|    Sep 21 Thu, 2017 1:38 am
Home   >  World   >  

ചവിട്ടിവീഴ്ത്തിയ ആ ഫോട്ടോഗ്രാഫറെ ഞങ്ങളെങ്ങനെ മറക്കും?

Published : 16th September 2015 | Posted By: admin

ബെര്‍ലിന്‍: ജന്മനാട്ടില്‍ നിന്നു ജീവനും കൊണേ്ടാടിയ ഞങ്ങളെ ചവിട്ടിവീഴ്ത്തിയ ആ വനിതാ ഫോട്ടോഗ്രാഫറെ എങ്ങനെയാണു മറക്കാനാവുക? പേടിച്ചരണ്ട ഏഴു വയസ്സുകാരനായ മകന്‍ സെയ്ദ് ഇപ്പോഴും ഞെട്ടലില്‍നിന്നു മുക്തനായിട്ടില്ല. മനുഷ്യനായി പിറന്ന ആരോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയാണ് അവര്‍ ചെയ്തത്. ജര്‍മനിയില്‍ തനിക്ക് അഭയമേകിയ സുഹൃത്തിന്റെ വീട്ടില്‍ ഏറെ നാളുകള്‍ക്കു ശേഷം സുരക്ഷിതത്വത്തിന്റെ തണല്‍ ആസ്വദിക്കവേ ഡെയ്‌ലി മെയിലിനു നല്‍കിയ അഭിമുഖത്തിലാണ് അബ്ദുല്‍ മുഹ്‌സിന്‍ അല്‍ഗദാബെന്ന സിറിയന്‍ അഭയാര്‍ഥിയായ പിതാവും രണ്ടു മക്കളും അഭയാര്‍ഥികള്‍ അനുഭവിക്കുന്ന ദുരിതകഥ പുറംലോകത്തോടു വിളിച്ചു പറഞ്ഞത്.
തുര്‍ക്കിയില്‍ നിന്ന് 12 ദിവസത്തെ യാത്രയ്‌ക്കൊടുവിലാണ് സിറിയയിലെ ദയറുസ്സൗറില്‍ നിന്നുള്ള തങ്ങള്‍ ഹംഗറിയുടെ അതിര്‍ത്തിയിലെത്തിയത്. ആയിരത്തിലധികം പേരുണ്ടായിരുന്ന സംഘത്തിനു നേരെ ഹംഗേറിയന്‍ പോലിസ് ആക്രമണം അഴിച്ചുവിട്ടു. രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് ആ ഫോട്ടോഗ്രാഫര്‍ തന്നെയും മക്കളെയും തൊഴിച്ചുവീഴ്ത്തിയത്. പോലിസാണെന്നാണ് താന്‍ കരുതിയത്. തല കറങ്ങുംപോലെ തോന്നിയെങ്കിലും വീണ്ടും കുഞ്ഞിനെയുമെടുത്ത് ഓടി. പത്തു കിലോമീറ്ററോളം നടന്ന് മറ്റ് അഭയാര്‍ഥികള്‍ക്കൊപ്പം ട്രെയിനില്‍ ജര്‍മനിയിലേക്കു രക്ഷപ്പെടുകയായിരുന്നു.
ഭാര്യ മുന്‍തഹയും നാലു മക്കളുമാണ് അല്‍ഗദാബിനുള്ളത്. കായിക പരിശീലകര്‍ക്കുള്ള കോച്ചിങ് സ്‌കൂള്‍ നടത്തുന്ന അല്‍ഗദാബ് അല്‍ഫുത്ത്‌വ ഫുട്‌ബോള്‍ ക്ലബ്ബിന്റെ കോച്ച് കൂടിയാണ്. മൂത്ത മകന്‍ മുഹമ്മദ് നേരത്തെ ജര്‍മനിയില്‍ അഭയം പ്രാപിച്ചിരുന്നു. അവനാണ് എന്നോടും മറ്റു കുടുംബാംഗങ്ങളോടും ജര്‍മനിയിലേക്കെത്താന്‍ ആവശ്യപ്പെട്ടത്. ഭാര്യയും രണ്ടു മക്കളും ഇപ്പോഴും തുര്‍ക്കിയിലാണ്. ഇനി അവരെക്കൂടി ജര്‍മനിയിലെത്തിക്കണം. തുടര്‍ന്ന് എന്തെങ്കിലും ജോലിചെയ്തു കുടുംബം പുലര്‍ത്തണം- അല്‍ഗദാബ് പറഞ്ഞുനിര്‍ത്തി.
കുടിയേറ്റവിരുദ്ധ നിലപാടു സ്വീകരിക്കുന്ന ഹംഗറി—യിലെ പ്രാദേശിക ചാനലായ എന്‍1 ടി.വിയിലെ മാധ്യമപ്രവര്‍ത്തകയായ പെട്ര ലാസ്ലോയാണ് ഇവരെ തൊഴിച്ചുവീഴ്ത്തിയത്. ലോകമെമ്പാടും കനത്ത പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഇവരെ ജോലിയില്‍നിന്നു പിരിച്ചുവിടുകയും മാധ്യമപ്രവര്‍ത്തക മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക