|    Jun 23 Sat, 2018 6:11 am
FLASH NEWS

ചര്‍ക്കയുടെ മുന്നിലിരുന്നാല്‍ മോദി ഗാന്ധിയാവില്ല: ടി പത്മനാഭന്‍

Published : 31st January 2017 | Posted By: fsq

 

കണ്ണൂര്‍: കലണ്ടറില്‍നിന്നും ഡയറിയില്‍നിന്നും ഭരണാധികാരികള്‍ക്ക് ഒഴിവാക്കാമെന്നല്ലാതെ ഗാന്ധിജിയെ മനുഷ്യമനസ്സുകളില്‍ നിന്ന് നീക്കംചെയ്യാനാവില്ലെന്ന് ചെറുകഥാകൃത്ത് ടി പത്മനാഭന്‍. മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയെ അറിയുക, ഇന്ത്യയെ അറിയുക എന്ന പദ്ധതിയുടെ എട്ടാംഘട്ട ഉദ്ഘാടനം പുഴാതി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ചര്‍ക്കയില്‍ നൂല്‍നൂറ്റ് സ്വന്തം വസ്ത്രം നെയ്ത് ധരിക്കുന്ന മഹാത്മജിയുടെ ചിത്രം ഒരു വിദേശവനിതയാണ് ആദ്യമായി പകര്‍ത്തിയത്. ആ ചിത്രം സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു. ഖാദിബോര്‍ഡ് പുറത്തിറക്കിയ ഡയറിയിലും കലണ്ടറിലും മഹാത്മജി നൂല്‍ നൂല്‍ക്കുന്നതിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദി നൂല്‍ നൂല്‍ക്കുന്ന ചിത്രമാണ് പതിച്ചിരിക്കുന്നത്. അതുപോലെ പുതുതായി പുറത്തിറക്കിയ നോട്ടില്‍ ഗാന്ധിജിക്ക് മോദി പ്രസംഗിക്കുന്ന തരത്തിലുള്ള മാറ്റമുണ്ടെന്നും പറയുന്നതു കേട്ടു. സ്വര്‍ണത്തിന്റെ നാരുകൊണ്ട്  നിര്‍മിച്ച ഷര്‍ട്ട് ധരിക്കുന്ന മോദി ഇതിലപ്പുറവും ചെയ്യും. എന്നാല്‍ അതുകൊണ്ടൊന്നും അദ്ദേഹം ഗാന്ധിജിയാവില്ല. സ്വാതന്ത്ര്യസമര ചരിത്രങ്ങളും മഹാത്മജിയെ കുറിച്ചുമുള്ള പാഠഭാഗങ്ങളും ഒഴിവാക്കാന്‍  ഭരണാധികാരികള്‍ ശ്രമിക്കുകയാണ്. ഗാന്ധിജിയെ വധിച്ചവര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്രസ്റ്റ് ചെയര്‍മാന്‍ കെ പ്രമോദ് അധ്യക്ഷത വഹിച്ചു. ലൈബ്രറിക്കുള്ള പുസ്തകം പ്രിന്‍സിപ്പല്‍ ഷെറിന്‍ ജോസഫ് ഏറ്റുവാങ്ങി. പുഴാതി സ്‌കൂള്‍ പ്രധാധ്യാപകന്‍ കെ രാജന്‍, കോര്‍പറേഷന്‍ കൗ ണ്‍സിലര്‍ കെ ശ്രീജ, പിടിഎ പ്രസിഡന്റ് ബി കെ അഹമ്മദ്, കെ സി രാജന്‍, കെ പി ജോഷില്‍, അനൂപ് ബാലന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss