|    Jan 19 Thu, 2017 5:48 am
FLASH NEWS

ചര്‍ച്ച പൊളിച്ചത് മുഖ്യമന്ത്രിയുടെ മര്‍ക്കടമുഷ്ടി: ചെന്നിത്തല

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: ഫീസ് കുറയ്ക്കാന്‍ തയ്യാറായ സ്വാശ്രയ മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മര്‍ക്കട മുഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ച പരാജയപ്പെട്ടതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ ദുരഭിമാനമാണ് ചര്‍ച്ച ഫലപ്രാപ്തിയിലെത്താതിരിക്കാന്‍ കാരണം.
ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇത്തരമൊരു നിലപാട് സ്വീകരിക്കില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യുഡിഎഫ് കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തി.
ഫീസ് കുറയ്ക്കാന്‍ മാനേജ്‌മെന്റുകള്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും മുഖ്യമന്ത്രി അതിന് തയ്യാറായില്ല. നേരത്തേ ആരോഗ്യമന്ത്രി കെ കെ ശൈലജയും ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനുമായി നടത്തിയ ചര്‍ച്ച ഫലപ്രാപ്തിയിലെത്തിയതായിരുന്നു. ഇതിനുശേഷം തന്നെ കാണാന്‍ വന്ന മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ ഫീസ് കുറയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതാണ്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം യുഡിഎഫ് നിലപാട് വ്യക്തമാക്കാമെന്ന് അവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ട മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് തിക്താനുഭവമാണുണ്ടായത്.
ഫീസ് കുറയ്ക്കാന്‍ തയ്യാറാണെന്ന നിര്‍ദേശം മാനേജ്‌മെന്റുകള്‍തന്നെ മുന്നോട്ടുവച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം മുഖ്യമന്ത്രിയെ കണ്ട് പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. ഈ സംഭവത്തോടെ മുഖ്യമന്ത്രിയുടെ മൂടുപടം അഴിഞ്ഞുവീണിരിക്കുകയാണ്.
ഏഴുദിവസമായി തുടരുന്ന എംഎല്‍എമാരുടെ നിരാഹാരസമരം അവസാനിക്കാനുള്ള അവസരം കൈവന്നിട്ടും മുഖ്യമന്ത്രി അനുകൂലമായി പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമാണ്. യുഡിഎഫ് ശക്തമായ സമരവുമായി മുന്നോട്ടുപോവും. നിയോജകമണ്ഡലങ്ങളില്‍ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക