|    Nov 19 Sun, 2017 2:18 pm
FLASH NEWS

ചളിക്കുളമായി നരിക്കുനി-കുമാരസ്വാമി റോഡ്‌

Published : 12th August 2017 | Posted By: fsq

 

നരിക്കുനി: റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ച് ഒന്നര വര്‍ഷം മുമ്പ് ടെണ്ടര്‍ ചെയ്ത നരിക്കുനി-കുമാരസ്വാമി റോഡിലൂടെയുള്ള യാത്ര ദുരിതമായി. നവീകരണ പ്രവൃത്തികള്‍ അനിശ്ചിതമായി നീളുന്നത് കാരണം ഈ റോഡ് ചെമ്മണ്‍ പാതക്ക് സമാനമായി. ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പിടുന്നതിനായി കീറിമുറിച്ചതിനാല്‍  നേരത്തെ തന്നെ തകര്‍ന്ന് കിടക്കുന്ന റോഡ് ചെളിക്കുളമായി മാറിയിരിക്കുകയാണ്. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ  ഈ റോഡില്‍ നരിക്കുനി മുതല്‍ ഗെയ്റ്റ് ബസാര്‍ വരെ 5 കോടി രൂപ ഉപയോഗിച്ച് ബി എം ആന്റ് ബി സി ടാറിംഗ് നടത്തി നവീകരിക്കുന്ന പ്രവൃത്തികള്‍ക്ക് ഒന്നര വര്‍ഷം മുമ്പാണ് ഭരണാനുമതി ലഭിച്ചത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പ്രവൃത്തി തുടങ്ങാന്‍ വൈകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് റോഡ് പ്രവൃത്തി നടത്താന്‍ കരാറുകാര്‍ ശ്രമിച്ചെങ്കിലും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനാനുള്ളതിനാല്‍ പണി നീണ്ടുപോയി. ഇതിനിടെ ആവശ്യമായ സ്ഥലങ്ങളില്‍ റോഡ് വീതികൂട്ടലും ഓവുചാല്‍ നിര്‍മാണവും രണ്ടിടത്ത് കല്‍വര്‍ട്ടും നിര്‍മിച്ച് ടാറിങിനുള്ള മുന്നൊരുക്കങ്ങള്‍ കരാറുകാര്‍ തുടങ്ങിയിരുന്നു. ഇതിനിടെയാണ് നരിക്കുനി മുതല്‍ തെക്കെകണ്ടി വരെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി വാട്ടര്‍അതോറിറ്റി കുഴികളെടുത്തത്. കുഴികള്‍ പൈപ്പിട്ട് മണ്ണിട്ട് മൂടിയെങ്കിലും ഈ ഭാഗം നന്നാക്കുന്ന പ്രവൃത്തികള്‍ അനിശ്ചിതമായി നീളുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പരിശോധനകളും പൂര്‍ത്തിയായിട്ടില്ല. പൈപ്പിടാനായി കീറിയ ഭാഗങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കിയ ശേഷമെ പ്രധാന കരാറുകാര്‍ക്ക് ടാറിംഗ് തുടങ്ങാന്‍ കഴിയുള്ളൂ. ഈ റോഡ് കടന്നുപോകുന്ന ഭാഗത്ത് നരിക്കുനി, കുരുവട്ടൂര്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങള്‍് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കീഴില്‍ വരുന്നവയാണ്. ഈ റോഡില്‍ നരിക്കുനി പഞ്ചായത്ത് പരിധിയില്‍ പെട്ട ഭാഗത്ത് പൈപ്പിട്ടിട്ടുണ്ട്. എന്നാല്‍ കുരുവട്ടൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ പെട്ട സ്ഥലത്തും പൈപ്പിടാനായി റോഡ് കീറിയെന്നല്ലാതെ ഇത് നന്നാക്കുന്ന പണികള്‍ നടന്നിട്ടില്ല. മഴക്ക് മുമ്പെ ടാറിംഗ് നടത്തിയിട്ടില്ലെങ്കില്‍ ഈ റോഡിലൂടെയുള്ള യാത്ര ദുരിതമാകുമെന്നും ഇതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും അനുകൂല നടപടികളില്ലാത്തതിനാല്‍ ഇപ്പോള്‍ ഇതുവഴിയുള്ള യാത്ര ദുരിത പൂര്‍ണമാണ്. ഈ റോഡ് പൂര്‍ണമായും തകര്‍ന്ന് കാല്‍ നടയാത്ര പോലും ദുസഹമായിരിക്കുകയാണ്. തകര്‍ന്ന റോഡിലെ കുഴികളില്‍ പലതവണ ക്വാറി വേഴ്സ്റ്റ് നിരത്തിയിട്ടും ദുരിതയാത്രക്ക് പരിഹാരമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക