|    Dec 19 Wed, 2018 11:57 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ചളി വാരിയെറിയാന്‍ ഇതോ സമയം?

Published : 30th August 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

മഹാ പ്രളയത്തില്‍ നിന്നു കേരളം കരയ്‌ക്കെത്തിയിരിക്കുന്നു. എന്നാല്‍ ആശ്വസിക്കാനായിട്ടില്ല. നൂറ്റാണ്ടിലെ വന്‍ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ഏറെ ദൂരം നമുക്ക് ഇനിയും പോകാനുണ്ട്. അസാധ്യമായത് ഇനിയും ഒന്നിച്ചുനിന്നു ചെയ്തുതീര്‍ക്കേണ്ടതുണ്ട്. ഇതാണ് കേരളത്തിന്റെ ശരിയായ മാതൃകയെന്ന് ആദ്യം നമ്മെത്തന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ട്; ഒപ്പം രാജ്യത്തെയും ലോകത്തെയും.
സംസ്ഥാനത്ത് മൂന്നര ലക്ഷത്തോളം വരുന്ന കുടുംബങ്ങളില്‍ നിന്ന് 12 ലക്ഷത്തിലേറെ പേര്‍ 3500ലേറെ ദുരിതാശ്വാസ ക്യാംപുകളിലെത്തി. മരണപ്പെട്ടവരും കാണാതായവരും നാനൂറിലേറെ വരും. പലേടത്തും വീടുകളിലേക്ക് മടങ്ങാനാവാതെ അഭയാര്‍ഥികളെപ്പോലെ കഴിയുകയാണ് ലക്ഷങ്ങള്‍. മേല്‍പ്പറഞ്ഞ കണക്കുകളില്‍ പൊതിഞ്ഞുകിടക്കുന്നത് ജനലക്ഷങ്ങളുടെ നിത്യജീവിതവും ഭാവിയുമാണ്. കേരളത്തിന്റെ ഇന്നത്തെ വേദനിപ്പിക്കുന്ന, ഞെട്ടിക്കുന്ന അവസ്ഥയാണ്. ജാതി-മത-രാഷ്ട്രീയഭേദമില്ലാതെ ഏവര്‍ക്കും സര്‍വതും നഷ്ടപ്പെട്ട ദുരന്തത്തിന്റെ അവസ്ഥ. അതിനു പരിഹാരപദ്ധതികള്‍ രൂപപ്പെടുത്തേണ്ടത് നമ്മുടെ സംസ്ഥാനത്തിന്റെ ഭാരിച്ച ഉത്തരവാദിത്തമാണ്.
സംസ്ഥാനത്തിന്റെ നഷ്ടം ഇതിനകം 50,000 കോടിയായി തുറിച്ചുനോക്കുന്നു. സംസ്ഥാനത്തിന്റെ വളര്‍ച്ച ഒരു ശതമാനത്തിലേറെ പിറകോട്ടടിക്കുകയും മൊത്ത ആഭ്യന്തര ഉല്‍പാദനം കുറയുകയും പണപ്പെരുപ്പം പെരുകുകയും ചെയ്യുന്നു. ഇതിനിടയ്ക്കാണ് പുനരധിവാസവും പുനരുദ്ധാരണവും നിര്‍വഹിക്കേണ്ടത്.
അതിനിടയില്‍ പരസ്പരം കുറ്റപ്പെടുത്താന്‍ ഇതാണോ സമയമെന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ചിന്തിക്കണം. ഈ നൂറ്റാണ്ടിലെ ഭീകര പ്രളയം ഓര്‍ക്കാപ്പുറത്ത് കേരളത്തെ വിഴുങ്ങിയപ്പോള്‍ മുങ്ങിത്താഴാതെ കരയ്‌ക്കെത്തിച്ചത് ഏതെങ്കിലും പരശുരാമന്റെ ദിവ്യ മഴുവൊന്നുമല്ല. വിവിധ രീതികളില്‍ ഓരോരുത്തരും സ്വയം അവസരത്തിനൊത്തു മുന്നോട്ടുവന്ന് വളര്‍ത്തിയെടുത്ത കൂട്ടായ്മയുടെ കൈത്താങ്ങാണ്. പ്രതിരോധത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഭരണസംവിധാനമാകെ ഏകോപിപ്പിച്ച് 24 മണിക്കൂറും രംഗത്തുണ്ടായിരുന്നു എന്ന വസ്തുത ജനങ്ങളാകെയും ലോകം തന്നെയും അംഗീകരിക്കുന്നതാണ്. ഗവണ്മെന്റും മുഖ്യമന്ത്രിയും ഭരണസംവിധാനത്തെയാകെ ചലിപ്പിക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. ഇത്തരം ദുരന്തങ്ങള്‍ നേരിട്ട പല സംസ്ഥാനങ്ങളിലും അതു സംഭവിക്കാത്തതാണ്. അതില്‍ ബിജെപി നേതൃത്വമോ കോണ്‍ഗ്രസ് നേതൃത്വമോ പരിഭവിക്കുകയോ അസഹിഷ്ണുത കാണിക്കുകയോ ചെയ്യേണ്ട കാര്യമില്ല.
എന്നുവച്ച്, പ്രളയഭീഷണിയെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലും മുന്‍ നടപടികളും ഇടപെടലുകളും നടത്തുന്നതിലും വീഴ്ചകള്‍ പറ്റിയിട്ടില്ലെന്നും നൂറു ശതമാനവും എല്ലാം ശരിയായിരുന്നുവെന്നും കണക്കു നിരത്തി പ്രതിപക്ഷത്തെ ശ്വാസം മുട്ടിക്കാന്‍ മുഖ്യമന്ത്രിയും മുതിരേണ്ട കാര്യമില്ല. മഴക്കണക്കുകളുടെ താരതമ്യങ്ങള്‍ കൊണ്ടോ പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് ഉദ്ധരിച്ചോ ചില വീഴ്ചകള്‍ സംഭവിച്ചത് ന്യായീകരിക്കാനോ ഇല്ലെന്നു സ്ഥാപിക്കാനോ സാധ്യമല്ലെന്ന് മുഖ്യമന്ത്രിയും മനസ്സിലാക്കണം. വീഴ്ചകള്‍ സ്വാഭാവികമാണ്. അത് തിരിച്ചറിയുകയും തിരുത്തുകയുമാണ് ഭരണാധികാരിയുടെ കര്‍ത്തവ്യം.
ധാരണയായാലും തെറ്റിദ്ധാരണയായാലും ആശങ്കകള്‍ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷ നേതാവിന്റെ ബാധ്യതയാണ്. മുഖ്യമന്ത്രിയെപ്പോലെ പ്രതിപക്ഷ നേതാവും താന്താങ്ങളുടെ തലങ്ങളില്‍ ജനങ്ങള്‍ക്കു വേണ്ടി ചുമതല നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. അതു ചെയ്യുമ്പോള്‍ തങ്ങളെ നയിക്കുന്ന രാഷ്ട്രീയത്തോടും അതിന്റെ ഇടുങ്ങിയ ചട്ടക്കൂടുകളോടും താല്‍പര്യങ്ങളോടുമല്ല, സത്യത്തോടും നീതിയോടുമാണ് കൂറുപുലര്‍ത്തേണ്ടത്.
യുഎഇ, ഖത്തര്‍ തുടങ്ങിയ അയല്‍രാഷ്ട്രങ്ങള്‍ സഹായം നല്‍കാമെന്നു പ്രഖ്യാപിച്ചു. ഇന്ത്യാ ഗവണ്മെന്റ് ആവശ്യപ്പെട്ടാല്‍ കേരളത്തിലെ ദുരന്തത്തിന് ആവശ്യമായ ഭൗതിക സഹായത്തിനു തയ്യാറാണെന്ന് യുഎന്‍ പോലും അറിയിക്കുകയുണ്ടായി. എന്നാല്‍, അതൊക്കെ സ്വീകരിക്കാന്‍ യുപിഎ ഗവണ്മെന്റ് നേരത്തേ പ്രഖ്യാപിച്ച നയം തടസ്സമാണെന്ന കടുംപിടിത്തത്തിലാണ് കേന്ദ്രം. 2016 ജൂലൈയില്‍ മോദി ഗവണ്മെന്റിന്റെ ദേശീയ ദുരന്തനിവാരണ നയത്തില്‍ പറയുന്നത് മറ്റൊന്നാണ്. ഏതെങ്കിലും രാജ്യം സ്വമേധയാ സഹായം നല്‍കാന്‍ തയ്യാറായാല്‍ കേന്ദ്ര സര്‍ക്കാരിനു സ്വീകരിക്കാമെന്ന് അതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റുമായി ആലോചിച്ച് കേന്ദ്ര ആഭ്യന്തര കാര്യാലയമാണ് തീരുമാനം എടുക്കേണ്ടത്.
ഏകപക്ഷീയമായി സഹായം നിഷേധിക്കാന്‍ കേന്ദ്രത്തിന് എങ്ങനെ സാധിക്കും? എങ്കില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണം കേന്ദ്രം ഏറ്റെടുക്കണം. തിന്നുകയില്ല തീറ്റിക്കുകയുമില്ല എന്ന ഈ നയം സംഘപരിവാര രാഷ്ട്രീയത്തിന്റെ കേരളത്തോടുള്ള നിലപാടാണെന്ന് വ്യക്തമാണ്.
കേരളത്തില്‍ പ്രളയം സംഹാരതാണ്ഡവമാടിയ ആഗസ്ത് പാതിക്ക് ലോകമാകെ ഉല്‍ക്കണ്ഠപ്പെട്ട മണിക്കൂറുകളില്‍ കേരളത്തില്‍ നിന്ന് ഒരു ഓഡിയോ സന്ദേശം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പുറംരാജ്യങ്ങളിലും ലഭിക്കുകയുണ്ടായി. അത് ഇപ്പോഴും അമ്പരപ്പ് സൃഷ്ടിക്കുകയാണ്.
ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലയിലെ കരിവന്നൂര്‍ സ്വദേശി സുരേഷ് എന്നയാള്‍ ദൃക്‌സാക്ഷിയെന്ന നിലയില്‍ അയച്ചതാണ് ഓഡിയോ സന്ദേശം: ”നിര്‍ത്തൂ, അടിയന്തരമായി ഈ ശേഖരണങ്ങളൊക്കെ. ഇവിടെ പണത്തിന്റെയോ സാധനസാമഗ്രികളുടെയോ ആവശ്യമില്ല. സമ്പന്നവര്‍ഗങ്ങളിലുള്ളവരെ മാത്രമാണ് പ്രളയം ബാധിച്ചിട്ടുള്ളത്. നിങ്ങള്‍ പണമോ സാധനങ്ങളോ സംഭാവന ചെയ്താല്‍ അവര്‍ മുഖത്തേക്കു വലിച്ചെറിയും. ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന ഐടി ജില്ലയായ എറണാകുളത്ത് പ്രളയം ആരെയും ബാധിച്ചിട്ടില്ല. ഇവിടെ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിറയെ ദുരിതസഹായത്തിനുള്ള സാധനസാമഗ്രികളാണ്. പക്ഷേ ആര്‍ക്കും വേണ്ട. ക്യാംപിലുള്ളവര്‍ക്ക് ഭക്ഷണവും മരുന്നുമാണ് വേണ്ടത്. ഭക്ഷണം സന്നദ്ധ സംഘടനകള്‍ എത്തിക്കുന്നുണ്ട്. ഒരിക്കലും നിങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കരുത്. അതേക്കുറിച്ച് ഒരുപാട് ആരോപണങ്ങളുണ്ട്. പണവും സഹായവും എത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സേവാഭാരതി (സംഘപരിവാര സംഘടന) പോലുള്ള യഥാര്‍ഥ സംഘടനകളെയാണ് ഏല്‍പിക്കേണ്ടത്. യഥാര്‍ഥ പ്രവര്‍ത്തനം നടത്തുന്ന വിവിധ ജില്ലകളിലെ ആളുകളുടെ പേരുവിവരം ബന്ധപ്പെട്ടാല്‍ നല്‍കാന്‍ ഞാന്‍ തയ്യാറാണ്.”
സുരേഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വെളിപ്പെടുത്തുന്നത് ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘപരിവാര പ്രവര്‍ത്തകനാണ് ഈ മഹാ മനുഷ്യസ്‌നേഹി എന്നാണ്. അതിനിടെ അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജിന്റെ പ്രസ്താവന കൂടി വന്നിരിക്കുന്നു. കേരളത്തില്‍ പശുക്കളെ കൊല്ലുകയും ഗോമാംസം തിന്നുകയും ചെയ്യുന്നതിന്റെ പ്രത്യാഘാതമാണ് പ്രളയമായി വന്നതെന്നും അതുകൊണ്ട് അതിന് ഇരയായവരെ സഹായിക്കരുതെന്നുമാണ് ഹിന്ദു മഹാസഭ ആഹ്വാനം ചെയ്യുന്നത്. ബിജെപിയും സംഘപരിവാരവും കേരളത്തിനു സംഭവിച്ച ഈ മഹാ പ്രകൃതിദുരന്തത്തെ തങ്ങളുടെ വര്‍ഗീയ അജണ്ടയ്ക്കും അധികാര ലക്ഷ്യത്തിനും എങ്ങനെയൊക്കെ ഉപയോഗിക്കുമെന്നതാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരേ പോരാടുകയാണ് മുഖ്യ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ രാഷ്ട്രീയ ദ്വന്ദ്വയുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എന്തു സംഭവിക്കും എന്നതിന്റെ തിരിച്ചറിവ് ഇല്ലാതെപോകുന്നു. അതിന്റെ രാഷ്ട്രീയ ദുരന്തം സംസ്ഥാനത്ത് മറ്റൊരു ആപത്താണ് സൃഷ്ടിക്കുകയെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തിരിച്ചറിയണം.
സംഘപരിവാര പ്രചാരണത്തെ തുറന്നുകാട്ടുന്നതാണ് സുപ്രിംകോടതി ജഡ്ജിമാരും അഭിഭാഷകരുമടക്കം കേരളത്തിന്റെ ദുരിതാശ്വാസത്തിനു നല്‍കിയ സഹായവും പിന്തുണയും. കേരള ഹൈക്കോടതിയില്‍ ജഡ്ജിമാരും അഭിഭാഷകരും ഒന്നിച്ചിരുന്ന് സൈനിക ലോറിയില്‍ എത്തിയ ദുരിതാശ്വാസ കേന്ദ്രത്തിലേക്കുള്ള വസ്തുക്കള്‍ തരംതിരിച്ച് വിതരണം ചെയ്ത മാതൃക.
സംസ്ഥാന ഗവണ്മെന്റിനു കീഴില്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക ദുരന്തനിവാരണ സംവിധാനങ്ങള്‍ക്കും കേരളത്തിനു പുറത്തുനിന്നും വിദേശത്തുനിന്നും വന്ന സഹായത്തിന്റെ കുത്തൊഴുക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ നിന്ന് 1.25 കോടി രൂപ വരുന്ന മാച്ച് ഫീ കേരളത്തിനു സമര്‍പ്പിച്ചത്. പ്രളയദുരന്തത്തില്‍ നിന്നു കേരളത്തെ കൈപിടിച്ച് ഉയര്‍ത്താനുള്ള ദേശീയ ആഗോള മുന്‍കൈ തിരിച്ചറിഞ്ഞ് വിനയത്തോടെ, വിശ്വസ്തതയോടെ കൂട്ടായി പ്രവര്‍ത്തിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തില്‍ തുടര്‍ന്നു ചെയ്യേണ്ടത്.
സര്‍ക്കാര്‍ എന്നോ പ്രതിപക്ഷം എന്നോ പ്രളയദുരന്തത്തില്‍ നിന്ന് പ്രത്യേകം രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ തുനിയുന്നത് ഇതിനകം കെട്ടിപ്പൊക്കിയ കേരളത്തിന്റെ കൂട്ടായ്മയുടെയും മനുഷ്യത്വത്തിന്റെയും മാതൃക തകര്‍ക്കുമെന്ന് എല്ലാവരും തിരിച്ചറിയണം. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss