|    Aug 18 Fri, 2017 12:47 am
FLASH NEWS

ചലച്ചിത്രമേഖലയിലെ വനിതാ കൂട്ടായ്മയെ കുറിച്ച് അറിയില്ലെന്ന് നടി ലക്ഷ്മിപ്രിയ

Published : 4th August 2017 | Posted By: fsq

 

കോട്ടയം: ചലച്ചിത്ര മേഖലയിലെ വനിതാകൂട്ടായ്മയെ (വിമണ്‍ ഇന്‍ സിനിമ കലക്ടീവ്)കുറിച്ച് തനിക്കറിയില്ലെന്നു നടി ലക്ഷ്മിപ്രിയ. വനിതാകൂട്ടായ്മയുടെ വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും മാധ്യമങ്ങളിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് അറിയുന്നത്. താന്‍ മാത്രമല്ല, ചലച്ചിത്രമേഖലയിലെ ഭൂരിഭാഗം വരുന്ന സ്ത്രീകളും അറിയുന്നത് അത്തരത്തില്‍ മാത്രമാണെന്നും അവര്‍ വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. അമ്മയുടെ യോഗത്തില്‍ നടന്‍ മമ്മൂട്ടിയാണ് വനിതാ കൂട്ടായ്മ രൂപീകരിക്കുന്നത് സംബന്ധിച്ച് ബീനാപോള്‍ കത്തയച്ച കാര്യത്തെ കുറിച്ച് പറയുന്നത്. വനിതകളെ സംബന്ധിച്ച സമസ്ത മേഖലയിലെയും കൂട്ടായ്മയെന്നാണ് കരുതിയത്. എന്നാല്‍, നിലവില്‍ പത്തോ ഇരുപതോ പേര്‍ മാത്രമാണ് വനിതാ കൂട്ടായ്മയുടെ ഭാഗമായുള്ളത്. മുതിര്‍ന്ന പ്രവര്‍ത്തകരടക്കം ഇരുന്നൂറിലേറെ പേര്‍ ചലച്ചിത്ര മേഖലയില്‍ വനിതകളായുണ്ട്. ഇവരെ ആരെയും സംഘടനയില്‍ അംഗമാവണമെന്ന് ആവശ്യപ്പെട്ട് ഇതുവരെയും സമീപിച്ചതായി തനിക്കറിയില്ല. തന്റെയടുത്തും ഈ ആവശ്യവുമായി ആരും വന്നിട്ടില്ല. എത്തിയാല്‍ അംഗമാവുന്ന കാര്യം അപ്പോള്‍ ആലോചിക്കും. വനിതാ കൂട്ടായ്മയുടെ എല്ലാനിലപാടുകളോടും തനിക്കു യോജിപ്പില്ല. വനിതകള്‍ക്കെതിരായ അതിക്രമങ്ങളൊഴിവാക്കാന്‍ ഓരോ സിനിമയുടെ സെറ്റിലും റിട്ട. ജഡ്ജി അംഗമായ സെല്‍ പരിശോധന നടത്തണമെന്ന വനിതാ കൂട്ടായ്മയുടെ ആവശ്യം വളരെ മോശപ്പെട്ട കാര്യമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് അമ്മയുടെ യോഗത്തില്‍ ഒരുമണിക്കൂര്‍ ചര്‍ച്ച ചെയ്തിരുന്നു. നടിക്കു പിന്തുണ കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. അതുകൊണ്ടാണ് രണ്ടു മക്കളോടുമൊപ്പമാണ് അമ്മയെന്നു പറഞ്ഞത്. അഭിനയിച്ച ശേഷം വേതനം നല്‍കാന്‍ തയ്യാറാവാതിരുന്ന പ്രശ്‌നങ്ങള്‍ തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. പല സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്. പ്രശ്‌നങ്ങളെ പോസിറ്റീവായി കൈകാര്യം ചെയ്യുന്നതിനാല്‍ തനിക്ക് ഇക്കാര്യത്തിലൊന്നും പരാതിയില്ല. ചലച്ചിത്ര മേഖലയില്‍ അധോലോക ബന്ധങ്ങളുള്ളതായി തനിക്കറിയില്ല. അതേസമയം, സിനിമാ മേഖലയിലെ പുതുതലമുറയ്ക്കു മുതിര്‍ന്നവരോട് ബഹുമാനക്കുറവുള്ളതായി തോന്നിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക