|    May 27 Sun, 2018 5:08 pm
FLASH NEWS

ചലച്ചിത്ര പുരസ്‌കാര വിതരണം; പാസ് വില്‍പ്പനയും കരിഞ്ചന്തയും വിജിലന്‍സ് അന്വേഷിക്കണമെന്ന്

Published : 17th October 2016 | Posted By: Abbasali tf

പാലക്കാട്: സര്‍ക്കാര്‍ പരിപാടിയുടെ പാസ് സ്വകാര്യ സംഘടനയുടെ മെംബര്‍ഷിപ്പ് പുതുക്കാന്‍ പണം ഈടാക്കി വില്‍പ്പന നടത്തിയ സംഭവം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിലേക്കുള്ള പ്രവേശന പാസ് ഒരു സംഘടനയുടെ മെംബര്‍ഷിപ്പ് പുതുക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വന്‍ താരനിശയെത്തിയ പരിപാടിയുടെ മുന്‍നിര സീറ്റുകളിലേക്കുള്ള പാസുകള്‍ സംഘടനയുടെ മെംബര്‍ഷിപ്പ് തുകയായ 500 രൂപ ഈടാക്കിയാണ് വിതരണം നടത്തിയത്. സര്‍ക്കാര്‍ പരിപാടിയുടെ സംഘാടക സമിതി ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു ഇത്. ഈ സംഭവത്തില്‍ ഗുരുതമായ വീഴ്ചയാണെന്ന് അക്ഷേപമുണ്ട്. സംഘാടക സമിതി ഓഫിസില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് പാസ് അനുവദിക്കുമെന്നാണ് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതുപ്രകാരം സംഘാടക സമിതി ഓഫിസിലെത്തിയവരെ പാസ് തീര്‍ന്നെന്നു പറഞ്ഞ് മടക്കിയയച്ചു. അതേ സമയം സ്വകാര്യ സംഘടനയുടെ അംഗങ്ങളില്‍ നിന്നും മെംബര്‍ഷിപ്പ് തുക വാങ്ങി പാസ് നല്‍കുന്നുമുണ്ടായിരുന്നു. ഇത് കടുത്ത പ്രതിഷേധത്തിനും കാരണമായിരുന്നു. സര്‍ക്കാര്‍ പരിപാടിയുടെ പാസ് സ്വകാര്യ സംഘടനയുടെ മെം ബര്‍ഷിപ്പ് പുതുക്കാന്‍ ഉപയോഗിച്ചത് ക്രമവിരുദ്ധമാണ്.അതിനിടെ വേദിയും സൗകര്യങ്ങളും ഒരുക്കിയ സംഘാടകര്‍ അതിന് ആനുപാതികമായല്ല പാസ് വിതരണം നടത്തിയതെന്ന പരാതിയുമുണ്ട്. അനുവദിച്ച സീറ്റുകളുടെ എത്രയോ ഇരിട്ടിയിലധികമാണ് പാസ് വിതരണം ചെയ്തത്. ഇത് മൂലം പാസ് ലഭിച്ചിട്ടും പരിപാടി നടന്ന മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിനകത്തേക്ക് പോലും പ്രവേശനം ലഭിക്കാതം നൂറുകണക്കിന് കുടുംബങ്ങളാണ് തിരികെ മടങ്ങിയത്. പാസ് ലഭിച്ചതിനാല്‍ സീറ്റ് ഉറപ്പാണെന്ന ധാരണയിലെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ പ്രവേശന കവാടത്തില്‍ പോലിസ് തടഞ്ഞ് തിരിച്ചയച്ചത് കടുത്ത പ്രതിഷേധത്തിന് കാരണമായി. പാസുമായി എത്തിയിട്ടും പ്രവേശിപ്പിക്കാത്തത് ചിലര്‍ ചോദ്യം ചെയ്യുകയും ചെയ്തു. തിരക്ക് നിയന്ത്രണാതീതമായ സാഹചര്യത്തില്‍ പ്രവേശന കവാടത്തിന് സമീപം പോലിസ് ലാത്തി വീശിയാണ് പാസുമായി എത്തിയവരെ വിരട്ടി ഓടിച്ചത്. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന പരിപാടിക്ക് ഒരു മണിക്കുര്‍ മുമ്പ് എത്തിയവര്‍ക്ക് പോലും അകത്തേക്ക് പ്രവേശിക്കാനായില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് അപമാനം നേരിടേണ്ടി വന്നത് സംഘടക സമിതിയുടെ കടുത്ത പാളിച്ചയായും ചൂണ്ടിക്കാട്ടപ്പെടുന്നു. കോടികള്‍ ചിലവിട്ട് നിര്‍മിച്ച പരിപാടിക്ക് മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ മുഴുവന്‍ സ്ഥലവും ഉപയോഗപ്പെടുത്തിയിരുന്നില്ല. സ്‌റ്റേജ് ഒന്നുകൂടി വിപുലപ്പെടുത്തിയിരുന്നെങ്കില്‍ തന്നെ ഇനിയും എത്രയോ അധികം പേരെ സ്‌റ്റേഡിയത്തിലേക്ക് ഉള്‍ക്കൊള്ളാമായിരുന്നു. എന്നാല്‍ യാതൊരു കണക്കു കൂട്ടലുകളും ഇല്ലാതെ ചില പ്രത്യേക താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സംഘാടക സമിതിയുടെ മുഖ്യ ചുമതലക്കാരില്‍ ചിലര്‍ പ്രവര്‍ത്തിച്ചതെന്ന് ആക്ഷേപമുണ്ട്. ചടങ്ങില്‍ ആദരിക്കപ്പെട്ടവര്‍ പോലും കുടുംബസമേതം എത്തിയപ്പോള്‍ പ്രവേശന കവാടത്തില്‍ തടഞ്ഞത് സംഘാടക സമിതിയുടെ പരാജയമായി. പാസ് നല്‍കിയതിലെ ക്രമവിരുദ്ധ നടപടികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss