|    Mar 22 Thu, 2018 12:30 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ചരിത്രം മുട്ടിലിഴയുന്നവരുടേതല്ല

Published : 2nd November 2015 | Posted By: swapna en

അഹ്മദ് ശരീഫ് പി

സംഘപരിവാരം അതിന്റെ വിശ്വരൂപം പുറത്തെടുത്ത് നവഫാഷിസം എന്താണെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ഇരയായ മുസ്‌ലിം സമുദായം എന്തു ചെയ്യുകയാണ്? മുസ്‌ലിം സമുദായവും സമുദായനേതൃത്വവും ഈ ഭീഷണിക്കെതിരേ സടകുടഞ്ഞെഴുന്നേല്‍ക്കുന്നതിന്റെ യാതൊരു ലക്ഷണവും എവിടെയും കാണുന്നില്ല. ഒരുപക്ഷേ, ഫാഷിസം ഉയര്‍ത്തുന്ന ഭീഷണിയോളം വലുതാണ് ഈ നിഷ്‌ക്രിയത്വം. ശരിയാവാം, മുസ്‌ലിം സംഘടനകള്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ ഇറങ്ങിത്തിരിക്കുന്നത് ആശാസ്യമല്ലെന്നു മാത്രമല്ല, അതു സംഘികള്‍ സ്വപ്‌നം കാണുന്ന സാമൂഹിക ധ്രുവീകരണത്തിനു വഴിവയ്ക്കുകയും ചെയ്യും.

എന്നാല്‍, ബീഫ് ഫെസ്റ്റ് നടത്തുന്നതും മാട്ടിറച്ചി തിന്നുന്നവരെ അടിച്ചുകൊല്ലുന്നതും ഒരുപോലെയല്ല. രസകരമായൊരു സംഭവം പറയാം: അല്‍കബീര്‍ പോലുള്ള ഇന്ത്യയിലെ നാലു വന്‍കിട ബീഫ് കയറ്റുമതി കമ്പനികളുടെ ഉടമസ്ഥരും ആര്‍എസ്എസ് ബന്ധമുള്ള ഹൈന്ദവ പ്രമാണികളാണെന്ന വസ്തുത അടുത്തു പുറത്തുവന്നിരുന്നു. ശുദ്ധബ്രാഹ്മണനായ ഫഡ്‌നാവിസിന്റെ മഹാരാഷ്ട്ര ഗവണ്‍മെന്റ് ഒരു വര്‍ഷം മുമ്പ് ഗോവധം നിരോധിച്ചപ്പോഴാണ് ഗോമാംസ കയറ്റുമതിക്കാരുടെ ഉറവിടം പലരും തപ്പിയെടുത്തത്. മുംബൈ ആസ്ഥാനമായുള്ള അല്‍കബീറിന്റെ യഥാര്‍ഥ ഉടമകളെ മറച്ചുപിടിക്കാനുള്ള ഗൂഢനീക്കങ്ങള്‍ മുമ്പേ തുടങ്ങിയിരുന്നു. ഇന്ത്യയില്‍ മാംസം കയറ്റുമതി ചെയ്യുന്ന സംരംഭങ്ങളില്‍ അധികവും ഹിന്ദുക്കളുടെ ഉടമസ്ഥതയിലാണ്.

‘ഹലാല്‍’ എന്ന അടയാളമിടാന്‍ ഏതെങ്കിലുമൊരു മുസ്‌ലിം ഡയറക്ടര്‍ ബോര്‍ഡിലുണ്ടാവും. മണ്ണില്‍ നിന്ന് ഉള്ളി പറിക്കുമ്പോള്‍ ചില സൂക്ഷ്മജീവികള്‍ ചത്തുപോവുന്നതിനാല്‍ ഉള്ളി കഴിക്കാത്ത പരമസാത്വിക ജൈനരും ഉടമകളിലുണ്ട്. തീരെ മനുഷ്യത്വഹീനമായിട്ടാണ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ പണം കൊടുത്തു പാട്ടിലാക്കി ഈ കമ്പനികള്‍ പശുക്കളെയും മറ്റു കന്നുകാലികളെയും കൊല്ലുന്നത്. ഹൈദരാബാദിലെ മേഡക്കില്‍ രുദ്രാരം ഗ്രാമത്തിലെ 400 ഏക്കര്‍ ഭൂമിയില്‍ വന്‍മതിലുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ മാട്ടിറച്ചി കേന്ദ്രമാണ് അല്‍കബീര്‍ എക്‌സ്‌പോര്‍ട്‌സ്. ട്രക്കുകളില്‍ കുത്തിനിറച്ച് വിദൂര ദിക്കുകളില്‍ നിന്ന് ആഹാരം നല്‍കാതെ കൊണ്ടുവരുന്ന നാനാതരം നാല്‍ക്കാലികള്‍ ഇവിടെയെത്തുമ്പോഴേക്കും അവശരായിരിക്കും. പശുക്കള്‍ ഉപയോഗയോഗ്യമല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ റെഡിയായി നില്‍പുണ്ടാവും.

ആയിരക്കണക്കിനു നാല്‍ക്കാലികള്‍ ഇങ്ങനെ ആഹാരമാകുന്നു. ഈ പ്രക്രിയയില്‍ എവിടെയും ഇസ്‌ലാമികമായ, മൃഗത്തെ വേദനിപ്പിക്കാതെ പെട്ടെന്ന് അറുക്കുക എന്ന ഹലാല്‍വല്‍ക്കരണം നടക്കുന്നില്ല. ഏറ്റവും കൂടുതല്‍ ഹൈന്ദവര്‍ തൊഴിലെടുക്കുന്ന കമ്പനി മേധാവി എന്‍ആര്‍ഐക്കാരനായ സുഭാഷ് സബര്‍വാളാണ്. സുഭാഷിന്റെ സ്വന്തം സഹോദരന്‍ സതീഷ് സബര്‍വാളാണ് ഫാക്ടറി നടത്തിപ്പുകാരന്‍. ഇതിന്റെ മറ്റു ഡയറക്ടര്‍മാര്‍ ദിലീപ് ഹിമ്മത്ത് കോത്താരി, ബി എന്‍ രാമന്‍ തുടങ്ങിയവരാണ്. ദുബയിലുള്ള മൗലാനമാര്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഗുലാം മുഹമ്മദ് ശെയ്ഖ് ഒരു ചെറിയ പാര്‍ട്ണര്‍ മാത്രം. എന്നാല്‍, ഒരു ഹിന്ദുത്വ കുരിശുപോരാളിയും അല്‍കബീറിനുള്ളിലേക്കു കയറിച്ചെല്ലില്ല. പോലിസിനും അകത്തു കയറിച്ചെല്ലാനാവില്ല. കനത്ത സുരക്ഷാസംവിധാനമുള്ള 400 ഏക്കര്‍ കോംപൗണ്ടിനു ചുറ്റും രാത്രിയില്‍ വേട്ടനായ്ക്കളെ അഴിച്ചുവിടും. അതിനാല്‍, പരിസരവാസികള്‍ പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാന്‍ ധൈര്യപ്പെടില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സകല നിയമങ്ങളും ലംഘിച്ചു നടക്കുന്ന ഈ കമ്പനിക്ക് ഗോമാംസകയറ്റുമതിക്ക് യാതൊരു തടസ്സവുമില്ല. ഗോവധവിരോധികളായ ഭരണകൂടവും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും കേന്ദ്രമന്ത്രിമാരായ മഹേഷ് ശര്‍മയും സഞ്ജീവ് ബല്യനും ബിജെപി എംപി സാക്ഷി മഹാരാജും സാധ്വി പ്രാചിയും മുസഫര്‍നഗര്‍ എംഎല്‍എ സംഗീത് സോമുമൊന്നും ബീഫ് കയറ്റുമതിക്കെതിരേ ശബ്ദമുയര്‍ത്തില്ല. അതുകൊണ്ടാണ് രണ്ടു വര്‍ഷത്തെ ബിജെപി ഭരണത്തിനിടയില്‍ ബീഫ് കയറ്റുമതി ഇരട്ടിയായി വര്‍ധിച്ചത്. മാത്രമല്ല, അല്‍കബീറിനെ രക്ഷിക്കാന്‍ മൗലാനമാരും രംഗത്തുവരാറുണ്ട്. ഹൈദരാബാദിലെ കമ്പനിയിലെ മൂന്നു ശതമാനം ഓഹരിയുള്ള ഒരു ശെയ്ഖുനയാണ് അല്‍കബീര്‍ ചെയര്‍മാനെന്ന പ്രചാരണവുമായി അറിയപ്പെടാത്ത ഒരു ഉത്തരേന്ത്യന്‍ മൗലാനയാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. വാട്‌സ്ആപ്പില്‍ ഇദ്ദേഹത്തിന്റെ അറച്ചറച്ചുള്ള പറച്ചില്‍ തന്നെ സംശയാസ്പദമാണ്. ഉടനെ അതിനു കേരളത്തില്‍നിന്നുള്ള അതേ വലുപ്പത്തില്‍ താടിയുള്ള മറ്റൊരു ‘ഉല്‍പതിഷ്ണു’ മൗലാന രംഗത്തുവരുന്നു.

ഇതേ ധിംതരികിട പച്ചമലയാളത്തില്‍ മഹാത്മാവ് ഒരു സലഫി കൂടിയാണെന്ന ധ്വനിയോടെ അവതരിപ്പിക്കുന്നു. മതേതര രാഷ്ട്രം സടകുടഞ്ഞെഴുന്നേല്‍ക്കുന്നതു കണ്ട് പ്രതിരോധത്തില്‍ കുരുങ്ങി ശ്വാസംമുട്ടുകയായിരുന്ന സംഘപരിവാര അക്ഷൗഹിണികള്‍ക്ക് ജീവശ്വാസമാണ് ഇങ്ങനെ കിട്ടിയത്.  സാധാരണഗതിയില്‍ സംഘപരിവാരം പ്രതിക്കൂട്ടിലാവാറില്ല. അവര്‍ ഉപരോധത്തിലും ആക്രമണത്തിലും നില്‍ക്കുകയാണ് പതിവ്. മാധ്യമപിന്തുണയോടെയാണ് എന്നും അവരുടെ പ്രത്യാക്രമണങ്ങള്‍ സംഭവിക്കാറുള്ളത്. എന്നാല്‍, ബീഫ് നിരോധവും അതിന്റെ പേരില്‍ അഖ്‌ലാഖിനെയും ട്രക്ക് ഡ്രൈവര്‍മാരെയും അടിച്ചുകൊന്നതുമടക്കമുള്ള വിഷയങ്ങളില്‍ പൊതുസമൂഹവും മുഖ്യധാരാ മാധ്യമങ്ങളും ഒന്നടങ്കം നരേന്ദ്ര മോദിയെയും മോദിഭരണകൂടത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മുസ്‌ലിം സംഘടനകളും നേതാക്കളും പണ്ഡിതന്മാരും നപുംസകനയവും ഒട്ടകപ്പക്ഷി നിലപാടും സ്വീകരിച്ചുകൊണ്ടിരിക്കുന്നത് നാട്ടുകാര്‍ക്ക് വിസ്മയമാവുകയാണ്. രാജ്യത്തെ മതേതര സമൂഹവും എഴുത്തുകാരും ചിന്തകരുമെല്ലാം സംഘപരിവാര ഫാഷിസത്തിന്റെ ആസന്നമായ ആപത്തുകളും ജനാധിപത്യവിരുദ്ധതയും കണ്ടറിഞ്ഞു പൊരുതാനിറങ്ങിത്തിരിക്കുമ്പോള്‍ അതോടൊപ്പം അടിയുറച്ചുനില്‍ക്കേണ്ട മുസ്‌ലിം പണ്ഡിതവേഷധാരികള്‍ മൗനം അലങ്കാരമാക്കി മാറ്റുകയാണ്. അവിടെയും തീരുന്നില്ല. ആര്‍എസ്എസിനും ബിജെപിക്കും അനുകൂലമായ നിലപാടുകള്‍ സൃഷ്ടിക്കാനും അവര്‍ക്കു മടിയില്ല.

കോഴിക്കോട്ടെ ഒരു ബിജെപി നേതാവ് ഏറ്റവും കൂടുതല്‍ മുസ്‌ലിം സംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്തതിന് ഗിന്നസ് ബുക്കില്‍ ഇടംനേടാന്‍ മാത്രം റെക്കോഡിട്ടിരിക്കുകയാണെന്നാണ് ഈയിടെ അവകാശപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലുകള്‍, വംശീയ കലാപങ്ങള്‍, നിരപരാധികളുടെ അറസ്റ്റ്, എതിര്‍ശബ്ദമുയര്‍ത്തുന്നവരുടെ ഉന്മൂലനം തുടങ്ങി മതേതര-ജനാധിപത്യ സ്വാതന്ത്ര്യം ഗളഹസ്തം ചെയ്യപ്പെടുമ്പോള്‍ നീതിബോധം ഉയരുന്നില്ലെങ്കില്‍ അവന്റെ പേര് മുസ്‌ലിം എന്നാകുന്നതെങ്ങനെ? ഓരോരുത്തരും നിര്‍മിച്ചുവച്ച ഹര്‍മ്യങ്ങളില്‍ ആഡംബരപൂര്‍വം വിഹരിക്കാന്‍ കഴിഞ്ഞാല്‍ മതി എന്ന ധാരണ തകരാന്‍ ഏറെ നേരം വേണ്ടിവരില്ല. തകര്‍ക്കപ്പെടുമ്പോള്‍, അഗ്നി വിഴുങ്ങുമ്പോള്‍, കടപുഴക്കിയെറിയുമ്പോള്‍ അതില്‍ ക്ഷമാപണവീരന്മാര്‍ ഒഴിവാക്കപ്പെട്ടതായി ഒരിടത്തും ചരിത്രപരമായി തെളിവില്ല. തീവ്രവാദവും ഭീകരതയും അഴിഞ്ഞാടുമ്പോള്‍ അതിനെ എന്തുകൊണ്ട് ‘ഹിന്ദുത്വ ഭീകരത’ എന്നു വ്യവച്ഛേദിക്കാന്‍ കഴിയുന്നില്ല എന്നുതൊട്ട്, എന്തുകൊണ്ടിവര്‍ ഹിന്ദുത്വ ഭീകരതയെ ചോദ്യംചെയ്യുന്നില്ല, എതിര്‍ക്കുന്നില്ല എന്നതുവരെയുള്ള കൂരമ്പുകള്‍ നവതലമുറ തൊടുത്തുവിട്ടുകൊണ്ടിരിക്കുകയാണ്.

അത്തരം ചോദ്യങ്ങളുടെ മഹാപ്രളയത്തില്‍ എരിപിരികൊണ്ടാണ് മോദി മൗനം വെടിയേണ്ടിവന്നതും അമിത്ഷാക്ക് ശാസന നടത്തേണ്ടിവന്നതും അരുണ്‍ ജെയ്റ്റ്‌ലി സുജനമര്യാദയുടെ കോട്ടിട്ടിറങ്ങിയതും. അടിയന്തരാവസ്ഥക്കാലത്തും മുസ്‌ലിം പണ്ഡിതന്മാരില്‍ വലിയൊരു വിഭാഗം ഇതേ വേഷം കെട്ടിയാടിയിരുന്നു. തുര്‍ക്കുമാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ കൊണ്ടുവന്ന് ദരിദ്ര മുസ്‌ലിം കൂടാരങ്ങള്‍ തരിപ്പണമാക്കുകയും വെടിവയ്പുകളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും നിര്‍ബന്ധ വന്ധ്യംകരണം മൂലം ആയിരങ്ങള്‍ യാതന പേറുകയും ചെയ്ത മറ്റൊരു ഫാഷിസ്റ്റ് വാഴ്ചക്കാലം കടന്നുപോയപ്പോള്‍ ഏറ്റവും നന്നായി ‘നാവടക്കി’ നിന്നുകൊടുത്ത പാരമ്പര്യം ഇവര്‍ക്കുണ്ട്. വിഭാഗീയതയ്ക്കും അക്രമത്തിനുമെതിരേ ശാസ്ത്രജ്ഞരും ബുദ്ധിജീവികളും കൂട്ടായി പ്രതിഷേധിക്കുന്നു. ഇന്‍ഫോസിസിന്റെ നാരായണമൂര്‍ത്തിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിന്റെ പൊള്ളത്തരത്തില്‍ പ്രതിഷേധമുണ്ട്. ഇന്ത്യ എന്ന ആശയം നാഗ്പൂരില്‍ നിന്നു വരുന്ന വിജയദശമി പ്രസംഗത്തില്‍ മുങ്ങിപ്പോവേണ്ടതല്ല എന്നു പറയുന്നവരൊക്കെ അരുണ്‍ ജെയ്റ്റ്‌ലി പറയുന്നപോലെ ബിജെപി വിരുദ്ധരല്ല. ലോകം മുഴുവന്‍ സഞ്ചരിച്ചു ബഹുസ്വരതയുടെ വിവിധ വര്‍ണങ്ങള്‍ ആഹരിക്കുന്ന മോദി ഇപ്പോഴും അമ്പലമുറ്റത്ത് കവാത്തു നടത്തുന്ന നിക്കര്‍ധാരിയാണെന്ന സംശയമാണ് അവര്‍ക്കുള്ളത്. മുട്ടിലിഴയുന്നതിനേക്കാള്‍ സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കുന്നവരാണ് ചരിത്രം നിര്‍മിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss