|    Sep 26 Wed, 2018 6:34 pm
FLASH NEWS

ചരിത്രം തേടി മണ്ണിലിറങ്ങിയ ഒരാള്‍

Published : 12th April 2017 | Posted By: G.A.G


അന്തരിച്ച പ്രശസ്ത ചരിത്രകാരന്‍
ഡോ. എന്‍എം നമ്പൂതിരിയെ കുറിച്ച്
ശ്രീകുമാര്‍ നിയതി

മറ്റൊരാള്‍ ചവിട്ടിയ മണ്ണില്‍
ആഢ്യന്‍ നമ്പൂതിരി ചവിട്ടുകയില്ല.
ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ഒരു സ്ഥലത്തേക്ക് എഴുന്നള്ളുമ്പോള്‍ മുമ്പേ ഒരു ചാക്ക് മണലും ചുമന്നുകൊണ്ട് ഒരു ഭൃത്യനുണ്ടാവും. അയാള്‍ ചാക്കില്‍ നിന്നു മണല്‍ വഴിയില്‍ വിതറിക്കൊണ്ടിരിക്കുമത്രെ. കുശാലായി ഊണു കഴിക്കുമ്പോഴും കുടവയറില്‍ ചോറു വീണാല്‍ എച്ചിലായി എന്നു പറഞ്ഞു പോയി കുളിച്ചിട്ടു വരുന്ന നമ്പൂതിരിയുമുണ്ട്.
മണ്ണിന്റെ ഉടമയാണെങ്കിലും മണ്ണി-
ലിറങ്ങാത്തവനാണ് നമ്പൂതിരി.
ഇങ്ങനെയൊന്നുമല്ലാത്ത ഒരു നമ്പൂതിരി കഴിഞ്ഞദിവസം ദിവംഗതനായി. കേരളത്തിലെ തിരുപ്പതികളിലൊന്നായ പുലിയൂരില്‍ 12 നൂറ്റാണ്ടില്‍പരം പഴക്കമുള്ള ‘നീലിമന’യില്‍ ജനിച്ച എന്‍ എം നമ്പൂതിരി-ചരിത്രം ചികഞ്ഞു മണ്ണിലിറങ്ങിയ നമ്പൂതിരി-മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ കാല്‍ നൂറ്റാണ്ടുകാലം മലയാളം വാധ്യാരായ ചരിത്ര ഗവേഷകന്‍-ജനകീയനായ ചരിത്രാന്വേഷകന്‍.
സാമൂതിരി ചരിത്രം മണ്ണുമൂടി കിടന്നപ്പോള്‍ ആ മണ്ണ് കിളച്ചുമറിച്ച് മലബാര്‍ പഠനങ്ങള്‍ സാമൂതിരിനാട് എന്ന സാമൂതിരി ചരിത്രം നമുക്കു മുന്നില്‍ അര്‍പ്പിച്ചു.
കോഴിക്കോട് സാമൂതിരി രാജാവില്‍ നിന്നു ഗവേഷണ വിഭൂഷണന്‍ എന്ന ബിരുദം വാങ്ങി. ചരിത്രം തേടി മണ്ണിലിറങ്ങിയ നമ്പൂതിരി ചരിത്രപഠനം തന്നെ നാട്ടുമ്പുറപഠനങ്ങളില്‍ നിന്നു തുടങ്ങണമെന്നു ശഠിച്ചു. ‘മലയാളന്‍’ എന്ന സ്വത്വം തേടിയിറങ്ങിയ ഈ ചരിത്രാന്വേഷിയെ പോലെ മറ്റൊരാള്‍ വേറെയില്ല.
കോഴി കൂവിയാല്‍ കേള്‍ക്കുന്നത്ര ഇടത്തെക്കുറിച്ച് ഇത്രയേറെ ആധികാരികമായ വിവരം തന്ന മഹാനായ ചരിത്രകാരന്‍.
നമ്പൂതിരി മാഷിന്റെ ഏതെങ്കിലും ഒരു ചരിത്രപുസ്തകം ഒരിക്കല്‍ വായിച്ച ഒരു കുട്ടി അവനറിയാതെ തന്നെ ചരിത്രാന്വേഷിയാവും. കെ വി കൃഷ്ണയ്യര്‍ 1938ല്‍ ‘ദ സാമൂരിന്‍സ് ഓഫ് കാലിക്കറ്റ്’ എന്ന ഗ്രന്ഥമെഴുതിയതില്‍ പിന്നെ സാമൂതിരി രാജവംശത്തെ കുറിച്ചോ കോഴിക്കോടിനെക്കുറിച്ചോ യാതൊരു പഠനവും ഉണ്ടായിരുന്നില്ല.
നഷ്ടപ്പെട്ടുപോയി എന്നു കരുതിയ കോഴിക്കോടന്‍ ഗ്രന്ഥവരികള്‍ കണ്ടെത്തി എന്നതുമാത്രം മതി നമ്പൂതിരിയുടെ അന്വേഷണത്വരയെ വാഴ്ത്തപ്പെട്ടവനാക്കാന്‍. ‘സ്ഥലനാമ പഠനങ്ങള്‍’ എന്ന അന്വേഷണാത്മക കൃതി അത്രയേറെ ആഴത്തില്‍ പഠിച്ചശേഷം എഴുതിയ കൃതിയാണെന്നാണ് ചരിത്രകാരന്‍ എംജിഎസ് പറയാറുള്ളത്.
ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ഡിപാര്‍ട്ട്‌മെന്റ് മുറിയില്‍ ഒരിക്കലും വെറുതെ ഇരിക്കാത്ത ഒരധ്യാപകന്‍ എന്നാണ് അദ്ദേഹത്തിന്റെ ശിഷ്യന്‍ തന്നെയായ കല്‍പറ്റ നാരായണന്‍ വിശേഷിപ്പിച്ചത്. ഇങ്ങനെ ജോലി ചെയ്ത അധ്യാപകര്‍ വേറെയുണ്ടാവില്ല.
പുരാതനമായ ചരിത്രരേഖകളോട് നമ്പൂതിരി മാഷ് കാണിച്ച ഭക്തിയും ആദരവും മറ്റൊരു ചരിത്രകാരനും കാണിച്ചുകാണില്ല.
കോഴിക്കോട് പോലുള്ള ഒരു ദേശത്തിന്റെ ഇരുനൂറില്‍പ്പരം ദേശങ്ങളുടെ സൂക്ഷ്മാപഗ്രഥനം നടത്തുകയെന്ന സാഹസത്തിന് ഇനിയൊരാള്‍ മുതിരുകയെന്നത് അസാധ്യമാണ്.
‘അന്വേഷണത്വര’ ഇത്രമാത്രം മറ്റൊരു നാടിനും അവകാശപ്പെടാനാവില്ലെന്ന് അദ്ദേഹം തന്നെ പറയാറുണ്ടായിരുന്നു. പേട്ട, പട്ടി, അങ്ങാടി, പാളയം, ചാപ്പ, മണ്ണ, പൊയില്‍, പുരം, പട്ടണം, പൊറ, കുന്ന്, മണ്ട, പാറ, കാട്, കോട്, പള്ളി, അമ്പലം, പുലം, നഗരം, നാട് എന്നിങ്ങനെയുള്ള സ്ഥലനാമാന്ത്യങ്ങളെക്കുറിച്ച് എത്രനേരം വേണമെങ്കിലും പറയുന്നതില്‍ മാഷിന് ഒരു മടിയുമുണ്ടായിരുന്നില്ല.
എങ്ങനെയാണ് മാഷ് ഇത്രയൊക്കെ വാരിക്കൂട്ടി എഴുതുന്നത് എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞതിങ്ങനെ: ”പഠിക്കാനുള്ള താല്‍പര്യവും ക്ഷമയും സഹകരണ മനോഭാവവും. ഫോക്‌ലോറിസ്റ്റും പുരാവസ്തു പഠിതാവും ഭാഷാശാസ്ത്രജ്ഞനും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പുതിയ മണ്ഡലങ്ങള്‍ തുറന്നിടാനാവും.  പരസ്പര സഹായവും സഹകരണവും മുഖ്യമാണ്. കൂടെ സ്ഥലവാസികളുടെ കളങ്കമറ്റ സഹകരണവും. ഒരു നാടിന്റെ ചരിത്രവും സംസ്‌കാരവും തെളിയാന്‍ വേണ്ടത്ര വക നമ്മുടെ മുമ്പില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്.’
സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് കോഴിക്കോടിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാല്‍ അവിടുത്തെ ചരിത്രം പെട്ടെന്ന് ഓര്‍മയില്‍ ഓടിയെത്തും.
സ്ഥലനാമ പഠനങ്ങള്‍, ഗ്രന്ഥവരി പഠനങ്ങള്‍, നാഗരിക വികാസ പഠനങ്ങള്‍, നിളാനദി പഠനം ഇങ്ങനെ എത്രയെത്ര പഠനങ്ങള്‍. മാമാങ്കരേഖകള്‍, സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, കേരള സംസ്‌കാരം അകവും പുറവും, വെള്ളയുടെ ചരിത്രം, സ്ഥാനാരോഹണ രേഖകള്‍…
ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത് അധ്യാപകനാവാന്‍ മലയാളം എംഎക്കു പഠിച്ച് പിന്നീട് നാടിന്റെ ചരിത്രം രചിക്കാനായിരുന്നു നിയോഗം.
മീഞ്ചന്തയിലെ താമസവും ആര്‍ട്‌സ് കോളജിലെ അധ്യാപനവൃത്തിയും മീഞ്ചന്ത കോവിലകത്തിന്റെ സമീപത്തായതുകൊണ്ടായിരിക്കാം സാമൂതിരി വംശത്തിന്റെ ചരിത്രകാരനായത്.
ഗവേഷണം നമ്പൂതിരി മാഷിന് രക്തത്തിലുള്ളതായിരിക്കണം. വിശദമായ ചരിത്രരേഖകളുടെ ഔചിത്യമാര്‍ന്ന മേളനം അതായിരുന്നു നമ്പൂതിരി രചനകളുടെ  വിശേഷം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss