|    Jan 23 Mon, 2017 8:13 am

ചലച്ചിത്ര അക്കാദമി: അനധികൃത നിയമനങ്ങള്‍ ഉണ്ടാവില്ല – കമല്‍

Published : 19th July 2016 | Posted By: sdq

kamal-2-finalതിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ധൂര്‍ത്തും അഴിമതിയും സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് നിയുക്ത ചെയര്‍മാന്‍ കമല്‍. പറഞ്ഞുകേട്ടുള്ള അറിവേ തനിക്കുമുള്ളൂ. അത്തരം കാര്യങ്ങള്‍ ഇനിയുണ്ടാവാതിരിക്കാന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പരിശ്രമിക്കും.
സര്‍ക്കാരിന്റെ അഴിമതിരഹിത ഭരണമെന്ന മുദ്രാവാക്യം ചലച്ചിത്ര അക്കാദമിയിലും നടപ്പാക്കാന്‍ ശ്രമിക്കുമെന്നും കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനധികൃത നിയമനങ്ങ ള്‍ ഇനിയുണ്ടാവില്ല. അങ്ങനെ ഇതുവരെ സംഭവിച്ചിട്ടുണ്ടെങ്കില്‍ മുന്‍കാല പ്രാബല്യം വച്ച് നടപടികള്‍ കൈക്കൊള്ളാന്‍ ശ്രമിക്കും. ഇനിയുള്ള നിയമനങ്ങള്‍ നിയമസാധുത പരിശോധിച്ചുമാത്രമേ നടത്തൂ. ചെയര്‍മാന്‍ എന്ന നിലയില്‍ ചെയ്തുതീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങള്‍ മുന്നിലുണ്ട്. ഐഎഫ്എഫ്‌കെ നടത്തിപ്പാണ് അതില്‍ പ്രാഥമികം. പുതിയ ഭാരവാഹികളുടേയും ബോര്‍ഡ് അംഗങ്ങളുടേയും തിരഞ്ഞെടുപ്പും അജണ്ടയാണ്. അത് സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചു മുന്നോട്ടുപോവും.
ചലച്ചിത്രമേള ഡിസംബറില്‍ ആയതിനാല്‍ അതിനുമുമ്പ് കുറേ നിയമനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും കമല്‍ പറഞ്ഞു. ചലച്ചിത്ര പ്രേമികളുടേയും പ്രവര്‍ത്തകരുടേയും ചിരകാലാഭിലാഷമാണ് ഒരു ഫെസ്റ്റിവല്‍ കോംപ്ലക്‌സ്. അതിനുള്ള സ്ഥലമേറ്റെടുക്കലും അനുബന്ധ നടപടികളുമാണ് മറ്റൊരു അടിയന്തര ദൗത്യം. എന്നാല്‍, ഇതിനായി ആക്കുളത്ത് സ്ഥലമേറ്റെടുത്തെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
നഗരത്തിന് അകത്തുതന്നെ ഫെസ്റ്റിവല്‍ കോംപ്ലക്‌സ് വേണമെന്നാണ് ആവശ്യം. കവടിയാറില്‍ 3.25 ഏക്കര്‍ ഭൂമി കണ്ടിട്ടുണ്ട്. അതിനാണ് മുന്‍ഗണന. ഫിലിം ആര്‍ക്കേവ്‌സാണ് മറ്റൊരു പ്രധാന ആവശ്യം. ഇതു തുടങ്ങാന്‍ 10 കോടിയുടെ പ്രോജക്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പഴയകാല മലയാള സിനിമകളുടെ നെഗറ്റീവുകള്‍ ഭാവിയില്‍ നഷ്ടമാവാതിരിക്കാന്‍ ആര്‍ക്കേവ്‌സ് ആവശ്യമാണ്. നിലവില്‍ മദ്രാസിലെ ആര്‍ക്കേവ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന വിവിധ ഭാഷകളിലെ സിനിമകളുടെ നെഗറ്റീവുകള്‍ പലതും സംവിധായകര്‍ ഏറ്റെടുക്കാത്തതിനാല്‍ കുഴിച്ചുമൂടി. ആ കെട്ടിടം ഇരുന്നിടത്ത് ഇപ്പോള്‍ വലിയൊരു ഹോട്ടലാണ്. അത്തരമൊരു സ്ഥിതി മലയാള സിനിമയ്ക്ക് ഉണ്ടാവരുത്.
ഇവ സൂക്ഷിക്കാന്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ താല്‍ക്കാലിക സംവിധാനം ഉണ്ടെങ്കിലും അത് ഫലവത്തല്ല. ഗ്രാമങ്ങളില്‍ സിനിമ കാണിക്കാന്‍ മുമ്പുണ്ടായിരുന്ന ടൂര്‍ ഇന്‍ ടാക്കീസ് എന്ന പദ്ധതി പുനരുജ്ജീവിപ്പിക്കുന്ന കാര്യം ആലോചനയിലാണ്. സിനിമകളുടെ സെന്‍സറിങ്ങില്‍ ഒരു ചലച്ചിത്രപ്രവര്‍ത്തകനെന്ന നിലയില്‍ സമരങ്ങള്‍ തുടരും. സെന്‍സറിങ്ങിനായി ക്യൂബ് ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ കാണിക്കണമെന്ന ബോര്‍ഡ് തീരുമാനം സ്വീകാര്യമല്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക