|    Nov 21 Wed, 2018 3:09 am
FLASH NEWS

ചവറ പാലം അപകടം : വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തും

Published : 1st November 2017 | Posted By: fsq

 

ചവറ: കെ എം എം എല്‍ എം എസ് പ്ലാന്റിലേക്കുള്ള ഇരുമ്പ് പാലം തകര്‍ന്ന് മൂന്ന് ജീവനക്കാരികള്‍ മരിക്കാനിടയായ സംഭവത്തില്‍ മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത. കെ എം എം എല്‍ അപകടത്തെ രാഷ്ട്രീയപരമായി കണ്ട് വിമര്‍ശിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍തൂക്കം കൊടുക്കണമെന്ന് പറഞ്ഞ മന്ത്രി എ സി മൊയ്തീന്‍ ആളുകള്‍ പരിധിയില്‍ കൂടുതല്‍ പാലത്തില്‍ കയറിയതാണ് അപകടകാരണമെന്ന് പറഞ്ഞപ്പോള്‍ മന്ത്രി കെ രാജു നേരെ എതിര്‍ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.അപകടം മാനേജ്‌മെന്റിന്റ വീഴ്ചയെന്നാണ് മന്ത്രി കെ രാജു മാധ്യമങ്ങളോട് പറഞ്ഞത്. അമിതഭാരം കയറിയെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. അപകടം നടന്ന അന്നു മുതല്‍ കെഎം എം എല്‍ മാനേജ്‌മെന്റ് അമിത ഭാരത്തിന്റെ കാരണം പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുകയായിരുന്നു. മരണപ്പെട്ടവര്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കണം, ആശ്രിതര്‍ക്ക് നിയമനം നല്‍കണം, പുതിയ പാലം നിര്‍മിക്കണം എന്നിവ മാനേജ്‌മെന്റ് അടിയന്തരമായി ചെയ്യണമെന്നും അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. മരണപ്പെട്ടവരുടെ വീടുകളിലും മന്ത്രി എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.അപകട കാരണങ്ങളെ കുറിച്ച്  സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ വിശദമായ പഠനം നടത്തുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റിങ് നടത്തുമെന്നും വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അപകടത്തെ കുറിച്ച്  ജില്ലാ ഭരണ കൂടവും മെജസ്റ്റീരിയല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  എഡിഎമ്മിനെ ചുമതലപ്പെടുത്തി. 2001 ല്‍ പണിത പാലത്തിന് പരിസരവാസികള്‍ ചൂണ്ടിക്കാട്ടിയതുപോലെ അടിത്തറയ്ക്ക്  ബലക്ഷയം സംഭവിച്ചിരുന്നോ എന്ന് പരിശോധിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം അനുബന്ധ കേന്ദ്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സുരക്ഷാ ഓഡിറ്റ് നടത്തും. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ വീതമുള്ള ധനസഹായം അവരുടെ വീടുകളില്‍ എത്രയും പെട്ടന്ന് എത്തിക്കും. ഇവര്‍ക്ക് 21.02 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കും. ചികില്‍സയിലുള്ളവരുടെ ചികില്‍സാ  ചെലവ് കമ്പനി വഹിക്കും. തകര്‍ന്ന പാലത്തിന് പകരം വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന നടത്തി പുതിയ പാലം നിര്‍മിക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. അപകടസ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ അത് തടസ്സപ്പെടുത്തും വിധമുള്ള പ്രതിഷേധങ്ങള്‍ അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് നേരത്തേ ഈ പാലത്തിന്റെ അപകടാവസ്ഥ അറിയിക്കുകയും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും അറിയിച്ചതിനെ ലാഘവത്തോടെയാണ് കമ്പനി അധികൃതര്‍ കണ്ടത് എന്നറിയുന്നു. തുരുമ്പ് പിടിച്ച് ജീര്‍ണ്ണാവസ്ഥയിലായിരുന്ന പാലത്തിന്റെ അവസ്ഥ അറിയാമായിരുന്ന അധികൃതര്‍ ദുരന്ത ദിവസം ആളുകള്‍ കൂടുതല്‍ എത്തും എന്നറിഞ്ഞിട്ടും മന:പൂര്‍വം സ്ഥലത്തുണ്ടായിരുന്ന ജങ്കാര്‍ പോലും മാറ്റിയിരുന്നു. മന്ത്രി സഭയിലെ രണ്ടംഗങ്ങള്‍ തമ്മില്‍ പോലും ഈ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കേ ജനങ്ങള്‍ക്കിടയില്‍ രോഷം പുകയുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss