|    Oct 21 Sun, 2018 7:53 pm
FLASH NEWS

ചരിത്രത്തിന്റെ തീവ്ര വലതുപക്ഷ വ്യാഖ്യാനം മതേതര ഇന്ത്യയെ തകര്‍ക്കും: മന്ത്രി ജലീല്‍

Published : 10th December 2017 | Posted By: kasim kzm

ഫാറൂഖ് കോളജ്: ചരിത്രത്തിന്റെ തീവ്ര വലതുപക്ഷ വ്യാഖ്യാനം മതേതര ഇന്ത്യയെ തകര്‍ക്കുമെന്നും ചരിത്രത്തില്‍ മായം ചേര്‍ത്താല്‍ തിരിച്ചറിയാനാവാത്ത വിധം രാജ്യം തകര്‍ന്നു പോവുമെന്നും മന്ത്രി ഡോ.കെ ടി ജലീല്‍. ഒരു നാടിന്റെ ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്താല്‍ നാടിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ ത്രിദിന മൂന്നാം വാര്‍ഷിക സമ്മേളനം ഫാറൂഖ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ചരിത്രകാരന്‍മാരും ഇടതുപക്ഷ ചരിത്രകാരന്‍മാരും കാത്ത് സൂക്ഷിച്ച മതേരത ചരിത്രത്തില്‍ മായം ചേര്‍ത്തതിന്റെ അനന്തര ഫലങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. എല്ലാ വര്‍ഗീയ കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ കള്ളപ്രചാരണങ്ങളാണ്. ചരിത്രം എന്നത് ഒരു നാടിന്റെ പൈതൃകമാണ്. മനുഷ്യനെ വിവേകിയും ഭാന്ത്രനുമാക്കുന്ന വിഷയം കൂടിയാണ് ചരിത്രം. 1992ല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് ആര്‍ എസ് ശര്‍മ, റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയ ചരിത്രകാരന്‍മാരുടെ ഇടപെടലാണ് രാജ്യത്ത് വലിയ  ദുരന്തം ഒഴിവാക്കിയത്. ചരിത്രത്തെ ജനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ത്തമാന ഇന്ത്യയിലെ തീവ്ര വലതുപക്ഷ ചരിത്ര ദുര്‍വ്യാഖ്യാന പദ്ധതി ബോധപൂര്‍വം ഭരണകൂട പിന്തണയോടെയാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു- ജലീല്‍ പറഞ്ഞു.  സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വകാലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ  മുഹമ്മദ് ബഷീര്‍, കേരള ഹിസ്റ്ററി കേണ്‍ഗ്രസ് സെക്രട്ടറി ഗോപകുമാരന്‍ നായര്‍, യുഎസ്എ പെന്‍സില്‍വാനിയ യുനിവേഴ്‌സിറ്റി ഗ്രാജേറ്റ് ചെയര്‍ പ്രഫ. ദാവൂദ് അലി, കെ കെ ആബിദ് ഹുസയ്ന്‍ തങ്ങള്‍ എംഎല്‍എ, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ, ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി കെ അഹമ്മദ്, ഫാറൂഖ് കോളജ് ചരിത്ര വിഭാഗം തലവന്‍ ഡോ. ഇ കെ ഫസലുറഹ്മാന്‍, കേരള ഹിസ്റ്ററി കോണ്‍ഗ്രസ് ലോക്കല്‍ സെക്രട്ടറി ഡോ. ടി മുഹമ്മദാലി, ഡോ. കെ എം നസീര്‍, ഡോ. പി അനില്‍ കുമാര്‍, ഡോ. എം ആര്‍ മന്‍മഥന്‍ സംസാരിച്ചു. ഡോ. സെബാസ്റ്റ്യന്‍ ജോസഫ് എഡിറ്റ് ചെയ്ത ഓണ്‍ പ്രസന്റിങ് ഹിസ്റ്ററീസ്, ഡോ. ടി മുഹമ്മദാലി എഡിറ്റ് ചെയ്ത ഡോഷ്യല്‍ സ്‌കേപ്‌സ് ആന്റ് ലൊക്കാലിറ്റി എന്നീ പുസ്‌കകങ്ങളുടെയും ഡോ. എം പി ശ്രീധരന്‍ രചിച്ച വര്‍ഗീയതയും ഇന്ത്യന്‍ ചരിത്ര രചനയും, ഡോ. എം ആര്‍ മന്‍മഥന്‍ രചിച്ച റീ കാസ്റ്റിങ് ഇമേജസ് എന്നിവയുടെ പ്രകാശനവും  ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ വി കുഞ്ഞഹമ്മദ്‌കോയ, മാനേജര്‍ സി പി കുഞ്ഞിമുഹമ്മദ്, മുന്‍ ചരിത്ര വിഭാഗം മേധാവി ഡോ. കെ മുഹമ്മദ് ഹസ്സന്‍, കേരള യുനിവേഴ്‌സിറ്റി മുന്‍ അധ്യാപകന്‍ പ്രഫ. കെ ടി മുഹമ്മദലി എന്നിവര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ സെഷനുകളില്‍ പ്രസിഡന്റുമാരുടെ പ്രഭാഷണത്തിന് ഇക്കണോമിക്‌സ് ഹിസ്റ്ററിയില്‍ പ്രഫ, മൈക്കല്‍ തരകന്‍ (കെ സി എച്ച്ആര്‍, ചെയര്‍മാന്‍),  സോഷ്യല്‍ ഹിസ്റ്ററി പ്രഫ. മീര വേലായുധന്‍ (സിഡിഎസ്, തിരുവനന്തപുരം), ഇന്റലക്ച്വല്‍ ഹിസ്റ്ററി പ്രഫ. ടി പി ശ്രീകുമാന്‍ (ഇഫഌ ഹൈദരബാദ്), കള്‍ച്ചറല്‍ ഹിസ്റ്ററി പ്രഫ. കെ എം ഷീബ, (എസ്എസ്‌യുഎസ് കാലടി), ലോക്കല്‍ ഹിസ്റ്ററി പ്രഫ. സി  ബാലന്‍ (റിട്ട. പ്രഫ. ഹിസ്റ്ററി), നേതൃത്വം നല്‍കി.  ചര്‍ച്ചയ്ക്ക് ഡോ. അശോകന്‍ മുന്‍ണ്ടോന്‍, ഡോ. പി മോഹന്‍ദാസ്, ഡോ. സി ഹരിദാസ്, ഡോ. സി എച്ച് ജയശ്രീ, പ്രഫ. പി കെ ശ്രീകുമാര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss