|    Jan 17 Tue, 2017 8:27 pm
FLASH NEWS

ചലച്ചിത്ര തിരുശേഷിപ്പുകളുടെ കാവല്‍ക്കാരന്‍ ഇനി ഓര്‍മ

Published : 5th March 2016 | Posted By: SMR

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: സിനിമാ ലോ കത്തെ ‘ചലച്ചിത്ര തിരുശേഷിപ്പുകളുടെ കാവല്‍ക്കാരന്‍’ ഇനി സ്‌ക്രീനിലേക്കു കണ്ണോടിക്കില്ല. പി കെ നായര്‍ എന്ന പരമേശ് കൃഷ്ണന്‍നായര്‍ എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര ശേഖരങ്ങളുടെ സൂക്ഷിപ്പുരനായ അമരക്കാരന്‍ ഓര്‍മയായി. ഇന്ത്യന്‍ സിനിമാ ചരിത്രവും ലോക സിനിമാ ചരിത്രവും തേടിയലഞ്ഞ സിനിമാ ജീനിയസാണ് പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ വിടപറഞ്ഞത്.
നാഷനല്‍ ഫിലിം ആര്‍ക്കൈവ്‌സ് = പി കെ നായര്‍ എന്നു വിശേഷിപ്പിച്ചാലും അതൊരു അതിശയോക്തി ആവില്ല. ഇന്ത്യയില്‍ ഒരു ഫിലിം സ്‌കോളര്‍ എന്നു വിശേഷിപ്പിക്കാവുന്ന അപൂര്‍വ്വ വ്യക്തിത്വമായിരുന്നു നായര്‍. തിരുവനന്തപുരത്തു ജനിച്ചുവളര്‍ന്ന് കെ സുബ്രഹ്മണ്യത്തിന്റെ തമിഴ് സിനിമകളായ അനന്തശയനം, ഭക്തപ്രഹ്‌ളാദ തുടങ്ങിയ മിതോളജിക്കല്‍ സിനിമകളോട് പ്രണയം തോന്നി സിനിമാലോകത്തേക്കു നടന്നുകയറി. 1953ല്‍ തന്റെ സിനിമാ സ്വപ്‌നസാക്ഷാല്‍കാരത്തിനായി ബോംബെയിലേക്കു വണ്ടികയറി.
സിനിമാ സംവിധായകനാവുക എന്നതായിരുന്നു ലക്ഷ്യം. പ്രശസ്ത സിനിമക്കാരായ മെഹബൂബ് ഖാന്‍, ബിമല്‍ റോയ്, ഋഷികേശ് മുഖര്‍ജി തുടങ്ങിയവരുമായി ബന്ധം സ്ഥാപിച്ചു. സിനിമാ നിര്‍മാണത്തില്‍ നിന്ന് സിനിമാ അക്കാദമിക് പഠനത്തിലേക്കോടി ആ മനസ്സ്. അന്നു തുടങ്ങിയ നെട്ടോട്ടമാണ് ഇന്ത്യന്‍ ഫിലിം ആര്‍ക്കൈഡ് എന്ന ചിത്ര സൂക്ഷിപ്പുപേടകത്തിലേക്ക് നിറയെ സിനിമകള്‍ കൊണ്ടുനിറച്ചത്. ഭൂമിയില്‍ ഏതോ ഒരു മൂലയില്‍ കിടന്നിരുന്ന പഴയകാല സിനിമകളെ കണ്ടെത്താനായി ലോകം മുഴുവന്‍ സഞ്ചാരം.
സിനിമാ ചരിത്രത്തില്‍ എഴുതിവച്ച ദാദാസാഹെബ് ഫാല്‍ക്കെയുടെ പ്രശസ്തവും ചരിത്രവുമായ രാജാ ഹരിശ്ചന്ദ്ര, കാളിയമര്‍ദ്ദനം, ബോംബെ ടാക്കീസ്, ജീവന്‍ നൈയ, ബന്ധന്‍, കങ്കണ്‍, എസ് എസ് വാസന്റെ ചന്ദ്രലേഖ, ഉദയ ശങ്കറിന്റെ കല്‍പന, പ്രശസ്ത ചിത്രങ്ങളായ അച്യുത്കന്യ, കിസ്മത് തുടങ്ങി എത്രയെത്ര ചിത്രങ്ങളാണ് ആ പരിശ്രമശാലി തിരഞ്ഞു കണ്ടെത്തിയത്. മിനര്‍വ മൂവിടോണ്‍, ജമിനി സ്റ്റുഡിയോ, എവിഎം ഇങ്ങനെ നാട്ടിലെ അടച്ചുപൂട്ടിയ സിനിമാകമ്പനികളിലെല്ലാം രാവും പകലും സിനിമകള്‍ അന്വേഷിച്ചുള്ള നീണ്ട യാത്രകള്‍.
നശിച്ചുപോയെന്നു കരുതിയ 12,000 സിനിമകളാണ് പി കെ നായര്‍ കണ്ടെടുത്ത് പൊടിപടലം തട്ടിക്കളഞ്ഞ് ആര്‍കൈവ്‌സില്‍ ഭദ്രമാക്കി എത്തിച്ചത്. ഇതില്‍ 8000 സിനിമകള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണ് എന്നത് അദ്ദേഹത്തിന്റെ അന്വേഷണത്വരയുടെ മാറ്റു കൂട്ടുന്നു. 1965ല്‍ തുടങ്ങിയതാണ് പടങ്ങള്‍ കണ്ടെത്താനുള്ള ഒരു തരം തീര്‍ത്ഥയാത്ര. യുകെ, യുഎസ്എ, ഫ്രാന്‍സ്, ഇറ്റലി, പോളണ്ട്, സോവിയറ്റ് യൂനിയന്‍ അന്വേഷണയാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.1961ല്‍ ഫിലിം ആ ന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലഭിച്ച് റിസര്‍ച്ച് അസിസ്റ്റന്റിന്റെ ജോലിയാണ് പി കെ നായരെ ‘ഒരു സെല്ലുലോയ്ഡ് മനുഷ്യനാക്കി തീര്‍ത്തത്.
സിനിമകളുടെ ഒരു പ്രിന്റ്, അല്ലെങ്കില്‍ അതിന്റെ നെഗറ്റീവ് ഏതെങ്കിലും ഒന്നു കണ്ടെത്തി യേ ഓരോ യാത്രയും അവസാനിച്ചുള്ളൂ. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിന്റെ തുടക്കക്കാരനും മറ്റാരുമായിരുന്നി ല്ല. അദ്ദേഹത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രത്തിന്റെ പേരാണ് ഓര്‍മ വരുന്നത്. സെല്ലുലോയിഡ് മാന്‍. അതെ ഒരു സെല്ലുലോയിഡ് മനുഷ്യന്‍ ഇവിടെ ഇന്നലെ ഇല്ലാതായി. സിനിമക്കാര്‍ക്ക് ഒരു നിധി സമ്പാദിച്ചുവച്ചുവെന്ന ഒറ്റ ഗുണം മതി നായരെ ലോകം ബഹുമാനിക്കാന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക