|    Nov 17 Sat, 2018 12:06 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ചരിത്രപാഠങ്ങള്‍ മറക്കുന്ന പ്രഫസര്‍ സംസ്‌കാരം

Published : 7th May 2018 | Posted By: kasim kzm

വെട്ടും തിരുത്തും – പി  എ  എം  ഹനീഫ്
”പുന്നപ്ര വയലാര്‍ പോലെ വിഡ്ഢിത്തം നിറഞ്ഞ ഒരു സമരത്തിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്തത്; പുന്നപ്ര വയലാറിലെ അബദ്ധം പിന്നീട് നക്‌സലൈറ്റുകളും ഇപ്പോള്‍ മാവോവാദികളും ആവര്‍ത്തിക്കുന്നുണ്ട്”- കമ്മ്യൂണിസ്റ്റുകള്‍ക്ക് ഗാന്ധിയന്‍ പ്രസ്ഥാനത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് അന്വേഷിക്കുമ്പോള്‍ പ്രഫ. എം ആര്‍ ചന്ദ്രേശഖരനാണ് പുന്നപ്ര വയലാറിനെ റദ്ദാക്കി സംസാരിക്കുന്നത്.
പുതിയ തലമുറയ്ക്ക് എം ആര്‍ ചന്ദ്രശേഖരന്‍ അത്രയ്ക്കങ്ങു പരിചിതനാവണമെന്നില്ല. മുണ്ടശ്ശേരി കളരിയില്‍ അഭ്യസിച്ചയാളാണ്. സാഹിത്യ സമിതിയും മറ്റും കൊണ്ടുനടന്ന നവോത്ഥാന നായകന്‍. കേരളത്തിലെ കോളജ് അധ്യാപകര്‍ക്ക് അവകാശസമരങ്ങളിലൂടെ ഇന്നത്തെ അന്തസ്സും യുജിസി സ്‌കെയിലുമൊക്കെ നേടിക്കൊടുക്കുന്നതില്‍ ഉശിരോടെ പ്രകടനങ്ങള്‍ നയിച്ച നല്ലൊരു ആക്ടിവിസ്റ്റ്. നല്ല പ്രഭാഷകനുമാണ്. ഇപ്പോള്‍ വയസ്സ് 80നടുത്തായിരിക്കും.
80 കഴിഞ്ഞവര്‍ക്ക് ‘അത്തും പിത്തും’ എന്നതു മോശം കാര്യമല്ല. ഇഎംഎസ് നമ്പൂതിരിപ്പാട് പോലും സാഹിത്യം പറയുമ്പോള്‍ ഒടുവിലൊടുവില്‍ അത്തും പിത്തും പറഞ്ഞിരുന്നു. ഉദാ: ഒരു തൊഴില്‍ വിഭാഗത്തെ മുന്‍നിര്‍ത്തി നോവലോ കഥയോ നാടകമോ രചിക്കുമ്പോള്‍ ആ വര്‍ഗത്തിന് ട്രേഡ് യൂനിയന്‍ പ്രസ്ഥാനം നല്‍കിയ ഉണര്‍വുകള്‍ കൂടി പറഞ്ഞാലേ ആ സൃഷ്ടി സമ്പൂര്‍ണമാവൂ എന്ന അര്‍ഥത്തില്‍ എഴുതി. പിന്നീടത് തിരുത്തിപ്പറഞ്ഞെങ്കിലും ദേശാഭിമാനി പു.ക.സ ആഭിമുഖ്യത്തിലുള്ള സര്‍ഗസൃഷ്ടികളിലൊക്കെ ‘ഇന്‍ക്വിലാബിന്റെ മക്കളും’ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യും തല നീട്ടാറുണ്ട്. പുന്നപ്ര വയലാര്‍ എന്നാലെന്താണ്?
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകള്‍ ജന്മിത്തചൂഷണത്തില്‍ പാടേ നശിച്ചുപോയ നാളുകളില്‍ ടി വി തോമസും ആര്‍ സുഗതനും പി ടി പുന്നൂസുമൊക്കെ കുടിയാന്‍മാരെ സംഘടിപ്പിച്ചു. തോപ്പില്‍ ഭാസിയുടെ നാടകങ്ങളിലെ പ്രചാരണാംശങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ആലപ്പുഴ ദേശത്തെ വര്‍ഗസമരങ്ങളുടെ ഒന്നാംതരം സാംപിളുകള്‍ കിട്ടും. സത്യത്തില്‍ ശൂരനാട്ടല്ല ഭാസി തൂലികയുറപ്പിച്ചത്, ആലപ്പുഴ ജില്ലയിലെ ഒന്നുമില്ലാത്തവന്റെ ദുരിതങ്ങളിലാണ്.
സ്വതന്ത്ര ഇന്ത്യയില്‍ നിന്നു വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിര്‍ത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യങ്ങളും സമരക്കാര്‍ ഉയര്‍ത്തിയിരുന്നു. മലയാള മനോരമയുടെ മുന്‍കാല സാരഥികളൊക്കെ സമരക്കാരെ പിന്തുണച്ചതിന്റെ പേരില്‍ സര്‍ സിപിയുടെ പീഡനങ്ങള്‍ സഹിച്ചതൊക്കെ മറ്റൊരു ഇതിഹാസം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. തൊഴിലാളി നേതാക്കള്‍ മുഴുവന്‍ അഴികള്‍ക്കകത്തായി. 1946 ഒക്ടോബര്‍ 24 മുതല്‍ 27 വരെ ജനം വാരിക്കുന്തങ്ങളും കൈയി ല്‍ കിട്ടിയതെന്തും ജന്മിത്തത്തിനും സര്‍ സിപിക്കുമെതിരേ ഉപയോഗിച്ചു; സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട സാഹചര്യങ്ങളില്‍.
ഒരു കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ ഗാന്ധിസവും ബൈബിളുമൊന്നും സഹികെട്ട ജനത ഉരുവിട്ടു എന്നുവരില്ല. ഇതൊക്കെ നന്നായറിയാവുന്ന ഇടതുപക്ഷ ആശയക്കാരനാണ് പ്രഫ. എം ആര്‍ ചന്ദ്രശേഖരന്‍. പുതിയ കുട്ടികള്‍ പുന്നപ്ര-വയലാര്‍ ഒരു തെറ്റായിരുന്നുവെന്ന് ധരിച്ചുവശാകും. 80 കഴിഞ്ഞ ഒരാളുടെ ‘ഞഞ്ഞാപിഞ്ഞാ’ എന്നതിനെ തള്ളിക്കളയാനും കഴിയില്ല. ഗാന്ധിസം ഇന്ത്യക്കു നല്‍കിയ കെട്ട മനോവീര്യങ്ങള്‍ പ്രഫ. എംആര്‍സിക്ക് നല്ലവണ്ണം അറിയാം. പുന്നപ്ര വയലാറിനെ മാത്രമല്ല, നക്‌സലൈറ്റുകളെയും മാവോവാദികളെയും പ്രഫസര്‍ തള്ളിപ്പറയുന്നുണ്ട്.
എന്തെന്തു ജീവിതങ്ങളാണ് ഒന്നുമില്ലാത്ത മനുഷ്യരുടെ മോചനത്തിനായി ഹോമിക്കപ്പെടുന്നെതന്നും ജയിലുകളില്‍ കഴിയുന്നതെന്നുമുള്ള നഗ്നയാഥാര്‍ഥ്യം ശരിക്കൊന്ന് ഇരുത്തി വായിച്ചാല്‍ പുന്നപ്ര-വയലാറും നക്‌സലൈറ്റുകളും മാവോവാദികളും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ ഉള്‍പ്പൊരുള്‍ ചന്ദ്രശേഖരന്‍ മാഷിന് എളുപ്പം മനസ്സിലാവും. വയസ്സായാല്‍ ബുദ്ധിമാന്‍മാര്‍ക്ക് അല്‍ട്ട്‌സ്‌ഹെയ്‌മേഴ്‌സ് സംഭവിക്കാം. ചെവിയില്‍ ചെമ്പരത്തിപ്പൂവ് തിരുകാനും സാധ്യതയുണ്ടോ? പുന്നപ്ര-വയലാര്‍ എക്കാലത്തെയും ആവേശജനകമായ അധ്യായമാണ്. ചരിത്രം മറിച്ചുനോക്കാന്‍ പ്രഫസര്‍ മിനക്കെടുമെന്നു പ്രത്യാശിക്കട്ടെയോ?                                               ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss