|    Oct 23 Mon, 2017 4:27 am
Home   >  Todays Paper  >  page 7  >  

ചരക്കു സേവന നികുതി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നേരത്തേ

Published : 29th August 2016 | Posted By: SMR

ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഏപ്രില്‍ ഒന്നിന് തന്നെ ചരക്ക് സേവനനികുതി രാജ്യത്ത് നടപ്പാക്കുന്നതിനുള്ള നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നേരത്തേ തുടങ്ങിയേക്കും. പൂജയുള്‍പ്പെടെയുള്ള ഉല്‍സവകാലം കഴിഞ്ഞയുടന്‍ നവംബര്‍ ഒമ്പതിനോ പത്തിനോ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സാധാരണ നവംബര്‍ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിലാണ് ശീതകാല സമ്മേളനം ആരംഭിക്കുക. സമ്മേളനം നേരത്തേയാക്കിയാല്‍ നവംബര്‍ അവസാനത്തിലോ ഡിസംബര്‍ ആദ്യത്തിലോ കേന്ദ്ര ചരക്കു സേവനനികുതി നിയമവും (സിജിഎസ്ടി) സമഗ്ര ചരക്ക് സേവനനികുതി നിയമവും (ഐജിഎസ്ടി) സഭയ്ക്ക് പാസാക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ പകുതി സംസ്ഥാനങ്ങളെങ്കിലും നിയമം അംഗീകരിച്ചാല്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂ.
അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനകം നിയമം അംഗീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും ഹരിയാനയും അടുത്തുതന്നെ അംഗീകാരം നല്‍കും. സപ്തംബറില്‍തന്നെ പകുതിയിലധികം സംസ്ഥാനങ്ങള്‍ നിയമം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശീതകാല സഭാസമ്മേളനം നേരത്തേയാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ അംഗീകാരത്തിനു ശേഷം കേന്ദ്ര സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ അടങ്ങുന്ന ജിഎസ്ടി കൗണ്‍സില്‍ ചേര്‍ന്ന് നികുതി നിരക്കുകളും നികുതിയില്‍നിന്ന് ഒഴിവാക്കേണ്ട കാര്യങ്ങളുമൊക്കെ തീരുമാനിക്കുമെന്നാണ് അറിയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക