|    Dec 17 Sun, 2017 2:20 am
FLASH NEWS

ചളിക്കുളമായി മുട്ടില്‍ ബസ്സ്റ്റാന്റ്; ജനകീയവേദി പ്രക്ഷോഭത്തിലേക്ക്

Published : 1st July 2016 | Posted By: SMR

കല്‍പ്പറ്റ: മുട്ടില്‍ ടൗണിന്റെ ഹൃദയഭാഗത്ത് പഞ്ചായത്ത് നിര്‍മിച്ച ബസ് ബേ കം ഷോപ്പിങ് കോ ംപ്ലക്‌സ് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും കച്ചവടത്തിനായി കെട്ടിടത്തില്‍ മുറിയെടുത്തവര്‍ക്കും ഒരുപോലെ ദുരിതമാവുന്നു. ബസ് ബേ ചളിക്കുളമായി കിടക്കുകയാണ്. അതുകൊണ്ടു തന്നെ ബസ്സുകളൊന്നും ഇങ്ങോട്ട് കയറാറില്ല. ബസ് ബേയുടെ പ്രവൃത്തി പൂര്‍ത്തിയാവാത്തതിനാല്‍ തന്നെ ഇവിടെ മുറികളെടുത്ത ആളുകള്‍ക്ക് കച്ചവടം തുടങ്ങാനും സാധിച്ചിട്ടില്ല.
എന്നാല്‍ ഒരു വര്‍ഷത്തോളമായി ഇവരില്‍ നിന്നും പഞ്ചായത്ത് മുടങ്ങാതെ വാടക പിരിക്കുന്നുണ്ട്. ഷോപ്പിങ് കോംപ്ലക്‌സിലെ 18 മുറികള്‍ രണ്ടു മുതല്‍ അഞ്ചുലക്ഷം വരെ അഡ്വാന്‍സ് നല്‍കിയാണ് പലരും ലേലത്തി ല്‍ പിടിച്ചത്. ഇതിന് പുറമെ മൂന്ന് മാസത്തെ വാടക സെക്യൂരിറ്റിയായും പഞ്ചായത്തില്‍ കെട്ടിവച്ചിരുന്നു. 2000 മുതല്‍ 4000 വരെയാണ് മുറികള്‍ക്ക് പഞ്ചായത്ത് വാടകയീടാക്കുന്നത്. എന്നാല്‍ കച്ചവടം ആരംഭിക്കാനാവശ്യമായ ഒരു സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല.
2015 ഫെബ്രുവരി ഒമ്പതിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബസ് ബേ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മൂന്നു മാസത്തിനുള്ളില്‍ ഇതിലൂടെ ബസ്സുകള്‍ കയറിയിറങ്ങുമെന്നായിരുന്നു അന്ന് അധികൃതര്‍ പറഞ്ഞത്. എന്നാല്‍, വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇങ്ങോട്ട് ഒരു വാഹനംപോലും കയറ്റാനാവാത്ത അവസ്ഥയാണ്. നിര്‍മാണത്തിനായി ഉണ്ടായിരുന്ന വെയിറ്റിങ് ഷെഡും പൊളിച്ചുമാറ്റിയിരുന്നു. പെരുമഴയത്ത് റോഡില്‍ ബസ് കാത്തു നില്‍ക്കേണ്ട ഗതികേടിലാണ് യത്രക്കാര്‍. പുതിയ ഭരണസമിതി പണി ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും മൂന്നുമാസത്തോളമായി ഓവുചാലിന്റെ പ്രവൃത്തി മാത്രമാണ് ആരംഭിച്ചത്.
നിരവധി സര്‍ക്കാര്‍ ഓഫിസുകളാണ് ഈ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നത്. ഏറെ ദുരിതം സഹിച്ചാണ് ആവശ്യക്കാര്‍ ഇവിടെയെത്തുന്നത്. പഞ്ചായത്തധികൃതരുടെ മൂക്കിന് താഴെ നടക്കുന്ന പൊതുജനങ്ങളുടെ ഈ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മുറി വാടകക്കെടുത്തവരും ജനീകയ സമിതി പ്രവര്‍ത്തകരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എം ഒ ദേവസ്യ, ബാബു പിണ്ടിപ്പുഴ, ജോസ് പാറ്റാനി, പി മനാഫ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss