|    May 24 Wed, 2017 11:22 pm
FLASH NEWS

ചര്‍ച്ച നടത്താന്‍ പൊമ്പിളൈ ഒരുമൈ സംഘം തലസ്ഥാനത്ത്

Published : 5th October 2015 | Posted By: RKN

തൊടുപുഴ: പി.എല്‍.സിക്കു മുമ്പ് തൊഴില്‍മന്ത്രിയുമായി ചര്‍ച്ചനടത്താന്‍ പൊമ്പിളൈ ഒരുമൈയുടെ ആറംഗ സംഘം തലസ്ഥാനത്തെത്തി. ആദ്യ സംഘം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഒരുമൈയുടെ 18 പേര്‍ രാപകല്‍ നിരാഹാരം ആരംഭിച്ചു. ഇരുപക്ഷവും പരമാവധി കരുത്തു കാണിക്കുന്നതാണ് ഇന്നലെ മൂന്നാറില്‍ കണ്ടത്. രാവിലെ വിവിധ ട്രേഡ് യൂനിയന്‍ ഓഫിസുകളില്‍ കേന്ദ്രീകരിച്ച യൂനിയന്‍ പ്രക്ഷോഭകര്‍ പ്രകടനമായി സമരവേദിയിലെത്തി. ഇതേസമയം തന്നെ പൊമ്പിളൈ ഒരുമൈയും സമരം തുടങ്ങി. ലിസി സണ്ണി, ഗോമതി അഗസ്റ്റിന്‍,

രാജേശ്വരി, ശ്രീലത, കൗസല്യ എന്നിവര്‍ നിരാഹാരം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് രണ്ടാം സംഘം സമരം ആരംഭിച്ചത്. ഗോമതി അഗസ്റ്റിന്‍, ലിസി സണ്ണി, രാജേശ്വരി, ജയലക്ഷ്മി, അന്തോണി രാജ്, മനോജ് എന്നിവരാണ് പൊമ്പിളൈ ഒരുമൈയെ പ്രതിനിധികരിച്ച് തലസ്ഥാനത്ത് എത്തിയിട്ടുള്ളത്. സംയുക്ത ട്രേഡ് യൂനിയന്റെ ആറ് വനിതാ നേതാക്കളുടെ നിരാഹാരം ഇന്നലെ മൂന്നുദിവസം പിന്നിട്ടു.

മാട്ടുപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് കവിതാ കുമാര്‍, പവന്‍തായ് (എ.ഐ.ടി.യു.സി), കലൈ ശെല്‍വി, പനീര്‍ ശെല്‍വി(ഐ.എന്‍.ടി.യു.സി), റോസിലി, മുത്തുക്കിളി(സി.ഐ. ടി.യു) എന്നിവരാണ് ട്രേഡ് യൂനിയന്‍ നിരാഹാര സമരത്തിലുള്ളത്.സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ട്രേഡ് യൂനിയന്‍ സമരപ്പന്തലിലെത്തി സത്യഗ്രഹികളെ ഹാരമണിയിച്ചു. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സര്‍ക്കാരും മാനേജുമെന്റും ഒത്തുകളിക്കുകയാണെന്ന് കാനം ആരോപിച്ചു. ഒമ്പതു മാസമായി പ്രശ്‌നം പരിഹരിക്കാതെ സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്.

ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും കാനം മുന്നറിയിപ്പു നല്‍കി. ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍, തമിഴ്‌നാട് എം.എല്‍.എ. കതിരവന്‍, സി.ഐ.ടി.യു. നേതാവ് മേഴ്‌സിക്കുട്ടിയമ്മ, കെ.പി.സി.സി. സെക്രട്ടറി ലതികാ സുഭാഷ് എന്നിവര്‍ സമരപ്പന്തലിലെത്തി. പൊമ്പിളൈ ഒരുമൈ സമരവേദിയില്‍നിന്ന് രണ്ടാഴ്ച മുമ്പ് എതിര്‍പ്പുമൂലം പിന്‍മാറേണ്ടി വന്ന ലതികാ സുഭാഷ് ഇന്നലെ വീണ്ടുമെത്തി.സപ്തംബര്‍ ആറിനാണ് മൂന്നാര്‍ കെ.ഡി.എച്ച്.പി. കമ്പനിയിലെ സ്ത്രീ തൊഴിലാളികള്‍ ട്രേഡ് യൂനിയനുകളെ തള്ളിപ്പറഞ്ഞു തെരുവിലിറങ്ങിയത്.

ദേശീയ ശ്രദ്ധ ആകര്‍ഷിച്ച പ്രക്ഷോഭം 13ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ അവസാനിപ്പിച്ചെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 28നു പുനരാരംഭിക്കുകയായിരുന്നു. സംയുക്ത ട്രേഡ് യൂനിയനും ഇതേദിവസം സംസ്ഥാന വ്യാപകമായി തോട്ടം തൊഴിലാളി പണിമുടക്കും ആരംഭിച്ചു. തോട്ടം മേഖലയിലെ അംഗീകൃത യൂനിയനുകളായ എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു. സംഘടനകളാണു സമരരംഗത്തുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day