|    Jan 21 Sat, 2017 7:43 am
FLASH NEWS

ചരക്ക് സേവന നികുതി നിയമം ഗുണം ചെയ്യുമോ?

Published : 5th August 2016 | Posted By: SMR

ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനം രാജ്യത്ത് നിലവില്‍ വരുന്നതിനു വഴിയൊരുക്കുന്ന 122ാം ഭരണഘടനാ ഭേദഗതി ബില്ല് 2014ന് രാജ്യസഭ അംഗീകാരം നല്‍കിയിരിക്കുന്നു. എഐഎഡിഎംകെ ഒഴികെ മിക്കവാറും എല്ലാ കക്ഷികളുടെയും പിന്തുണയോടെയാണ് ബില്ല് രാജ്യസഭ അംഗീകരിച്ചത്. ബില്ല് നേരത്തേ ലോക്‌സഭ അംഗീകരിച്ചിരുന്നുവെങ്കിലും ഭേദഗതികളോടെയാണ് രാജ്യസഭയുടെ അംഗീകാരം.
ജിഎസ്ടി  നിയമം വരുന്നതോടെ ഇന്ത്യ ഒരൊറ്റ വിപണിയായി മാറും. ഭരണഘടനയ്ക്കു കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുവന്ന നികുതി ചുമത്താനുള്ള അധികാരത്തില്‍ മാറ്റം വരും. എല്ലാ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഉപഭോക്താവിന് അടിസ്ഥാനമായി സമാന നിരക്ക് രാജ്യത്ത് നടപ്പാവും.
കേവലം തര്‍ക്കങ്ങള്‍ക്കും സഭാ ബഹിഷ്‌കരണത്തിനും ഉപരി രാജ്യതാല്‍പര്യത്തിനുവേണ്ടി ആവശ്യമെങ്കില്‍ ഒന്നിക്കാന്‍ കഴിയും എന്ന സന്ദേശം നല്‍കാന്‍ ബിജെപിക്കും കോണ്‍ഗ്രസ്സിനും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കും സാധിച്ചിട്ടുണ്ട്. മോദിയും ജെയ്റ്റ്‌ലിയും പ്രതിപക്ഷവുമായി ആലോചിക്കാതെ ബില്ല് നടപ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും ഒന്നും നടക്കുന്നില്ലെന്നു കണ്ടപ്പോഴാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിനകം പുതിയ നികുതിവ്യവസ്ഥ നടപ്പാക്കുമെന്നാണു നിര്‍ദേശം. നികുതിനിരക്ക്, നികുതിവരുമാനം വീതംവയ്ക്കുന്നതിന്റെ അനുപാതം തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമായതിനുശേഷം മാത്രമേ തുടര്‍നടപടികള്‍ സാധ്യമാവൂ. പ്രത്യേക ജിഎസ്ടി കൗണ്‍സില്‍ രൂപീകരിക്കും. കേന്ദ്രത്തിലും സംസ്ഥാനതലത്തിലും ഈ കൗണ്‍സില്‍ രൂപീകരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ സഭകള്‍ അംഗീകരിക്കേണ്ടതുണ്ട്.
1947നു ശേഷമുള്ള ഏറ്റവും സുപ്രധാനമായ പരോക്ഷ നികുതി പരിഷ്‌കരണമാണിത്. രാജ്യമാകെ ഏകീകൃത വിപണിയെന്നതാണ് നേട്ടമായി പറയുന്നത്. ചരക്ക് ലഭ്യതയും സേവനങ്ങളുടെ ലഭ്യതയും സുഗമമാവും, നികുതിവെട്ടിപ്പ് കുറയും, വിവിധ സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്കുകളുടെ നീക്കത്തിലുള്ള തടസ്സം ഒഴിവാകും, ഉല്‍പന്നങ്ങളുടെ വിലവ്യത്യാസം ഒഴിവാക്കും, വളര്‍ച്ചാനിരക്ക് കൂടും എന്നൊക്കെ നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍, എതിര്‍വാദങ്ങളും പ്രസക്തമാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന വിവിധ നികുതികള്‍ക്കു പകരം ഇന്ത്യയിലുടനീളം ചരക്കുകളുടെയും സേവനങ്ങുടെയും ഉല്‍പാദനം, വില്‍പന, ഉപഭോഗം എന്നിവയ്ക്ക് സമഗ്രമായ നികുതി ചുമത്തുന്നതാണ് ബില്ല്. പരോക്ഷ നികുതികള്‍ വര്‍ധിക്കുമെന്നും അത് പാവപ്പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുകയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സമ്പന്നര്‍ക്ക് തുല്യമായി അവരും നികുതി നല്‍കേണ്ടിവരും. ജിഎസ്ടിയില്‍ ചെറുകമ്പനികളും ചെറുകിട-ഇടത്തരം കമ്പനികളും ഞെരിഞ്ഞമരുമെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യന്‍ സമ്പദ്‌രംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയായി ജിഎസ്ടിയെ കാണാനാവില്ല. ആവശ്യമായ തിരുത്തല്‍ നടപടികള്‍ യഥാക്രമം കൈക്കൊള്ളുന്നതിലൂടെ മാത്രമേ            രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താനാവൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക