|    Jan 21 Sat, 2017 3:44 am
FLASH NEWS

ചരിത്രത്തിന്റെ ഭാഗമായി 1957ലെ അണ്ടത്തോട് ഫലം

Published : 4th May 2016 | Posted By: SMR

പൊന്നാനി: ചരിത്രത്തിന്റെ ഭാഗമായി കൊളാടിയിലൂടെ അണ്ടത്തോട് ഫലം. 1957 ല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തുന്ന ദിവസം. ഇപ്പോഴത്തെ പൊന്നാനി, ഗുരുവായൂര്‍ മണ്ഡലങ്ങളുടെ ഭാഗമായ വെളിയങ്കോട്, പുന്നയൂര്‍ക്കുളം, ആല്‍ത്തറ, അകലാട്, എരമംഗലം, വന്നേരി എന്നിവ ചേര്‍ന്ന മണ്ഡലം അന്ന് അറിയപ്പെട്ടിരുന്നത് അണ്ടത്തോട് മണ്ഡലം എന്ന പേരിലാണ്. 126 അംഗ സംസ്ഥാന നിയമസഭയിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. വൈകീട്ട് 6 മണിയോടെ 125 മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും സ്വതന്ത്രരുമായിരുന്നു തിരഞ്ഞെടുപ്പ് രംഗത്ത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രരുടെ പിന്തുണയോടെ 63 സീറ്റ് നേടി ചരിത്രനിമിഷത്തിലേക്ക് കാത്തു നില്‍ക്കുന്നു. അണ്ടത്തോട് മണ്ഡലത്തിന്റെ ഫലം പുറത്തുവന്നാല്‍ മാത്രമെ സംസ്ഥാനം ആര് ഭരിക്കണമെന്ന കാര്യത്തില്‍ തീരുമാനമാവൂ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി എരമംഗലം കോതമുക്ക് സ്വദേശിയായ 26കാരന്‍ കൊളാടി ഗോവിന്ദന്‍ കുട്ടിയും കോണ്‍ഗ്രസ്സിനു വേണ്ടി പരിചയസമ്പന്നനായ കെ ജി കരുണാകരമേനോനുമാണ് അണ്ടത്തോട് മണ്ഡലത്തില്‍ ജനവിധി തേടിയത്. വെളിയങ്കോട് ഗ്രാമം ഹൈസ്‌കൂളില്‍ വച്ചായിരുന്നു വോട്ടെണ്ണല്‍. സാങ്കേതിക കാരണങ്ങളാല്‍ വോട്ടെണ്ണല്‍ തുടങ്ങാന്‍ വൈകിയതാണ് ഫലം പുറത്തുവരുന്നത് വൈകാന്‍ ഇടയാക്കിയത്. ഇതോടെ സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും അണ്ടത്തോടേക്ക് തിരിഞ്ഞു. ഒടുവില്‍ അര്‍ധരാത്രയില്‍ ഫലം വന്നു. കൊളാടി ഗോവിന്ദന്‍കുട്ടി വിജയിച്ചിരിക്കുന്നു. ലോകത്താദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേക്ക്. അതിന് നിമിത്തമായതോ പഴയ പൊന്നാനി മണ്ഡലമായ അണ്ടത്തോട് മണ്ഡലവും. അണ്ടത്തോട് മണ്ഡലം എന്നൊന്ന് ഇന്നില്ലെങ്കിലും ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച മണ്ഡലമെന്ന നിലയില്‍ ഇന്നും തലമുറ വ്യത്യാസമില്ലാതെ ആ പേര് ഓര്‍മയില്‍ നിറയുന്നു. അതോടെ അണ്ടത്തോട് നിന്നും തിരഞ്ഞെടുക്കപ്പെട്ട കൊളാടി ഗോവിന്ദന്‍കുട്ടി കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറി.
പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇടമൊരുക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കൊളാടി ബാലകൃഷ്ണന്റെ സഹോദരന്‍ എന്ന നിലയിലാണ് കൊളാടി ഗോവിന്ദന്‍ കുട്ടി മല്‍സരരംഗത്തേക്കു വരുന്നത്. ബാലകൃഷ്ണന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ കൊളാടി ഗോവിന്ദന്‍ കുട്ടിയോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. ചെന്നൈയില്‍ ബാരിസ്റ്റര്‍ എം കെ നമ്പ്യാരുടെ കീഴില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന കൊളാടിയോട് ഇഎംഎസ്സും എം എന്‍ ഗോവിന്ദന്‍ നായരും കെ ദാമോദരനും നാട്ടിലേക്ക് തിരിച്ച് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
1957,60 തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് അണ്ടത്തോട് മണ്ഡലം ഉണ്ടായിരുന്നത്. പിന്നീടത് പൊന്നാനി, ഗുരുവായൂര്‍ എന്നിങ്ങനെ രണ്ടായി മാറി. ആദ്യ നിയമസഭയിലെ അഭിമാനമായ കൊളാടി ഗോവിന്ദന്‍കുട്ടി പിന്നിട് നിയമസഭയിലേക്ക് മല്‍സരിച്ചില്ല. രണ്ടുതവണ പൊന്നാനിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചു പരാജയപ്പെട്ടു. അറുപതിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 116 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക