളിയായ ജൈസല്‍ പറയുന്നു.ട്രോമാ കെയര്‍ യൂനിറ്റ് അംഗമാണ് ജൈസല്‍. മലപ്പുറത്തെ രക്ഷാപ്രവര്‍ത്തനത്തിനു ശേഷം തൃശൂര്‍, മാള മേഖലകളിലും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. തുടര്‍ന്നും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം കിട്ടിയാല്‍ സഹകരിക്കുമെന്നും ജൈസല്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss