|    Sep 27 Wed, 2017 1:35 am

ചവറയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാകുന്നു

Published : 10th November 2016 | Posted By: SMR

കൊല്ലം: കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ചവറ നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ശാശ്വതസംവിധാനം ഏര്‍പ്പെടുത്താന്‍ സമഗ്രപദ്ധതി നടപ്പാക്കുമെന്ന് തന്റെ സബ് മിഷന് മറുപടിയായി ജലവിഭവ മന്ത്രി മാത്യു ടി തോമസ് അറിയിച്ചതായി എന്‍ വിജയന്‍പിള്ള എംഎല്‍എ അറിയിച്ചു.  ചവറ-പന്മന കുടിവെളളപദ്ധതിയുടെ  ജലസ്രോതസ്സായ ശാസ്താംകോട്ട കായലിലെ ജലനിരപ്പ് താഴുന്നതിനാല്‍ പമ്പിങ്ങില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ചവറ-പന്മന കുടിവെള്ള പദ്ധതിയുടെ ജലവിതരണത്തിനായി നിര്‍മിച്ചിട്ടുള്ള സംഭരണികളില്‍ വെള്ളം ആവശ്യത്തിന് നിറയ്ക്കാന്‍ കഴിയുന്നില്ല. അതുമൂലം ജലവിതരണം എല്ലായിടത്തും എത്തിച്ചേരുന്നില്ല. വരുന്ന വരള്‍ച്ചകാലത്ത് മഴകുറയുമെന്നതിനാല്‍ കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ ഇടയുണ്ട്. കേരളത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 27 ശുദ്ധജലവിതരണ പദ്ധതികളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതില്‍ ഞാങ്കടവില്‍നിന്നുള്ള ശുദ്ധജലവിതരണപദ്ധതി കൊല്ലം നഗരത്തില്‍ കുടിവെള്ളം എത്തിക്കാനുള്ളതാണ്. പദ്ധതിയ്ക്ക് 272 കോടി രൂപ വകയിരുത്തി. പദ്ധതി നടപ്പാകുന്നതോടെ കൊല്ലം നഗരത്തിലെ കുടിവെള്ള വിതരണത്തിനായി ശാസ്താംകോട്ട കായലിനെ ഒഴിവാക്കും. കൂടാതെ കല്ലടയാറ്റില്‍ കടപുഴയില്‍നിന്നും വെള്ളം ശേഖരിച്ച് ശാസ്താംകോട്ട ശുദ്ധീകരണശാലയില്‍ എത്തിച്ച് കൊല്ലം നഗരത്തിന് ശുദ്ധജലം ലഭ്യമാകുന്ന മറ്റൊരുപദ്ധതിയുടെ പ്രവര്‍ത്തനവും പുരോഗതിയിലാണ്. ഈ പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ ചവറ-പന്മന കുടിവെളളപദ്ധതിയ്ക്ക് മാത്രമായി ശാസ്താംകോട്ടകായലിലെ ജലം ലഭിക്കും. ചവറമണ്ഡലത്തിലെ വരള്‍ച്ചക്കാലത്തെ കുടിവെ്ള്ളക്ഷാമം പരിഹരിക്കുന്നതിനായി കെഐപി കനാലില്‍നിന്നും വെള്ളം പമ്പ് ചെയ്ത് ശാസ്തംകോട്ട ശുദ്ധീകരണശാലയില്‍ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് രണ്ട് അഡീഷനല്‍ പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതിനും മറ്റുമായി നാല്‍പ്പത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചതായി ജലവിഭവ മന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തി. ഇതിന് പുറമേ കുടിവെള്ളക്ഷാമത്തെ നേരിടാന്‍ എംഎല്‍എ ഫണ്ടില്‍നിന്നും ചവറ പഞ്ചായത്തില്‍ രണ്ട് കുഴല്‍കിണര്‍ സ്ഥാപിക്കാന്‍ 31 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പന്മന പഞ്ചായത്തില്‍ കെഎംഎംഎല്ലിന്റെ സഹായത്തോടെ മൂന്ന് കുഴല്‍ക്കിണറുകളുടെ ജോലിയും നടന്നുവരുന്നു. അടുത്തുവരുന്ന വരള്‍ച്ചക്കാലത്ത് ഈ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് കുടിവെള്ളക്ഷാമത്തെ നേരിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ അഞ്ച് മാസക്കാലം നിരന്തരപരിശ്രമം കൊണ്ട്  ചവറ-പന്മന കുടിവെള്ള പദ്ധതിയുടെ പോരായ്മകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും കുടിവെള്ളം ലഭിക്കുന്നതിന് സ്ഥിരമായ സംവിധാനം ഉണ്ടാകുന്നതുവരെ പകരം ക്രമീകരണം ഏര്‍പ്പെടുത്താന്‍ പരിശ്രമിച്ചിട്ടുണ്ടെന്നും എന്‍ വിജയന്‍പിള്ള എംഎല്‍എ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക