|    Jun 24 Sun, 2018 5:13 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ചരിത്ര കോണ്‍ഗ്രസ്സിന്റെ പാഠങ്ങള്‍

Published : 5th January 2017 | Posted By: fsq

അഡ്വ.  ജി  സുഗുണന്‍

രാജ്യത്തിന്റെയും ജനതയുടെയും വികസനവുമായി ബന്ധപ്പെട്ടതാണ് ചരിത്രം. അടിസ്ഥാനരഹിതവും വസ്തുതകളുമായി ബന്ധമില്ലാത്തതുമായ ചരിത്രം ജനതയെ മുന്നോട്ടല്ല, പിന്നോട്ടാണ് നയിക്കുക. ഇന്ത്യയില്‍ ചരിത്രത്തിനു വലിയ പ്രാധാന്യമാണ് നല്‍കപ്പെട്ടിരിക്കുന്നത്. ഇവിടെ ചരിത്രം സാമൂഹിക ശാസ്ത്രത്തിലെ പ്രധാനപ്പെട്ട വിഭാഗവുമാണ്. ഈ സാഹചര്യത്തിലാണ് മൂന്നു ദിവസമായി കേരള യൂനിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം കാംപസില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ 77ാം സമ്മേളനത്തെ വിലയിരുത്തേണ്ടത്. തിരുവനന്തപുരത്ത് നടന്ന ചരിത്ര കോണ്‍ഗ്രസ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഉദ്ഘാടനം ചെയ്തത്. വാദങ്ങള്‍ ന്യായീകരിക്കാന്‍ ചരിത്രസത്യങ്ങളുടെ ഒരു വശം മാത്രം കാണുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രകാരന്‍ സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നതും മഹത്വവത്കരിക്കുന്നതും സ്വാഭാവികമാണ്. അതിനൊപ്പം കുറവുകളും ബലഹീനതകളും സംഭവിച്ച തെറ്റുകളും തിരിച്ചറിയാനുള്ള മാര്‍ഗമായി ചരിത്രത്തെ കാണണം. വിയോജിക്കാനും സംശയം പ്രകടിപ്പിക്കാനും ബൗദ്ധികമായി തര്‍ക്കിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ നെടുംതൂണായി സംരക്ഷിക്കപ്പെടണം. അസഹിഷ്ണുതയുടെ പാരമ്പര്യമല്ല, യുക്തിസഹമായ വാദപ്രതിവാദങ്ങളുടെ പാരമ്പര്യമാണ് നമുക്കുള്ളതെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു. അഭിഭാഷകനെപ്പോലെ വാദിക്കുന്നവനല്ല, ജഡ്ജിയെപ്പോലെ നിഷ്പക്ഷനായിരിക്കണം ചരിത്രകാരന്‍. ചരിത്രസംഭവങ്ങള്‍ക്കു നേരെ കാലാകാലങ്ങളിലുണ്ടായ പല വിമര്‍ശനങ്ങളും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു വഴിതെളിച്ചിട്ടുണ്ട്. വൈവിധ്യങ്ങളെ അതിജീവിച്ച് ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയുന്നതാണ് ഇന്ത്യയുടെ ശക്തി. ചരിത്രകാരന്‍ ചരിത്രത്തോട് നീതി പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടിയുള്ള വേദിയാണ് ചരിത്ര കോണ്‍ഗ്രസ്- രാഷ്ട്രപതി പറഞ്ഞു. ചരിത്രസംബന്ധമായ ഏതു പഠനവും ഗവേഷണവും വസ്തുനിഷ്ഠമാകണം. രാജ്യത്തോടും മതത്തോടും ചില മേഖലകളോടും വ്യക്തികള്‍ക്കുള്ള ചായ്‌വുകള്‍ ചരിത്രവിശകലനത്തെയും സ്വാധീനിക്കാറുണ്ട്. അതില്‍ നിന്നു മുക്തമായ വസ്തുനിഷ്ഠമായ അപഗ്രഥനമാണ് ഉണ്ടാകേണ്ടത്. വിഭിന്നമായ കാഴ്ചപ്പാടുകളും ആശയങ്ങളും നൂറ്റാണ്ടുകളായി സമാധാനപരമായി പരസ്പരം മത്സരിക്കുകയാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ചരിത്രം നിഷ്പക്ഷ ഗവേഷണത്തിലൂടെയും വിശകലനത്തിലൂടെയുമാണ് സ്ഥാപിക്കപ്പെടേണ്ടതെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. ചരിത്രമല്ല, ജീവിക്കുന്ന സാധാരണ ജനങ്ങളാണ് ലോകഗതി നിര്‍ണയിച്ചിട്ടുള്ളതെന്ന് കാള്‍ മാര്‍ക്‌സും, ചരിത്രത്തിന്റെ ലക്ഷ്യം സത്യാന്വേഷണമാണെന്ന് ഗാന്ധിജിയും പറഞ്ഞിട്ടുണ്ട്. എന്നാല്‍, നമ്മുടെ ചരിത്രങ്ങളില്‍ സാധാരണക്കാര്‍ക്കും സത്യത്തിനും എത്രത്തോളം സ്ഥാനം ലഭിച്ചിട്ടുണ്ടെന്ന് പരിശോധിക്കപ്പെടണം- ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമം മുമ്പും ഇപ്പോഴും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിനെയാണ് ആര്‍എസ്എസ് നോട്ടമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കെട്ടിച്ചമച്ച ചില കാഴ്ചപ്പാടുകള്‍ ചരിത്രത്തില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ ദേശീയ ചിഹ്നങ്ങളെയും തട്ടിയെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചരിത്രപഠനത്തില്‍ സിദ്ധാന്തങ്ങളും തെളിവുകളും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നത് പ്രധാനമാണെന്ന് പ്രമുഖ ചരിത്രകാരി റൊമീല ഥാപര്‍ പറഞ്ഞു. സിദ്ധാന്തങ്ങള്‍ പറയുന്നതിനു പിന്തുണ നല്‍കാനാവുന്ന തരത്തിലുള്ള തെളിവുകള്‍ ഉണ്ടാക്കണമെന്നും അവര്‍ വ്യക്തമാക്കി. ചരിത്ര കോണ്‍ഗ്രസ്സില്‍ പട്ടണം ഉത്ഖനന പ്രദേശത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങള്‍ സംബന്ധിച്ച പ്രബന്ധാവതരണങ്ങളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു റൊമീല ഥാപര്‍. പട്ടണം എന്നത് ഒരു കടത്ത് മാത്രമായിരുന്നെന്ന് പ്രമുഖ ചരിത്രകാരന്‍ പ്രഫ. രാജന്‍ ഗുരുക്കള്‍ പ്രബന്ധത്തില്‍ വ്യക്തമാക്കി. പുറംകടലില്‍ കപ്പല്‍ നങ്കൂരമിട്ടിട്ട് തോണികളിലാണ് വിദേശികളായ കച്ചവടക്കാര്‍ പട്ടണത്തിലേക്കെത്തിയത്. കാറ്റ് അനുകൂലമായി നാലഞ്ചു മാസം കഴിഞ്ഞു തിരികെ പോകാന്‍ കഴിയുന്നതുവരെ ഉപയോഗിക്കാനുള്ള സാധനങ്ങളാണ് അവര്‍ കരയ്‌ക്കെത്തിച്ചത്. ഇത്തരം തിരിച്ചുപോക്കുസമയത്ത് അവര്‍ ഉപേക്ഷിച്ചുപോയ സാധനങ്ങളുടെ അവശിഷ്ടങ്ങളാണ് പട്ടണത്തില്‍ നിന്നു കണ്ടെടുത്തിട്ടുള്ളതെന്നും രാജന്‍ ഗുരുക്കള്‍ പറഞ്ഞു. ഇന്ത്യന്‍ ചരിത്രരചനയില്‍ ദലിത് വിഷയങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്സില്‍ വിമര്‍ശനം ഉയര്‍ന്നു. ‘ദലിത് ചരിത്രവും രാഷ്ട്രീയവും’ എന്ന പാനല്‍ ചര്‍ച്ചയിലാണ് ദലിത് വിഷയങ്ങള്‍ക്ക് ഇന്ത്യന്‍ ചരിത്രരചനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നു വിമര്‍ശനം ഉയര്‍ന്നത്. സ്വാതന്ത്ര്യം നേടി 68 വര്‍ഷം പിന്നിട്ടിട്ടും ദലിത് പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ തീക്ഷ്ണമായി ഇപ്പോഴും തുടരുകയാണ്. ഇന്ത്യയിലെ അംബേദ്കര്‍ പ്രസ്ഥാനങ്ങള്‍, തെലങ്കാനയിലെ ദലിത് പ്രസ്ഥാനങ്ങള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന തെലങ്കാന സമരത്തില്‍ ദലിതുകളുടെയും സ്ത്രീകളുടെയും പങ്കാളിത്തം തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റം സ്വാതന്ത്ര്യത്തിനു ശേഷമുള്ള തമിഴ്‌നാട്ടിലെ അയിത്തത്തിനെതിരായ പോരാട്ടം തുടങ്ങിയ 13 പ്രബന്ധങ്ങളും ‘ആധുനിക ഇന്ത്യ’ എന്ന സെഷനില്‍ ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം സമഗ്രമായി രേഖപ്പെടുത്തുന്ന ‘സ്വാതന്ത്ര്യത്തിലേക്ക്’ എന്ന പുസ്തക പരമ്പര കോള്‍ഡ് സ്റ്റോറേജില്‍ തള്ളിയ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആര്‍) നടപടിക്കെതിരേ ചരിത്ര കോണ്‍ഗ്രസ്സില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പുസ്തക പരമ്പരയിലെ മൂന്നാം വാല്യം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ മൂന്നു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയാണെന്നും രണ്ടാം വാല്യം അച്ചടിക്കു തയ്യാറായിട്ട് ഒരു വര്‍ഷം പിന്നിട്ടതായും ചരിത്രകോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. മുന്‍ ബിജെപി സര്‍ക്കാരും പുസ്തക പരമ്പര തടയാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ സമഗ്ര ചിത്രം സാധാരണക്കാര്‍ക്കും ഗവേഷകര്‍ക്കും മുന്നിലെത്തിക്കുന്ന പുസ്തക പരമ്പര കഴിയുംവേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഐസിഎച്ച്ആര്‍ നടപടിക്കു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വാധീനമുണ്ടെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് ഈ വിഷയത്തില്‍ ചരിത്ര കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുള്ളത്. പ്രമുഖ ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര രചിച്ച ‘ഇന്ത്യാസ് സ്ട്രഗിള്‍ ഫോര്‍  ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് പ്രസിദ്ധീകരിക്കുന്ന നടപടി നിര്‍ത്തിവച്ച ഡല്‍ഹി സര്‍വകലാശാലാ നടപടിയില്‍ ചരിത്ര കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഭഗത്‌സിങിനെ ഭീകരവാദിയെന്നു വിശേഷിപ്പിക്കുന്നതാണ് പുസ്തകമെന്ന് ആരോപിച്ചുകൊണ്ടാണ് അച്ചടി തടഞ്ഞത്. എന്നാല്‍, ‘വിപ്ലവകാരിയായ ഭീകരവാദി’യെന്ന പുസ്തകത്തിലെ വിശേഷണത്തില്‍ ആക്ഷേപ ഉദ്ദേശമില്ലെന്ന് പുസ്തക രചയിതാവു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നടപടിയെ വിമര്‍ശിക്കുന്ന പ്രമേയവും കോണ്‍ഗ്രസ് പാസാക്കി. ഡല്‍ഹിയിലുള്ള ഹുമയൂണ്‍ കബീര്‍ ശവകുടീരം കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ട്രസ്റ്റിനു കൈമാറിയിരിക്കുകയാണ്. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുന്ന രീതിയിലുള്ള ലേഖനങ്ങള്‍ ഇതിഹാസ പോലുള്ള അന്തര്‍ദേശീയ ജേണലുകളില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചരിത്രം പിന്നോട്ടല്ല, മുന്നോട്ടാണ് പോകുന്നത്. ചരിത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ മണ്‍ചിറ കെട്ടി തടുത്തുനിര്‍ത്താന്‍ ഒരു ശക്തിക്കും കഴിയില്ല. ഈ യാഥാര്‍ഥ്യം ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ രാജ്യത്തെ ഭരണാധികാരികളില്‍ ചിലര്‍ക്ക് ഇപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. എന്തായാലും ചരിത്രം മുന്നോട്ടുതന്നെ കുതിക്കുകയാണ്. ആ കുതിപ്പിനു കുറച്ചെങ്കിലും ഇന്ധനം പകര്‍ന്നുനല്‍കാന്‍ തിരുവനന്തപുരത്തു സമാപിച്ച ചരിത്ര കോണ്‍ഗ്രസ്സിനു സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാന്‍ കഴിയും.                                 ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss