|    Mar 24 Fri, 2017 11:38 pm
FLASH NEWS

ചലച്ചിത്ര സംവിധായകന്‍ രാജന്‍ ശങ്കരാടി അന്തരിച്ചു

Published : 2nd August 2016 | Posted By: SMR

ആലുവ: ചലച്ചിത്ര സംവിധായകന്‍ ആലുവ എടത്തല അനിഴം വീട്ടില്‍ രാജന്‍ ശങ്കരാടി (പി രാജഗോപാല്‍-63) അന്തരിച്ചു. ഇന്നലെ രാത്രി 7.30ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് 5.30ന് വീട്ടുവളപ്പില്‍. ഇന്നലെ വൈകീട്ട് ഏഴോടെ സ്വന്തം വീട്ടില്‍ നിന്ന് ആലുവ ടാസ് റോഡിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു നടന്നുപോകവെ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികില്‍സയിലായിരുന്നു.
ബാലചന്ദ്രമേനോന്റെ ‘ഉത്രാടരാത്രി’യില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് രാജന്‍ ശങ്കരാടി സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് സംവിധായകന്‍ ജോഷിയുടെ അസോസിയേറ്റ് ഡയറക്ടറായും ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1985ല്‍ ‘ഗുരുജി ഒരു വാക്ക്’ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്. മീനത്തില്‍ താലികെട്ട്(1998), ക്ലിയോപാട്ര(2013) എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. നസ്രാണി, പത്രം, പോത്തന്‍വാവ, ജൂലൈ നാല്, മാമ്പഴക്കാലം, ദുബൈ, ലേലം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, ധ്രുവം, റണ്‍വേ, കൗരവര്‍ എന്നിവയുള്‍പ്പെടെയുള്ള ജോഷിയുടെ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായും ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. വിജി തമ്പി, സിബി മലയില്‍, ഫാസില്‍, കെ മധു എന്നിവരുടെ അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്തരിച്ച ചലച്ചിത്രതാരം ശങ്കരാടിയുടെ സഹോദരീപുത്രന്‍കൂടിയായ രാജന്‍ ശങ്കരാടി അഭിനേതാവായി കാമറയ്ക്കു മുന്നിലും മുഖം കാണിച്ചിട്ടുണ്ട്. മീനത്തില്‍ താലിക്കെട്ട്, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, മുഖം, ആഗസ്റ്റ് ഒന്ന് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഭാര്യ: ഉഷാറാണി. മക്കള്‍: പാര്‍വതി, സൂരജ്.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക