|    Jun 20 Wed, 2018 9:49 am
Home   >  Editpage  >  Editorial  >  

ചര്‍ച്ചകളിലൂടെ തീരുമോ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍?

Published : 23rd May 2018 | Posted By: kasim kzm

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കുറച്ചു ദിവസം മുമ്പ് മുസ്‌ലിം സംഘടനാ പ്രതിനിധികളുമായി കോഴിക്കോട്ട് വച്ച് ചര്‍ച്ച നടത്തുകയുണ്ടായി. ക്രൈസ്തവ സംഘടനാ നേതാക്കളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണത്തെക്കുറിച്ച് പരാതികളും ആശങ്കകളുമുണ്ടെങ്കില്‍ അതു ദൂരീകരിക്കാനുള്ള ശ്രമമാണിത്. ഈ അര്‍ഥത്തില്‍ പ്രസ്തുത ശ്രമം സ്വാഗതാര്‍ഹമാണ്. അതിനോടുള്ള മുസ്‌ലിം സംഘടനകളുടെ പ്രതികരണത്തെയും സംഘടനകള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെയും ഈ പശ്ചാത്തലത്തില്‍ മാത്രം കണ്ടാല്‍ മതിയാവും.
സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ ജീവിതക്ഷേമത്തിനു സര്‍ക്കാര്‍ വളരെയധികം ഊന്നല്‍ നല്‍കുന്നതായി അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു. അതില്‍ ശരിയുണ്ട്. എന്നാല്‍, കേരളത്തിലെ മുസ്‌ലിംകള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് ശരിയായ ദിശാബോധത്തോടെ പരാതികള്‍ ഉന്നയിക്കുകയും ക്രിയാത്മക കാഴ്ചപ്പാടോടെ അവ വിശകലനം ചെയ്യപ്പെടുകയും ചെയ്തുവോ അവിടെ എന്നു ചോദിക്കേണ്ടതുണ്ട്.
പെരുന്നാളിന് മൂന്നുദിവസം അവധി കിട്ടണമെന്നും വഖ്ഫ് ട്രൈബ്യൂണലില്‍ പ്രാതിനിധ്യം കിട്ടണമെന്നും മറ്റുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പറയുന്ന മറുപടി കേട്ട് സംതൃപ്തിയടഞ്ഞ് ഗ്രൂപ്പ് ഫോട്ടോ എടുത്തു പിരിഞ്ഞാല്‍ തീരുന്നതാണോ കേരളത്തിലെ മുസ്‌ലിം പ്രശ്‌നങ്ങള്‍? മുഖ്യധാരാ സംഘടനകള്‍ ഒത്തുചേര്‍ന്ന് കുറേപേരെ പുറത്തുനിര്‍ത്തിയാണോ ചര്‍ച്ചകള്‍ നടത്തേണ്ടത്? ആഗോളതലത്തില്‍ ശക്തിയാര്‍ജിച്ചുവരുന്ന മുസ്‌ലിം വിരോധത്തിന്റെ വിവിധ രൂപങ്ങള്‍ കേരളത്തിലും പ്രബലമാവുന്നത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അതര്‍ഹിക്കുന്നതരത്തില്‍ കണക്കിലെടുക്കുന്നുണ്ടോ? അതുമല്ല നമ്മുടെ പൊതുബോധം, മുസ്‌ലിംവിരുദ്ധമായി പരിണമിക്കുന്നതില്‍ ഇടതുപക്ഷമടക്കമുള്ള മതേതരശക്തികള്‍ക്കും പങ്കില്ലേ? ഇത്തരം വിഷയങ്ങളെക്കുറിച്ചൊന്നും പ്രസ്തുത ഒത്തുചേരലില്‍ ആലോചിക്കുകയുണ്ടായിട്ടില്ല. യഥാര്‍ഥ പ്രശ്‌നങ്ങളെ വേണ്ടരീതിയില്‍ ചര്‍ച്ച അഭിമുഖീകരിച്ചിട്ടുമില്ല. മുഖ്യമന്ത്രിയും സംഘടനാ പ്രതിനിധികളും- ഇരുകൂട്ടരും തങ്ങള്‍ സംതൃപ്തരാണെന്നു പറയുന്നത് കേവലം ഉപചാരവാക്കാണെന്നു കരുതുന്നതാവും ന്യായം.
ഒരുതരം മുസ്‌ലിംവിരുദ്ധ മനസ്സ് കേരളത്തില്‍ രൂപപ്പെട്ടുവരുന്നുണ്ട്. ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടികള്‍ അതിനു സഹായകമാവുന്നുമുണ്ട്. ഈയിടെ നടന്ന ഓണ്‍ലൈന്‍ ഹര്‍ത്താലിനെ തുടര്‍ന്ന് മുസ്‌ലിം ചെറുപ്പക്കാര്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടത് ഉദാഹരണമാണ്. ഇസ്‌ലാം മതപ്രബോധകരെ കുറച്ചു മുമ്പ് പോലിസ് അറസ്റ്റ്് ചെയ്തത് അതിനോടു ചേര്‍ത്തു വായിക്കണം. പലപ്പോഴും ഇടതുപക്ഷ രാഷ്ട്രീയം മുസ്‌ലിംവിരുദ്ധ പൊതുവികാരം വളര്‍ത്താനാണു ശ്രമിക്കുന്നത്. ഇതൊന്നും ശരിയായ ഗൗരവത്തോടെ പരിഗണിക്കാതെ സംഘടനാ നേതാക്കളുടെ തോളില്‍ തട്ടി കുശലം പറയുകയും പരസ്പരം കൈകൊടുത്തു പിരിയുകയും ചെയ്തിട്ട് എന്തു കാര്യം!

ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss