|    Dec 14 Thu, 2017 1:51 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചവറയില്‍ നടപ്പാലം തകര്‍ന്ന് മൂന്ന് മരണം

Published : 31st October 2017 | Posted By: fsq

 

കൊല്ലം (ചവറ): ചവറ കെഎംഎംഎല്ലില്‍ നടപ്പാലം തകര്‍ന്നുവീണ അപകടത്തില്‍ മൂന്ന് മരണം. കെഎംഎംഎല്ലിലെ ജീവനക്കാരികളായ ചവറ കൊല്ലക കൈരളിയില്‍ ശ്യാമളാദേവി (56), പന്മന മേക്കാട് ഫിലോമിന മന്ദിരത്തില്‍ റെയ്ച്ചല്‍ ക്രിസ്റ്റഫര്‍ (എയ്ഞ്ചലീന 44), പന്മന മേക്കാട് ജിജി വിന്‍ വില്ലയില്‍ അന്നമ്മ (ഷീന- 44 ) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 30 പേരെ കൊല്ലം ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പാലം തകര്‍ന്നപ്പോള്‍ ശ്യാമളാദേവി വെള്ളത്തില്‍ വീഴുകയും പാലത്തിന്റെ ഇരുമ്പുതകിട് തലയില്‍ ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് ചികില്‍സയ്ക്കിടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെ തകര്‍ന്ന പാലം ഉയര്‍ത്തുന്നതിനിടയിലാണ് എയ്ഞ്ചലീനയുടെയും അന്നമ്മയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കമ്പനിയില്‍ നിയമനം കിട്ടിയവരായിരുന്നു മൂന്നുപേരും. പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യയാണ് ശ്യാമളാ ദേവി. മക്കള്‍: ആശ, ചിത്ര. പരേതനായ ക്രിസ്റ്റഫറിന്റെ ഭാര്യയാണ് റെയ്ച്ചല്‍. ടെസിയാണ് മകള്‍. മകന്‍ ജൂഡ് കഴിഞ്ഞവര്‍ഷം വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഗോഡ് വിന്‍, ഗ്ലാഡ് വിന്‍ എന്നിവരാണ് അന്നമ്മയുടെ മക്കള്‍. ഷിബു എന്നയാളെ ഇവര്‍ പുനര്‍വിവാഹം ചെയ്തിരുന്നു.കെടിഎസ് കനാലിന് കുറുകെ കെഎംഎംഎല്‍ എംഎസ് യൂനിറ്റിലേക്ക് പോവാനുള്ള ഇരുമ്പുപാലമാണ് ഇന്നലെ രാവിലെ പത്തരയോടെ തകര്‍ന്നത്. അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ഒരേസമയം പാലത്തില്‍ കയറിയതാണ് അപകടകാരണമായത്. സംഭവത്തെക്കുറിച്ച് സത്വര അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്ക് മന്ത്രി എ സി മൊയ്തീന്‍ നിര്‍ദേശം നല്‍കി. അപകടം സംഭവിച്ച പാലം കമ്പനി ചെലവില്‍ പുതുക്കിപ്പണിയാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ പ്രത്യേകമായി പരിഗണിക്കും.  അതേസമയം, മരിച്ചവരുടെ ആശ്രിതര്‍ക്ക് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക